Words can bring together...

Words can bring together...
Moncy Varghese

Thursday, November 30, 2017

ഇലോൺ മസ്ക് (Elon Musk)

*സ്വപ്നം കണ്ട് കോടീശ്വരനായ ഇലോൺ മസ്ക്

~ മോൻസി വർഗീസ്

ഓരോരുത്തർക്കും അവരവരുടേതായ ആഗ്രഹങ്ങളും സ്വപ്നങ്ങളും ഉണ്ട്. ആഗ്രഹങ്ങളും സ്വപ്നങ്ങളും സഫലീകരിക്കുമ്പോഴാണ് വിജയങ്ങളുണ്ടാകുന്നത്. ചിലർ പരിമിതികളുള്ള സ്വപ്നങ്ങൾ കാണുമ്പോൾ മറ്റു ചിലർ അസംഭവ്യം എന്നു തോന്നാവുന്ന സ്വപ്നങ്ങള്‍ കാണുന്നു. ലോകത്ത് മാറ്റങ്ങൾ സംഭവിപ്പിച്ചവരൊക്കെയും അസാധാരണമായ ഉന്നത ചിന്തകൾ ഉള്ളവരായിരുന്നു. സാധാരണ ആളുകൾ തന്നെക്കൊണ്ട് അതു ചെയ്യുവാൻ കഴിയുമോ എന്നു ചിന്തിക്കുമ്പോൾ അസാധാരണ മികവ് പുലർത്തുന്നവർ എന്തുകൊണ്ട് അതു ചെയ്യാൻ കഴിയില്ല എന്നു ചിന്തിക്കുന്നു. മനുഷ്യരെക്കൊണ്ട് ചെയ്യാൻ കഴിയില്ല എന്നു വിശ്വസിച്ചിരുന്ന പല കാര്യങ്ങളും സംഭവ്യമാക്കിയത് തന്റേടത്തോടെ മുന്നിട്ടിറങ്ങിയ ചില അസാധാരണ വ്യക്തിത്വങ്ങളാണ്. അത്തരത്തിലുള്ള ഒരു അസാധാരണ വ്യക്തിത്വമാണ് ഇലോൺ മസ്ക് (Elon Musk).

ഇലോൺ മസ്ക് പറയുന്നതൊക്കെയും ലോകം താൽപര്യപൂർവമാണ് ശ്രവിക്കുന്നത്. കേൾക്കുമ്പോൾ അസാധ്യമെന്നു തോന്നുന്ന കാര്യങ്ങളാണ് അദ്ദേഹം പറയുന്നതെങ്കിലും, പറഞ്ഞ കാര്യങ്ങളൊക്കെയും യാഥാർഥ്യമാക്കിക്കൊണ്ട് ആരെയും അമ്പരപ്പിക്കുന്ന പ്രവർത്തനങ്ങളാണ് ഇലോൺ മസ്ക് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. 2040 ആവുമ്പോൾ ചൊവ്വാ ഗ്രഹത്തിൽ എൺപതിനായിരത്തോളം മനുഷ്യർ വസിക്കുന്ന ഒരു കോളനി നിർമിക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. സാധ്യമാകുമോ എന്ന് പലർക്കും സംശയം തോന്നാമെങ്കിലും ഉന്നതമായ ലക്ഷ്യസാക്ഷാത്കാരത്തിനായുള്ള പ്രാരംഭ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചുകഴിഞ്ഞു.

1971 ജൂൺ 28 ന് സൗത്ത് ആഫ്രിക്കയിൽ ജനിച്ച ഇലോൺ മസ്ക് പിന്നീട് അമേരിക്കയിലെ പെൻസിൽവാനിയ യൂണിവേഴ്സിറ്റിയിൽ നിന്നും ഊർജതന്ത്രത്തിലും ധനതത്വശാസ്ത്രത്തിലും ബിരുദം നേടി. സഹോദരൻ കിംബൽ മസ്കുമൊത്ത് 1995 ൽ ആരംഭിച്ച ഇന്റർനെറ്റ് അധിഷ്ഠിത സേവനങ്ങൾ നൽകുന്ന ZIP2 എന്ന കമ്പനിയിലൂടെ ബിസിനസിലേക്ക് കടന്നു. പിതാവിൽ നിന്നും ലഭിച്ച 28,000 ഡോളർ ഉപയോഗിച്ച് തുടങ്ങിയ കമ്പനി 1999ൽ വിറ്റപ്പോൾ ലഭിച്ചത് 22 മില്യൺ ഡോളറാണ്. പിന്നീടങ്ങോട്ട് വ്യത്യസ്തങ്ങളായ ബിസിനസ് സംരംഭങ്ങളിലൂടെ ഉയർച്ചകളും താഴ്ചകളും താണ്ടിയ ഇലോൺ മസ്ക് ഇന്ന് ലോകത്തെ അതിസമ്പന്നരുടെ പട്ടികയിലാണുള്ളത്. ലോകത്ത് ഏറ്റവും സ്വാധീനമുള്ളവരുടെ ഫോബ്സ് പട്ടികയിൽ ഇലോൺ മസ്ക് 21–ാം സ്ഥാനത്താണ്.

‌ഇലോൺ മസ്ക് തുടക്കംകുറിച്ച സംരംഭങ്ങളായ സ്പേസ് എക്സ് (Space X), ടെസ്‌ല മോട്ടോഴ്സ്, ഹൈപ്പർ ലൂപ്പ്, സോളർ സിറ്റി... തുടങ്ങിയവ ലോകത്തെ തന്നെ മാറ്റിമറിക്കാവുന്ന പദ്ധതികളാണ്. മാനവ രാശിയുടെ ഭാവിക്ക് വിനാശകരമാകുന്ന കാർബൺ പുറംതള്ളലിനെ പരമാവധി കുറയ്ക്കാൻ ഉതകുന്ന ഉൽപന്നങ്ങളും ആശയങ്ങളും അദ്ദേഹം വിഭാവനം ചെയ്തിട്ടുണ്ട്. ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങൾക്ക് ബദലായാണ് അദ്ദേഹം നേതൃത്വം നൽകുന്ന ടെസ്‍ല മോട്ടോഴ്സ് പരിസ്ഥിതി സൗഹൃദങ്ങളായ ഇലക്ട്രിക് കാറുകൾ ഉൽപാദിപ്പിക്കുന്നത്. കൂടുതൽ കമ്പനികൾ ഇലക്ട്രിക് കാർ നിർമാണ മേഖലയിലേക്ക് കടന്നു വരാനായി ടെസ്‍ലയുടെ എല്ലാ കണ്ടു പിടിത്തങ്ങളും ആർക്കും സ്വതന്ത്രമായി ഉപയോഗിക്കാനുള്ള അനുവാദം കൊടുത്തിരിക്കുകയാണ്.

മാനവരാശിക്ക് ഭാവിയിൽ ഉണ്ടാകാവുന്ന വെല്ലുവിളികളെ മുൻകൂട്ടി തിരിച്ചറിയുവാനും അതിനനുസൃതമായ പദ്ധതികൾ രൂപീകരിക്കാനും പ്രാപ്തിയുള്ള ഇയോൺ മസ്കിനെ പോലെയുള്ളവരുടെ സംഭാവനകൾ ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണ്. അസാധ്യമെന്ന് മറ്റുള്ളവർക്കു തോന്നുന്ന കാര്യങ്ങളെക്കുറിച്ച് സ്വപ്നം കാണാൻ കഴിയുന്നവർക്ക് ലോകത്തെ തന്നെ മാറ്റി മറിക്കാൻ കഴിയും. നല്ലൊരു ഭാവിക്കായി നമുക്കും സ്വപ്നം കാണാം.Article published in the Manorama online

Thursday, August 3, 2017

വായിച്ച് വളരാം

                                     

                                       ~ മോൻസി വർഗീസ്

കണ്ണ് തുറന്ന് പിടിച്ച് സ്വപ്നം കാണുന്ന ഒരു പ്രക്രിയയാണ് വായന. ലോക ചരിത്രത്തിൽ ഇടം നേടിയ മഹത്തുക്കളൊക്കെയും വായനയിലൂടെ വളർന്നവരാണ്. ഈ ഒരു ശീലം ആർജ്ജിച്ചവരുടെ ജീവിതത്തിലെ ഓരോ നിമിഷങ്ങളും സജീവമായിരിക്കും.

‘‘വായിച്ചാൽ വളരും, വായിച്ചില്ലെങ്കിലും വളരും, വായിച്ചാൽ വിളയും, വായിച്ചില്ലെങ്കിൽ വളയും’’ എന്ന കുഞ്ഞുണ്ണി മാഷിന്റെ കവിത കേൾക്കാത്ത മലയാളികൾ ഉണ്ടാവില്ല. ചൈനക്കാർ ലോകത്തിന് സമ്മാനിച്ച ഏറ്റവും വലിയ സംഭാവനയാണ് കടലാസിന്റെ കണ്ടുപിടിത്തം. പതിനഞ്ചാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ജോഹന്നാസ് ഗുട്ടൻബർഗ് അച്ചടി യന്ത്രം വികസിപ്പിച്ചെടുത്തതോടെ പുസ്തകങ്ങളും അവയിലൂടെ പ്രചരിച്ച അറിവുകളും ആശയങ്ങളുമൊക്കെ ലോകത്തിന്റെ ഗതിവിഗതികളെ മാറ്റിമറിച്ചു. ആശയസമ്പാദനത്തിന് നിരവധി മാർഗങ്ങൾ ഉണ്ടെങ്കിലും വായനയിലൂടെ ലഭിക്കുന്ന ആനന്ദം ഒന്നു വേറെതന്നെയാണ്. വായനയെ പ്രോൽസാഹിപ്പിക്കുന്ന കാര്യത്തിൽ മലയാളി എന്നും മുൻപന്തിയിലാണ്.

വായനകൊണ്ടുള്ള പ്രയോജനങ്ങളും അതിന്റെ പ്രസക്തിയും പ്രചരിപ്പിച്ചിരുന്ന ആളാണ് ഇംഗ്ലിഷ് എഴുത്തുകാരനായ ജോസഫ് ആഡിസൺ. പതിനേഴാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിൽ ജോസഫ് ആഡിസൺ പറഞ്ഞു: ‘‘ശരീരത്തിന് വ്യായാമമെന്നതുപോലെ മനസ്സിന്റെ വ്യായാമമാണ് വായന. ഒരു നല്ല ജീവിതം നയിക്കാൻ ആവശ്യമായ അടിസ്ഥാനപരമായ ആയുധമാണ് വായന’’.

എന്ത് വായിക്കുന്നു എന്നതല്ല വായിച്ചതിലൂടെ നമുക്ക് എന്ത് ലഭിച്ചു എന്നതിനാണു പ്രാധാന്യം. ചില വായന നമുക്ക് അറിവ് നൽകും. മറ്റു ചില വായനകളിലൂടെ നമുക്ക് പ്രചോദനമോ ആനന്ദമോ ലഭിക്കാം. എന്തായാലും ആസ്വദിച്ചുള്ള വായന മസ്തിഷ്കത്തിനുള്ള ഒരു വ്യായാമം തന്നെയാണ്. പുസ്തകങ്ങളെക്കുറിച്ച് സർ ഫ്രാൻസിസ് ബക്കൺ പറഞ്ഞത് വളരെ പ്രസിദ്ധമാണ്. ‘‘ചില പുസ്തകങ്ങൾ രുചിക്കാനുള്ളവയാണ്, മറ്റു ചിലവ വിഴുങ്ങാനുള്ളവയാണ്, എന്നാൽ ചുരുക്കം ചിലവ അയവിറക്കി ദഹിപ്പിക്കാനുള്ളവയാണ്’’. വായിക്കാനുള്ള താൽപര്യമില്ലാത്തത് അലസതയുടെയും മടിയുടെയും ലക്ഷണമാണ്. ഏതെങ്കിലും ഒരു വിഷയത്തോടെങ്കിലും താൽപര്യമില്ലാത്ത ആരും ഉണ്ടാകാനിടയില്ല. താൽപര്യമുള്ള വിഷയം സംബന്ധിച്ച ഗ്രന്ഥങ്ങൾ വായിച്ച് തുടങ്ങുന്നവർക്ക് പടി പടിയായി അതൊരു ശീലമാക്കാം. തന്നെയുമല്ല ആ വിഷയത്തിൽ അവർക്കൊരു വിദഗ്ദ്ധനുമാകാൻ കഴിയും.

വായനയോടുള്ള താൽപര്യം കൊണ്ടു മാത്രമാണ് നിങ്ങൾ ഈ ലേഖനം വായിക്കുന്നത്. വായിക്കുന്ന ശീലം നിലനിർത്താൻ കഴിയണം. ലോകപ്രസിദ്ധരായ വിജ്ഞാനികളൊക്കെയും മണിക്കൂറുകളോളം തുടർച്ചയായി വായിക്കുന്ന ശീലമുള്ളവരായിരുന്നു. ദിവസേന പതിനെട്ട് മണിക്കൂറോളം വായിച്ചിരുന്ന ഡോക്ടർ ബി.ആർ. അംബേദ്കർ തന്നെയാണ് അതിന് ഉത്തമ ഉദാഹരണം.

ചില ലോകോത്തര ഗ്രന്ഥങ്ങൾ ആളുകളെ വായനയിലേയ്ക്ക് ആകർഷിച്ചിട്ടുണ്ട്. പ്രചോദനാത്മക ഗ്രന്ഥങ്ങളുടെ ശ്രേണിയിൽ ലോകത്ത് ഏറ്റവും അധികം ആളുകൾ വായിച്ചിട്ടുള്ളത് നെപ്പോളിയൻ ഹിൽ എഴുതിയ ' തിങ്ക് ആൻഡ് ഗ്രോ റിച്ച് ' Think and Grow Rich, ആണ്. ജീവിത വിജയം നേടിയ നാൽപ്പത് സമ്പന്നരുടെ വിജയരഹസ്യത്തെക്കുറിച്ച് പ്രതിപാദിക്കുന്നതാണ് ഈ ഗ്രന്ഥം. നോവലിലൂടെ ഏറെ ആളുകളെ പ്രചോദിപ്പിച്ച വിഖ്യാത ഗ്രന്ഥമാണ് ബ്രസീലുകാരനായ പൗലോ കൊയ്ലയുടെ 'ദി ആൽക്കെമിസ്റ്റ് ' (The Alchemist). അമേരിക്കൻ എഴുത്തുകാരി മാർഗരറ്റ് മിച്ചൽ ജീവിതത്തിൽ ഒരേ ഒരു നോവലേ എഴുതിയിട്ടുള്ളൂ 'ഗോൺ വിത്ത് ദി വിൻഡ്' (Gone with the wind). 1936 ൽ പുറത്തിറങ്ങിയ ഈ നോവലാണ് ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ വായിച്ച നോവലായി കണക്കാക്കിയിട്ടുള്ളത്. ഈ നോവലിനെ ആസ്പദമാക്കി 1939 ൽ പുറത്തിറങ്ങിയ സിനിമയും എക്കാലത്തെയും മികച്ച ഹോളിവുഡ് ഹിറ്റുകളിൽ ഒന്നാണ്. ആൻ ഫ്രാങ്കിന്റെ ഡയറിയും ഏറെ വായനക്കാരെ സൃഷ്ടിച്ചതാണ്.

നിത്യവും കുറച്ചു സമയം വായനക്കായി മാറ്റിവയ്ക്കുക. എപ്പോഴും ഒരു ഗ്രന്ഥം കയ്യിൽ കരുതാൻ ശ്രദ്ധിക്കുക. വായിക്കാൻ താൽപര്യമുള്ള ഗ്രന്ഥങ്ങളുടെ ഒരു പട്ടിക തയാറാക്കുക. ഓരോ ഗ്രന്ഥങ്ങളുടെയും പ്രാധാന്യം അനുസരിച്ചുള്ള പരിഗണന നൽകുക. പ്രശാന്തമായ അന്തരീക്ഷം എപ്പോഴും വായനയെ ഉദ്ദീപിപ്പിക്കും. വായനയ്ക്ക് തടസ്സമാകാവുന്ന ഘടകങ്ങളെ ഒഴിവാക്കി നിർത്തുക. ടെലിവിഷൻ, ഇന്റർനെറ്റ്...തുടങ്ങിയവ വായനയ്ക്ക് ഭംഗം വരുത്തുന്നവയാണ് എന്ന് മനസിലാക്കുക. ആരോഗ്യമുള്ള ശരീരത്തിൽ ആരോഗ്യമുള്ള മനസ്സ് എന്നതുപോലെ ആരോഗ്യമുള്ള മനസ്സിന് വായനയുടെ പിൻബലം ഉണ്ടാവണം

📔📕📗📘📙📚📖📜📃📄

Tuesday, May 30, 2017

ഭയത്തെ അതിജീവിക്കുക

ഭയത്തെ അതിജീവിച്ച ഡിസറേലി

~ മോൻസി വർഗീസ്
--------------------------------------------------


1804 ൽ ഇംഗ്ലണ്ടിലെ ഒരു ജൂത കുടുംബത്തിൽ പിറന്ന ബഞ്ചമിൻ ഡിസറേലി പഠനത്തിൽ ബഹു സമർഥൻ ആയിരുന്നു. എന്നാൽ സഭാ കമ്പവും ഭയവും ആശങ്കകളുമൊക്കെ ബഞ്ചമിനെ അലട്ടിയിരുന്നു. തന്റെ ആഴത്തിലുള്ള അറിവും ചിന്തകളും ജനങ്ങളുമായി പങ്കുവയ്ക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നില്ല. എന്തെങ്കിലും സംസാരിക്കാൻ അവസരം കിട്ടുമ്പോഴൊക്കെ ഒരു വാക്കും ഉരിയാടാനാവാതെ വിയർത്തൊലിക്കേണ്ടി വരുന്ന അവസ്ഥ. തന്റെ അറിവിന്റെ പിൻബലത്തിൽ നിരവധി പദവികൾ അദ്ദേഹത്തെ തേടിയെത്തിയെങ്കിലും ഭയം മൂലം ഒന്നിലും തിളങ്ങാൻ കഴിഞ്ഞിരുന്നില്ല. 1837 ൽ വിക്ടോറിയൻ ഭരണ കാലത്ത് പാർലമെന്റ് അംഗമായി അദ്ദേഹത്തെ തിരഞ്ഞെടുത്തു. എന്നാൽ പാർലമെന്റ് അംഗം എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ആദ്യ പ്രസംഗം തന്നെ കയ്പ്പ് നിറഞ്ഞ അനുഭവമായിരുന്നു. മറ്റുള്ളവരുടെ പരിഹാസങ്ങളുടെയും ബഹളങ്ങളുടെയും ഇടയിൽ ഒന്നും സംസാരിക്കാനാവാതെ അദ്ദേഹം തളർന്നു. എന്നാൽ അൽപം ധൈര്യം സംഭരിച്ച ഡിസറേലി ഇത്രമാത്രം പറഞ്ഞു. ‘ഒരു വലിയ പരാജയത്തോടെ ഞാൻ തുടങ്ങുകയാണ്. എന്നാൾ നാളെകളിൽ എന്റെ പ്രസംഗത്തിനായി നിങ്ങൾ കാതോർത്തിരിക്കും’ ഈ പ്രസ്താവന അദ്ദേഹം അക്ഷരാർഥത്തിൽ പ്രായോഗികമാക്കി. ഒരു നല്ല പ്രഭാഷകനാകണം എന്ന ഇച്ഛാശക്തിയോടെ പരിശീലനങ്ങളിലൂടെ ആത്മവിശ്വാസം നേടിയ ഡിസറേലി പിന്നീട് ലോകോത്തര പ്രഭാഷകനായി 1874ൽ ബ്രിട്ടിഷ് പ്രധാനമന്ത്രി പദത്തിൽ എത്തിയ ബഞ്ചമിൻ ഡിസറേലിയുടെ പ്രഭാഷണങ്ങൾ ശ്രവിക്കാൻ ജനലക്ഷങ്ങൾ തടിച്ചുകൂടുമായിരുന്നു. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളിൽ പറഞ്ഞ വാക്കുകൾ ഇന്നും ലോക പ്രശസ്ത ഉദ്ധരണികളാണ്.

ഇച്ഛാശക്തിയോടെ പ്രവർത്തിച്ചാൽ എന്തിനോടുമുള്ള ഭയത്തെ അതിജീവിക്കാം എന്നതിന് ഉത്തമോദാഹരണമാണ് ബഞ്ചമിൻ സിഡറേലി. ഭയം മനസിന്റെ സൃഷ്ടിയാണ്. നാം ചെയ്തിട്ടില്ലാത്ത കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുമ്പോൾ സ്വാഭാവികമായും ഭയമുണ്ടാകും. എന്നാൽ അതേ കാര്യം പലതവണ ചെയ്യുന്നതിലൂടെ ഭയത്തെ അതിജീവിക്കാൻ കഴിയും. തന്നെകൊണ്ട് കഴിയില്ല എന്ന ചിന്തയും തെറ്റായ മുൻവിധിയുമൊക്കെയാണ് ഭയത്തിനു കാരണം. എന്തിനോടൊക്കെയോയുള്ള ഭയമാണ് പലപ്പോഴും വിജയത്തിനു തടസമാകുന്നത്. സ്വസ്ഥമായിരുന്നൊന്ന് ആലോചിച്ചാൽ മനസിലാകും വളരെ നിസാരങ്ങളായ കാര്യങ്ങളെയാണ് നാം ഭയപ്പെടുന്നതെന്ന്. നാം ചെയ്യുന്ന എല്ലാ പ്രവർത്തനങ്ങളുടെയും ഫലം ശുഭകരമാകണമെന്നില്ല. എന്നാൽ ഭയം മൂലം പ്രവർത്തിക്കാതിരുന്നാൽ ഒരിക്കലും ശുഭകരമായ ഫലം ലഭിക്കുകയില്ല. പേടിച്ച് പിൻമാറാതെ പേടിക്കുന്ന കാര്യം ചെയ്ത് പേടി ഇല്ലാതാക്കുക. ഏറ്റവും മോശം ഫലം ലഭിച്ചാലും അതിനെ നേരിടാനുള്ള തയാറെടുപ്പോടെ, ശുഭാപ്തി വിശ്വാസത്തോടെ, തന്റെടത്തോടെ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യുക വിജയം ഉറപ്പാണ്.

Moncy Varghese


Wednesday, May 24, 2017

Profile of Moncy Varghese

Graduate in Physics
Post Graduate Diploma in Marketing Management
Diploma in Automobile Engineering
Certified trainer of Jaycees International

Conducted over 3000 HRD trainings all over India and abroad.

Founder and Secretary of Dr. Sukumar Azhikode Foundation.

Worked as Insurance Surveyor and Asst. Revenue Inspector of Kerala State Revenue Department.

Achieved many awards as outstanding public speaker and trainer

Author of well accepted books in Malayalam ,'vijayayathra' വിജയ യാത്ര and 'nethavakan jethavakan' നേതാവാകാൻ ജേതാവാകാൻ

Columnist in Manorama'thozhilveedhi' and Manorama online


Resides at Kangazha in Kottayam District, Kerala with wife Nimmi and Kids Namitha and Milan

Mobile : +919446066314

moncyvarghesek@gmail.com


അറിയുക കാൻഡി ലൈറ്റ്നറുടെ പോരാട്ടത്തിന്റെ കഥ


ചിലരുടെ ജീവിതത്തിലുണ്ടാകുന്ന തിക്താനുഭവങ്ങളും ദുരന്തങ്ങളുമൊക്കെ പിന്നീടവരെ കൂടുതൽ കരുത്തരാക്കിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിലെ വർണവിവേചനത്തിന്റെ ക്രൂരതകളും കെടുതികളും നേരിട്ട് അനുഭവിച്ച മഹാത്മാ ഗാന്ധി അതിനെതിരേ പ്രതികരിച്ചതിലൂടെയാണ്  ലോകാരാധ്യനായ ഒരു നേതാവായി ഉയർന്നത്. സാഹചര്യങ്ങൾ നമ്മെ കരുത്തരാക്കാം അല്ലെങ്കിൽ ദുർബലരാക്കാം. ഓരോ അവസ്ഥകളോടുമുള്ള പ്രതികരണമാണ് ഓരോ വ്യക്തികളെയും വ്യത്യസ്തരാക്കുന്നത്. ജീവിതത്തിൽ അനുഭവിച്ച ദുരന്തങ്ങളെ ഓർത്ത് ദുഃഖിച്ചിരിക്കാതെ, താൻ അനുഭവിച്ച ദുരന്തം മറ്റൊരാൾ ഇനി അനുഭവിക്കാൻ പാടില്ല എന്ന ദൃഢനിശ്ചയത്തോടെ മാറ്റങ്ങൾക്കായി നിലപാടുകളെടുത്ത ഒരു മഹദ് വ്യക്തിയാണ് കാൻഡി ലൈറ്റ്‌നർ (Candy Lightner). MAAD അഥവാ Mothers Against Drunk Driving എന്ന മഹത്തായ സംഘടനയുടെ രൂപീകരണത്തിലൂടെയാണ്  കാൻഡി ലൈറ്റ്നർ ശ്രദ്ധേയയായത്.
1980 മേയ് മൂന്നിനാണ് ലൈറ്റ്നറുടെ ജീവിതത്തെ തകിടംമറിച്ച ആ ദുരന്തമുണ്ടായത്. ലൈറ്റ്നറുടെ പതിമൂന്നുകാരിയായ  മകൾ കാരി തെരുവോരത്തുകൂടി  നടന്നുപോകുമ്പോൾ അതിവേഗതയിൽ പാഞ്ഞുവന്ന ഒരു കാർ കാരിയെ ഇടിച്ചു തെറിപ്പിച്ചിട്ട് നിർത്താതെ ഓടിച്ചുപോയി. അപകട സ്ഥലത്തുവച്ച് കാരി മരണപ്പെട്ടു. നിർത്താതെ പോയ കാർ പിന്നീട് പൊലീസ് പിടികൂടി. വാഹനം ഓടിച്ചിരുന്ന ക്ലാരൻസ് വില്യം ബുഷ് അമിതമായി മദ്യപിച്ചിരുന്നു. ലൈറ്റ്നറുടെ ജീവിതത്തിൽ ഇതിനു മുൻപും വാഹനാപകടം മൂലം ദുരന്തങ്ങൾ ഉണ്ടായിട്ടുണ്ട്. കാരിയുടെ സഹോദരി സെറീനയ്ക്ക് 18 മാസം പ്രായമുള്ളപ്പോൾ ഒരു അപകടം സംഭവിച്ചിരുന്നു. കൂടാതെ കാരിയുടെ സഹോദരൻ ട്രാവിസിന് നാലു വയസ് പ്രായമുള്ളപ്പോൾ ഉണ്ടായ അപകടത്തെ തുടർന്ന് ശരീരം തളർന്നുപോയിരുന്നു. ലൈറ്റ്നറുടെ ജീവിതത്തിൽ സംഭവിച്ച എല്ലാ ദുരന്തങ്ങൾക്കും കാരണം മദ്യപിച്ചുള്ളവരുടെ  ഡ്രൈവിങ്ങായിരുന്നു. ഇക്കാരണത്താൽ ഇനിയൊരു ദുരന്തം സംഭവിക്കാതിരിക്കാനായി അമ്മമാരെ ചേർത്ത് ചെറിയ രീതിയിൽ ആരംഭിച്ച MAAD ന് ഇന്ന് അമേരിക്കയിലും മറ്റു യൂറോപ്യൻ രാജ്യങ്ങളിലുമായി അറുനൂറിലേറെ ശാഖകളുണ്ട്.
വ്യക്തിസ്വാതന്ത്ര്യം കൂടുതലുള്ള അമേരിക്കയിൽ മദ്യപിച്ച് വാഹനം ഓടിക്കുന്നവർക്ക് വലിയ ശിക്ഷകൾ ഇല്ലാതിരുന്ന കാലമായിരുന്നു അത്. ഡ്രൈവർക്ക് ഉപയോഗിക്കാവുന്ന  മദ്യത്തിന്റെ അളവ് മറ്റ് ഏതൊരു രാജ്യത്തേക്കാൾ കൂടുതലായിരുന്നു അമേരിക്കയിൽ. എന്നാൽ, ഇതിന്റെ ദുരിതഫലം അനുഭവിച്ചിരുന്നതോ നിരപരാധികളായ ആളുകളും. 1980 ൽ മാത്രം 2,40,000 ആളുകളാണ് മദ്യപിച്ചുള്ള വാഹനാപകടം മൂലം അമേരിക്കയിൽ മരിച്ചത്. ഈ അവസ്ഥയ്ക്കെതിരേ പ്രതികരിക്കാൻ കാൻഡി ലൈറ്റ്നർ മുൻപിട്ടിറങ്ങി. അമേരിക്കയുടെ ഭരണ സിരാകേന്ദ്രമായ ക്യാപിറ്റോൾ ഹില്ലിലേക്ക് കേവലം 20 പേരടങ്ങുന്ന ഒരു സംഘത്തെ നയിച്ച് പ്രതിഷേധ പ്രകടനം നടത്തി. രണ്ടു മാസത്തിനുള്ളിൽ ഇരുനൂറ് ആളുകളെ ചേർത്ത് വൈറ്റ് ഹൗസിലേക്ക് റാലി നടത്തി. പടിപടിയായി ലൈറ്റ്നർ മുന്നോട്ടുവച്ച ആശയത്തോട് കൂടുതൽ ആളുകൾ ആകൃഷ്ടരായി. സമരത്തെ തകർക്കാനായി മദ്യ വിപണനക്കാരുടെ ലോബി ശക്തമായി ശ്രമിച്ചെങ്കിലും അതിനെയൊക്കെ അതിജീവിച്ച് വിജയം നേടാൻ ലൈറ്റ്നറുടെ ഉദ്ദേശ ശുദ്ധിക്കു കഴിഞ്ഞു.
21 വയസിൽ താഴെയുള്ളവർ മദ്യം ഉപയോഗിക്കാനോ അവർക്കു മദ്യം നൽകാനോ പാടില്ല എന്ന നിയമം 1984 ൽ നടപ്പിലാക്കാൻ ഈ സംഘടനയ്ക്കു കഴിഞ്ഞു. ഡ്രൈവർക്ക് ഉപയോഗിക്കാവുന്ന മദ്യത്തിന്റെ തോത് കുറച്ചുകൊണ്ട് അമേരിക്കയിൽ നിയമ നിർമാണം നടന്നു. നാനൂറിലേറെ നിയമ ഭേദഗതികൾ കൊണ്ടുവരാനായതിലൂടെ മദ്യപാനം മൂലമുണ്ടാകുന്ന വാഹനാപകടങ്ങളുടെ  തോത് ഗണ്യമായി കുറയ്ക്കാൻ കഴിഞ്ഞു. കാൻഡി ലൈറ്റ്നർ എഴുതിയ Giving Sorrow Words: How to Cope with Grief and Get on with Your Life  എന്ന ഗ്രന്ഥം ദുരന്തങ്ങൾ അനുഭവിക്കുന്നവ‍ർക്ക് ആശ്വാസം പകരാനും ധൈര്യസമേതം ജീവിതത്തിലേക്ക് തിരികെ വരാനും പ്രചോദനം നൽകുന്നതാണ്. ‘‘മരണം സംഭവിക്കുമ്പോൾ മാത്രമാണ് ജീവിതത്തിന്റെ വില എന്താണെന്നു നാം തിരിച്ചറിയുന്നത്’’– ലൈറ്റ്നർ പറയുന്നു. ഓരോ ജീവിത സാഹചര്യത്തോടും നല്ല രീതിയിൽ  പ്രതികരിക്കാനുള്ള സന്ദേശങ്ങൾ നൽകിക്കൊണ്ട് കാൻഡി ലൈറ്റ്നർ സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളിൽ നിറഞ്ഞുനിൽക്കുന്നു.


മോൻസി വർഗീസ്സൗഹൃദംവ്യക്തികള്‍ തമ്മിലുള്ള ഊഷ്മളബന്ധങ്ങളെയാണ് സൗഹൃദം (Friendship) എന്നു വിളിക്കാറുള്ളത്. മനുഷ്യന്‍ ഒരു സാമൂഹ്യജീവിയെന്ന നിലക്ക് നല്ല സൗഹൃദബന്ധങ്ങള്‍ ജീവിതത്തില്‍ സന്തോഷവും ആനന്ദവും പ്രദാനം ചെയ്യുന്നു. കൊച്ചുകുട്ടികളില്‍ നിന്ന് തുടങ്ങി വാര്‍ദ്ധക്യത്തിലെത്തി നില്‍ക്കുന്നവര്‍ക്ക് വരെ സുഹൃദ്ബന്ധങ്ങ  ഒഴിച്ചു കൂടാനാവാത്തത് അതു കൊണ്ടാണ്. പുരുഷന്മാര്‍ പരസ്പരവും സ്ത്രീകള്‍ പരസ്പരവും സ്ത്രീകളും പുരുഷന്മാരും തമ്മിലും സൗഹൃദ ബന്ധങ്ങളുണ്ടാവാറുണ്ട്. ചെറിയ പുഞ്ചിരിയില്‍ നിന്ന് തുടങ്ങുന്ന ബന്ധങ്ങള്‍ ചിലരിലെങ്കിലും ഒരിക്കലും വേർപ്പെടുത്താനാവാത്ത വിധം രൂഢമൂലമാവാറുണ്ട്. എല്ലാത്തിലും മിതത്വം അനിവാര്യമാണെന്ന പോലെ സൗഹൃദങ്ങളിലും ഇത് സ്വീകരിക്കാവുന്നതാണ്.
ഒരു കാലഘട്ടത്തില്‍ നമ്മുടെ നാട്ടില്‍ നിരവധി സൌഹൃദ സംഗമങ്ങളും കൂട്ടയ്മകളും ഉണ്ടായിരുന്നു. വൈകുന്നെരങ്ങളില്‍ സുഹൃതുകള്‍ ഒന്നിച്ചുള്ള കളികളും തമാശകളും നാട്ടില്‍ പതിവ് കാഴ്ച ആയിരുന്നു. എന്നാല്‍ ഇന്ന് അതൊക്കെ ഇല്ലാതായിരിക്കുന്നു. കാപട്യങ്ങളുടെ ഒരു ലോകത്തു സൗഹൃദം പലപ്പോഴും കാര്യ സാധ്യത്തിനുള്ള അഭിനയമായി മാറുന്നു.
നല്ല സൌഹൃദത്തിന്റെ അടിസ്ഥാനം പരസ്പര ധാരണയും വിശ്വാസവും ആണ്. നല്ല ഒരു ശ്രോതാവിന് മാത്രമേ മറ്റുള്ളവരെ മനസിലാക്കാന്‍ കഴിയൂ. മറ്റുള്ളവരുടെ ആശയങ്ങളും അഭിപ്രായങ്ങളും കേള്‍ക്കാനും മാനിക്കാനും ഒരു നല്ല സുഹൃത്തിനു കഴിയണം.
ആധുനിക ലോകത്തു സൌഹൃദ ബന്ധങ്ങള്‍ പരിമിതപ്പെട്ടു വരുന്നു. ആര്‍ക്കും ഒന്നിനും സമയമില്ല. എന്തിനോക്കെയോ വേണ്ടിയുള്ള ഓട്ടത്തിലാണ്. അതിനിടെയില്‍ നല്ല സൌഹൃദങ്ങള്‍ ഉണ്ടാക്കുവാന്‍ എവിടാനു സമയം?
ഞാന്‍ എന്ന ഭാവം ഉള്ളവര്‍ക്ക് ഒരിക്കലും നല്ല സുഹൃത്ത ആകാന്‍  കഴിയില്ല. ഓരോ വ്യക്തിക്കും അവരവരുടേതായ പ്രാധാന്യമുണ്ട്. ഓരോരുത്തര്‍ക്കും അവരുടെതായ പോരായ്മകളും ഉണ്ട്. എല്ലാം തികഞ്ഞ ഒരു സുഹൃത്തിനെ നമുക്ക് പ്രതീക്ഷിക്കാന്‍ കഴിയില്ല.
ഇന്ന് ബന്ധങ്ങള്‍ സൃഷ്ടിക്കുവാനും പുതുക്കുവാനുമൊക്കെ  Facebook, Twitter തുടങ്ങിയ സൊഷ്യല്‍ വെബ്‌ സൈറ്റ്കല്‍ ഉണ്ട്. എന്നിരുന്നാലും അവയ്ക്കൊന്നും നേരിട്ടുള്ള സൌഹൃദത്തിന്റെ ഊഷ്മളത പങ്കു വയ്ക്കാന്‍ കഴിയില്ല.
ജനിച്ചു വീഴുമ്പോള്‍ മുതല്‍ മരണപ്പെടുന്ന സമയം വരെ പരസഹായം വേണ്ട ഒരേ ഒരു ജീവി ആണ് മനുഷ്യന്‍. അതിനാല്‍ നല്ല കൂട്ടുകാര്‍ നമുക്ക് നല്ലൊരു ബലമാണ്.
“നിങ്ങള്‍ എന്റെ പിന്നില്‍ നടക്കരുത്, എനിക്ക് നയിക്കാന്‍ കഴിഞ്ഞു എന്ന് വരില്ല, എന്റെ മുമ്പിലും നടക്കരുത്, എനിക്ക് നല്ലൊരു അനുയായി ആകാന്‍ കഴിഞ്ഞു എന്ന് വരില്ല, എന്നാല്‍ എന്റെ കൂടെ നടക്കൂ എനിക്ക് നല്ലൊരു സുഹൃത്ത ആകാന്‍ കഴിയും” പ്രസിദ്ധ ചിന്തകനായ Albert Camus ന്റെ വാക്കുകളാണിത്.
ആവശ്യത്തിന് ഉത്തകുന്നവനാണ് യഥാര്‍ത്ഥ സുഹൃത്ത്‌. ഒരു നിമിഷം ഒന്ന് ചിന്തിച്ചു നോക്കൂ. നിങ്ങളുടെ ജീവിത പ്രതിസന്ധികളില്‍ നിങ്ങളെ സഹായിച്ച സുഹൃത്തുക്കളെ നന്ദിയോടെ സ്മരിക്കൂ.
ഒരു സുഹൃത്തില്‍ നിന്നും നിങ്ങള്‍ പ്രതീക്ഷിക്കുന്നതൊക്കെ അങ്ങോട്ടും കൊടുക്കാന്‍ തയ്യാറാകണം.   
ജീവിത പങ്കാളിയെ നല്ലൊരു സുഹൃത്ത ആക്കാന്‍ കഴിയാത്തതാണ് പല ദാമ്പത്യ പ്രശ്നങ്ങളുടെയും അടിസ്ഥാന കാരണം. 

Thursday, February 14, 2013

സൗഹൃദം


 
സൗഹൃദം

വ്യക്തികള്‍ തമ്മിലുള്ള ഊഷ്മളബന്ധങ്ങളെയാണ് സൗഹൃദം (Friendship) എന്നു വിളിക്കാറുള്ളത്. മനുഷ്യന്‍ ഒരു സാമൂഹ്യജീവിയെന്ന നിലക്ക് നല്ല സൗഹൃദബന്ധങ്ങള്‍ ജീവിതത്തില്‍ സന്തോഷവും ആനന്ദവും പ്രദാനം ചെയ്യുന്നു. കൊച്ചുകുട്ടികളില്‍ നിന്ന് തുടങ്ങി വാര്‍ദ്ധക്യത്തിലെത്തി നില്‍ക്കുന്നവര്‍ക്ക് വരെ സുഹൃദ്ബന്ധങ്ങ  ഒഴിച്ചു കൂടാനാവാത്തത് അതു കൊണ്ടാണ്. പുരുഷന്മാര്‍ പരസ്പരവും സ്ത്രീകള്‍ പരസ്പരവും സ്ത്രീകളും പുരുഷന്മാരും തമ്മിലും സൗഹൃദ ബന്ധങ്ങളുണ്ടാവാറുണ്ട്. ചെറിയ പുഞ്ചിരിയില്‍ നിന്ന് തുടങ്ങുന്ന ബന്ധങ്ങള്‍ ചിലരിലെങ്കിലും ഒരിക്കലും വേര്‍പ്പെടുത്താനാവാത്ത വിധം രൂഢമൂലമാവാറുണ്ട്. എല്ലാത്തിലും മിതത്വം അനിവാര്യമാണെന്ന പോലെ സൗഹൃദങ്ങളിലും ഇത് സ്വീകരിക്കാവുന്നതാണ്.

ഒരു കാലഘട്ടത്തില്‍ നമ്മുടെ നാട്ടില്‍ നിരവധി സൌഹൃദ സംഗമങ്ങളും കൂട്ടയ്മകളും ഉണ്ടായിരുന്നു. വൈകുന്നെരങ്ങളില്‍ സുഹൃതുകള്‍ ഒന്നിച്ചുള്ള കളികളും തമാശകളും നാട്ടില്‍ പതിവ് കാഴ്ച ആയിരുന്നു. എന്നാല്‍ ഇന്ന് അതൊക്കെ ഇല്ലാതായിരിക്കുന്നു. കാപട്യങ്ങളുടെ ഒരു ലോകത്തു സൗഹൃദം പലപ്പോഴും കാര്യ സാധ്യത്തിനുള്ള അഭിനയമായി മാറുന്നു.

നല്ല സൌഹൃദത്തിന്റെ അടിസ്ഥാനം പരസ്പര ധാരണയും വിശ്വാസവും ആണ്. നല്ല ഒരു ശ്രോതാവിന് മാത്രമേ മറ്റുള്ളവരെ മനസിലാക്കാന്‍ കഴിയൂ. മറ്റുള്ളവരുടെ ആശയങ്ങളും അഭിപ്രായങ്ങളും കേള്‍ക്കാനും മാനിക്കാനും ഒരു നല്ല സുഹൃത്തിനു കഴിയണം.

ആധുനിക ലോകത്തു സൌഹൃദ ബന്ധങ്ങള്‍ പരിമിതപ്പെട്ടു വരുന്നു. ആര്‍ക്കും ഒന്നിനും സമയമില്ല. എന്തിനോക്കെയോ വേണ്ടിയുള്ള ഓട്ടത്തിലാണ്. അതിനിടെയില്‍ നല്ല സൌഹൃദങ്ങള്‍ ഉണ്ടാക്കുവാന്‍ എവിടാനു സമയം?

ഞാന്‍ എന്ന ഭാവം ഉള്ളവര്‍ക്ക് ഒരിക്കലും നല്ല സുഹൃത്ത ആകാന്‍  കഴിയില്ല. ഓരോ വ്യക്തിക്കും അവരവരുടേതായ പ്രാധാന്യമുണ്ട്. ഓരോരുത്തര്‍ക്കും അവരുടെതായ പോരായ്മകളും ഉണ്ട്. എല്ലാം തികഞ്ഞ ഒരു സുഹൃത്തിനെ നമുക്ക് പ്രതീക്ഷിക്കാന്‍ കഴിയില്ല.

ഇന്ന് ബന്ധങ്ങള്‍ സൃഷ്ടിക്കുവാനും പുതുക്കുവാനുമൊക്കെ  Facebook, Twitter തുടങ്ങിയ സൊഷ്യല്‍ വെബ്‌ സൈറ്റ്കല്‍ ഉണ്ട്. എന്നിരുന്നാലും അവയ്ക്കൊന്നും നേരിട്ടുള്ള സൌഹൃദത്തിന്റെ ഊഷ്മളത പങ്കു വയ്ക്കാന്‍ കഴിയില്ല.

ജനിച്ചു വീഴുമ്പോള്‍ മുതല്‍ മരണപ്പെടുന്ന സമയം വരെ പരസഹായം വേണ്ട ഒരേ ഒരു ജീവി ആണ് മനുഷ്യന്‍. അതിനാല്‍ നല്ല കൂട്ടുകാര്‍ നമുക്ക് നല്ലൊരു ബലമാണ്.

“നിങ്ങള്‍ എന്റെ പിന്നില്‍ നടക്കരുത്, എനിക്ക് നയിക്കാന്‍ കഴിഞ്ഞു എന്ന് വരില്ല, എന്റെ മുമ്പിലും നടക്കരുത്, എനിക്ക് നല്ലൊരു അനുയായി ആകാന്‍ കഴിഞ്ഞു എന്ന് വരില്ല, എന്നാല്‍ എന്റെ കൂടെ നടക്കൂ എനിക്ക് നല്ലൊരു സുഹൃത്ത ആകാന്‍ കഴിയും” പ്രസിദ്ധ ചിന്തകനായ Albert Camus ന്റെ വാക്കുകളാണിത്.
ആവശ്യത്തിന് ഉത്തകുന്നവനാണ് യഥാര്‍ത്ഥ സുഹൃത്ത്‌. ഒരു നിമിഷം ഒന്ന് ചിന്തിച്ചു നോക്കൂ. നിങ്ങളുടെ ജീവിത പ്രതിസന്ധികളില്‍ നിങ്ങളെ സഹായിച്ച സുഹൃത്തുക്കളെ നന്ദിയോടെ സ്മരിക്കൂ.
ഒരു സുഹൃത്തില്‍ നിന്നും നിങ്ങള്‍ പ്രതീക്ഷിക്കുന്നതൊക്കെ അങ്ങോട്ടും കൊടുക്കാന്‍ തയ്യാറാകണം.   
ജീവിത പങ്കാളിയെ നല്ലൊരു സുഹൃത്ത ആക്കാന്‍ കഴിയാത്തതാണ് പല ദാമ്പത്യ പ്രശ്നങ്ങളുടെയും അടിസ്ഥാന കാരണം. 

എന്റെ ബാല്യകാല സുഹൃത്ത്‌ നാണുവുമൊത്തുള്ള സൌഹൃദ നിമിഷങ്ങള്‍