Words can bring together...

Words can bring together...
Moncy Varghese

Saturday, April 22, 2023

സ്റ്റാൻഫോർഡ് സർവ്വകലാശാലയുടെ കഥ

 


വിശ്വവിഖ്യാതരായ നിരവധി പ്രതിഭകളെ വാർത്തെടുത്ത സർവകലാശാലയാണ് സ്റ്റാൻഫോർഡ് .. തുടർന്ന് വായിക്കുക 💚👇

Read more at:

 https://www.manoramaonline.com/education/expert-column/be-positive/2018/12/19/stanford-university.html


✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨

മരപ്പണിയിൽ നിന്നും മഹാനടനിലേക്ക് ഉയർന്ന ഹാരിസ്സൺ ഫോർഡ് (Harrison Ford)

 


ആറു ദശാബ്ദങ്ങളോളം ഹോളിവുഡ് സൂപ്പർതാരമായി പ്രേക്ഷക ഹൃദയം കീഴടക്കിയ അപൂർവ്വം വ്യക്തിത്വങ്ങളിൽ ഒരാളാണ് ഹാരിസൺ ഫോർഡ് . സ്റ്റാർ വാർസ് സിനിമകളിലൂടെ സൂപ്പർതാരമായ ഹാരിസൺ ഇന്ത്യാനാ ജോൺസ് സീരീസ് സിനിമകളിലൂടെ ലോകമെമ്പാടും കോടാനുകോടി ആരാധകരെ സൃഷ്ടിച്ചു. സാമൂഹ്യ വിഷയങ്ങളിൽ സജീവമായി ഇടപെടുന്ന അദ്ദേഹത്തിന് അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ് അടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. പാരിസ്ഥിതിക വിഷയങ്ങളിൽ അദ്ദേഹം നൽകിയ സംഭാവനകളെ മാനിച്ച് രണ്ട് ജീവിവർഗ്ഗത്തിന് അദ്ദേഹത്തിൻറെ പേര് നൽകിയിട്ടുണ്ട്. 1993 കണ്ടെത്തിയ ഒരു ചിലന്തി വർഗ്ഗത്തിന് Calponia harrisonfordi എന്നും 2002 കണ്ടെത്തിയ ഒരു പുതിയ ഉറുമ്പ് വർഗ്ഗത്തിന് Pheidole harrisonfordi എന്നും നാമകരണം ചെയ്തിട്ടുണ്ട്.

1992 മുതൽ പരിസ്ഥിതി സംരക്ഷണത്തിനായി വാദിക്കുന്ന ഹാരിസൺ ഫോർഡ് 28 രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന കൺസർവേഷൻ ഇൻറർനാഷണൽ എന്ന പാരിസ്ഥിതിക സംഘടനയുടെ ഉപാധ്യക്ഷൻ ആണ് . ഈ സംഘടന 77 രാജ്യങ്ങളിലെ ആറ് ദശലക്ഷത്തോളം കിലോമീറ്റർ വരുന്ന കരയിലെയും കടലിലെയും പാരിസ്ഥിതിക സംരക്ഷണ പ്രവർത്തനങ്ങൾക്ക് സഹായം നൽകി വരുന്നു. ആമസോൺ മഴക്കാടുകളുടെ വ്യാപകമായ നശീകരണത്തിനെതിരെ 2019 ൽ ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ സമ്മേളനത്തിൽ ഹാരിസൺ ഫോർഡ് നടത്തിയ പ്രഭാഷണം ലോക ശ്രദ്ധ ആകർഷിച്ചതാണ്. അതിശക്തമായ ഭാഷയിൽ ആയിരുന്നു അദ്ദേഹത്തിൻറെ പ്രതികരണം.

സ്കൂൾ പഠനകാലത്ത് സ്കൗട്ട് പ്രസ്ഥാനത്തിൽ സജീവമായി പ്രവർത്തിച്ചിരുന്ന ഫോർഡ് ഈ സംഘടനയുടെ ഉന്നത പദവികൾ വഹിച്ചിരുന്നു. തന്റെ വ്യക്തിത്വ രൂപീകരണത്തിനും നേതൃത്വശേഷി വികസിപ്പിക്കുന്നതിനും സ്കൗട്ട് പ്രസ്ഥാനത്തിലെ അനുഭവപരിചയം ഏറെ സഹായകമായി എന്ന് അദ്ദേഹം പറയുന്നു. ഇന്ത്യാന ജോൺസ് ആൻഡ് ലാസ്റ്റ് ക്രൂസേഡ് (1989) എന്നാൽ ചിത്രത്തിൽ ഇന്ത്യ ജോൺസിന്റെ ചെറുപ്പകാലം ഒരു സ്കൗട്ട് ലീഡർ ആയാണ് സംവിധായകൻ സ്റ്റീവൻ സ്പിൽബർഗ് അവതരിപ്പിക്കുന്നത്. കോളേജ് പഠനകാലത്ത് നാണവും സഭാകമ്പവും മാറുന്നതിനായാണ് നാടക ക്ലാസുകളിൽ ചേരുന്നത്. പിന്നീട് അദ്ദേഹം അഭിനയം തൻറെ തൊഴിലായി തിരഞ്ഞെടുത്തു.

1964 ൽ ഇരുപത്തിരണ്ടാമത്തെ വയസ്സിൽ ലോസ് ഏഞ്ചൽസിൽ എത്തിയ അദ്ദേഹം റേഡിയോ നിലയങ്ങളിൽ തൊഴിൽ തേടിയെങ്കിലും നിരാശയായിരുന്നു ഫലം. പരിശ്രമങ്ങൾക്കൊടുവിൽ കൊളംബിയ പിച്ചേഴ്സ് 150 ഡോളർ ആഴ്ച വേതനത്തിന് അപ്രധാന റോളുകളിൽ പ്രത്യക്ഷപ്പെടുന്ന എക്സ്ട്രാ നടൻറെ ജോലി നൽകി. വല്ലപ്പോഴും സ്ക്രീനിൽ വന്നു പോകുന്ന അപ്രധാന റോളുകളിൽ ആയിരുന്നു ആദ്യകാലത്തെ അഭിനയം . 1966 ൽ മാത്രമാണ് സംഭാഷണം ഉള്ള ഒരു ചെറിയ റോൾ ലഭിക്കുന്നത്. 1973 വരെയുള്ള അഭിനയ കാലത്ത് ആകെപ്പാടെ ലഭിച്ചത് ആറു സിനിമയിലെ വേഷങ്ങൾ മാത്രം. ഇക്കാലയളവിൽ ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന കുടുംബത്തെ പോറ്റാൻ അദ്ദേഹം നന്നേ ക്ലേശിച്ചു. വരുമാനമാർഗ്ഗത്തിനായി ഫോർഡ് മരപ്പണി പഠിച്ച് കുറേക്കാലം കാർപെന്ററായി ജോലി ചെയ്തു. അതിനിടെ സംവിധായകൻ ജോർജ് ലൂക്കാസിനെ പരിചയപ്പെടാൻ ഇടയായത് കരിയറിൽ ഒരു വഴിത്തിരിവിന് ഇടയായി. ലൂക്കാസിന്റെ അമേരിക്കൻ ഗ്രാഫിറ്റി (1973) എന്ന സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചതോടെ അവർ തമ്മിൽ ആത്മ മിത്രങ്ങളായി. പിന്നീട് 1977 ൽ പുറത്തിറങ്ങിയ സ്റ്റാർ വാർസ് മുതൽ ഇവർ ഒരുമിച്ച ചിത്രങ്ങൾ ഒക്കെയും ലോകോത്തര ഹിറ്റുകളായി മാറി. സ്റ്റാർ വാർസ് എക്കാലത്തെയും മികച്ച കളക്ഷൻ നേടിയ ചിത്രങ്ങളിൽ ഒന്നാണ്. 

1981 ൽ ഫിലിപ്പ് കൗമാനും ജോർജ് ലൂക്കാസും ചേർന്ന് കഥ എഴുതി സ്പിൽബർഗ് സംവിധാനം ചെയ്ത റേഡേഴ്സ് ഓഫ് ലോസ്റ്റ് ആർക്ക് എന്ന ആക്ഷൻ അഡ്വഞ്ചർ ചിത്രത്തിലെ ഇന്ത്യാനാ ജോൺസ് എന്ന കഥാപാത്രം സിനിമയുടെ ചരിത്രത്തിൽ തന്നെ ഏറെ ഖ്യാതി നേടിയ ഹീറോയാണ്. നിരവധി നോവലുകളും കോമിക്കുകളും വീഡിയോ ഗെയിമുകളും ഈ കഥാപാത്രത്തെ കേന്ദ്രീകരിച്ച് പിന്നീട് പുറത്തിറങ്ങി. ഹാരിസൺ ഫോർഡ് നായകനായി ഈ ചിത്രത്തിൻറെ തുടർച്ചയായി പുറത്തിറങ്ങിയ എല്ലാ ഭാഗങ്ങളും ലോകമെമ്പാടും വമ്പൻ ജനപ്രീതി നേടി.


Moncy Varghese Kottayam

(9446066314)



Tuesday, April 11, 2023

അൽ പച്ചിനോ (Al Pacino) എന്ന അഭിനയ വിസ്മയം

ഇരുപതാം നൂറ്റാണ്ട് കണ്ട ഏറ്റവും സ്വാധീനമുള്ള നടന്മാരിൽ ഒരാളാണ് അൽ പച്ചിനോ (Al Pacino). വിഖ്യാതമായ എച്ച്. ബി സ്റ്റുഡിയോയിൽ നിന്നും ആക്ടേഴ്സ് സ്റ്റുഡിയോയിൽ നിന്നും അഭിനയത്തിൽ പരിശീലനം നേടിയതിനു ശേഷമാണ് അൽ പച്ചീനോ സിനിമാഭിനയം തുടങ്ങുന്നത്. ഫ്രാൻസിസ് ഫോർഡ് കൊപ്പോളയുടെ പ്രശസ്ത ചലച്ചിത്രം ഗോഡ് ഫാദറിലെ (1972) മൈക്കിൾ കോർലിയോൺ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് അൽ പച്ചിനോ പ്രശസ്തിയിലേക്ക് ഉയരുന്നത്. ഇതേ കഥാപാത്രത്തെ ഗോൾഡ് ഫാദറിന്റെ രണ്ടും മൂന്നും പാർട്ടുകളിലും (1974, 1990) അദ്ദേഹം അവതരിപ്പിച്ചു.

ഇറ്റാലിയൻ അമേരിക്കൻ മാതാപിതാക്കളുടെ മകനായി 1940 ഏപ്രിൽ 25ന് ന്യൂയോർക്കിൽ ജനനം. അദ്ദേഹത്തിന് രണ്ടു വയസ്സുള്ളപ്പോൾ മാതാപിതാക്കൾ വേർപിരിഞ്ഞു. പിന്നീട് അമ്മയുടെ മാതാപിതാക്കളുടെ സംരക്ഷണത്തിലായിരുന്നു. സ്കൂൾ പഠനകാലത്ത് ഒരു ബേസ്ബോൾ കളിക്കാരൻ ആകണം എന്നായിരുന്നു ആഗ്രഹം. പഠനത്തിൽ പിന്നിലായിരുന്ന അൽ പച്ചീനോ ഇംഗ്ലീഷ് ഒഴികെ മറ്റെല്ലാ വിഷയങ്ങൾക്കും പതിവായി തോൽക്കുമായിരുന്നു. എന്നാൽ അഭിനയത്തിൽ മിടുക്കനായിരുന്നു പച്ചീനോയ്ക്ക് ഹൈസ്കൂൾ ഓഫ് പെർഫോമിങ് ആർട്സിൽ പ്രവേശനം ലഭിച്ചു. മകൻ അഭിനയം പഠിക്കാൻ പോകുന്നത് അമ്മയ്ക്ക് ഇഷ്ടമായിരുന്നില്ല. അമ്മയുമായി കലഹിച്ച് വീടുവിട്ടിറങ്ങിയ ചെറുകിട ജോലികൾ ചെയ്തു കൊണ്ട് അഭിനയം പരിഗീലിക്കാനുള്ള പണം കണ്ടെത്തി. 

പിതാവിൻറെ സംരക്ഷണം ഇല്ലാതെ, മാതാവിനെ അനുസരിക്കാതെ വളർന്ന പച്ചിനോ ചെറുപ്പം മുതലേ വഴിപിഴച്ച ജീവിതമാണ് നയിച്ചു വന്നത്. കേവലം 9 വയസ്സ് മാത്രം ഉള്ളപ്പോൾ പുകവലിയും മദ്യപാനവും തുടങ്ങി. അതുകൂടാതെ കഞ്ചാവ് വലിക്കുന്ന ശീലവും. സ്കൂളിൽ ഒരു പ്രശ്നക്കാരൻ ആയ വിദ്യാർത്ഥിയായിരുന്നു പച്ചിനോ . തൻറെ ഉറ്റ മിത്രങ്ങൾ മയക്കുമരുന്ന് ദുരുപയോഗത്തെ തുടർന്ന് 19 ആമത്തെയും 31മത്തെയും വയസ്സിൽ മരണപ്പെട്ടത് അയാൾക്ക് ഒരു ആഘാതം ആയിരുന്നു. മയക്കുമരുന്ന് ഉപയോഗത്തിൽ നിന്നും വിട്ടുനിൽക്കാൻ ഇതൊരു പ്രേരണ ആയി . എന്നാൽ 1977 വരെ അയാൾ ഒരു സ്ഥിരം മദ്യപാനി ആയിരുന്നു. മദ്യപാനം മൂലം താൻ അനുഭവിച്ച ഒരു വിഷമഘട്ടം വർഷങ്ങൾക്ക് ശേഷം അദ്ദേഹം വിവരിക്കുകയുണ്ടായി. 1973 ൽ സെർപിക്കോ എന്ന ചിത്രത്തിലെ അഭിനയത്തിന് പച്ചിനോക്ക് മികച്ച നടനുള്ള ഓസ്കാർ നോമിനേഷൻ ലഭിച്ചു. അവാർഡ് ദാന ചടങ്ങിന് എത്തിയ അദ്ദേഹംതനിക്ക് അവാർഡ് ലഭിച്ചാൽ വേദിയിൽ എങ്ങനെ കയറി നിൽക്കും എന്ന ഭയപ്പാടിൽ ആയിരുന്നു. മദ്യപിച്ച് യാതൊരു വെളിവും ബോധവുമില്ലാതെ ആയിരുന്നു ആ ചടങ്ങിൽ എത്തിയിരുന്നത്. എന്നാൽ അന്ന് മികച്ച നടനുള്ള അവാർഡ് ലഭിച്ചത് വിഖ്യാത നടൻ ജാക്ക് ലമോണിന് ആയിരുന്നു. അത്യാഹ്ലാദത്തോടെ ഏറ്റവും വലിയ കരഘോഷം മുഴക്കിയത് താനായിരുന്നു എന്ന് പിന്നീട് പച്ചിനോ പറഞ്ഞു. വലിയ ഒരു ദുരന്ത ഘട്ടം ഒഴിവായതിന്റെ ആഹ്ലാദ പ്രകടനം ആയിരുന്നു അത്. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ദൂഷ്യവശങ്ങൾ തിരിച്ചറിഞ്ഞ അദ്ദേഹം പിന്നീട് അതിൽ നിന്നും പൂർണമായും വിമുക്തനായി.

1962 ൽ തൻറെ 22 മത്തെ വയസ്സിൽ മാതാവും മുത്തച്ഛനും മരിച്ചതോടെ പച്ചിനോ അനാഥത്വത്തിന്റെ ഭാരം താങ്ങിയായിരുന്നു ജീവിച്ചിരുന്നത്. സ്റ്റേജും അഭിനയവും ആയിരുന്നു അയാൾക്ക് ആശ്വാസവും സംതൃപ്തിയും നൽകിയിരുന്നത്. എച്ച് ബി സ്റ്റുഡിയോയിലെ നാലുവർഷത്തെ പഠനത്തിനു ശേഷം ആക്ടേഴ്സ് സ്റ്റുഡിയോയിൽ അംഗത്വം ലഭിച്ചു. പ്രൊഫഷണൽ നടന്മാരുടെയും സംവിധായകരുടെയും നാടക രചയിതാക്കളുടെയും സംഘടനയാണ് ആക്ടേഴ്സ് സ്റ്റുഡിയോ . ആക്ടേഴ്സ് സ്റ്റുഡിയോയിലെ അംഗത്വം കൂടുതൽ അവസരങ്ങൾ ലഭിക്കാൻ ഇടയാക്കി. പ്രശസ്ത അഭിനയപരിശീലകൻ സ്ട്രാസ് ബർഗിന്റെ ശിക്ഷണത്തിൽ മെത്തേഡ് ആക്റ്റിങ്ങിൽ പച്ചിനോ വിദഗ്ധനായി. അദ്ദേഹത്തിൻറെ അഭിനയ ജീവിതത്തിൽ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തിയാണ് സ്ട്രാസ്ബർഗ് . 

അഭിനയ കളരികളിലൂടെ നടനത്തിൻറെ മർമ്മമറിഞ്ഞ പച്ചിനോ നാടകങ്ങളിലൂടെ സ്റ്റേജുകളിലെ താരമായി. ചലച്ചിത്ര രംഗത്ത് സൂപ്പർ താരമായി അറിയപ്പെടുമ്പോഴും നാടകങ്ങളിലും ടെലിവിഷൻ സീരിയലുകളിലും അദ്ദേഹം അഭിനയിച്ചു. അഭിനയത്തോടുള്ള ഭ്രമമാണ് പച്ചിനോയെ സൂപ്പർതാരം ആക്കിയത്. ചലച്ചിത്ര അഭിനയരംഗത്തു നിന്നും ഏറ്റവും മികച്ച നടനുള്ള ഓസ്കാർ പുരസ്കാരം നേടിയത് പോലെ നാടക രംഗത്തെ ഓസ്കാർ എന്നറിയപ്പെടുന്ന ടോണി അവാർഡ് രണ്ടു തവണയും ടെലിവിഷൻ രംഗത്തെ പരമോന്നത പുരസ്കാരമായ എമ്മി അവാർഡ് രണ്ടുതവണയും നേടിയെടുത്ത് " ട്രിപ്പിൾ ക്രൗൺ ഓഫ് ആക്ടിംഗ് " കരസ്ഥമാക്കിയ അപൂർവം ചില പ്രതിഭകളിൽ ഒരാളാണ് അദ്ദേഹം. അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് അടക്കം നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. 9 ഓസ്കാർ നോമിനേഷനുകളും 19 ഗോൾഡൻ ഗ്ലോബ് നോമിനേഷനുകളും ലഭിച്ച പച്ചിനോ ഒരു ബാഫ്ത പുരസ്കാരവും രണ്ട് സ്ക്രീൻ ആക്ടേഴ്സ് ഗിൽഡ് പുരസ്കാരങ്ങളും കരസ്ഥമാക്കി. 1967 മുതൽ 1970 വരെ പ്രൊഫഷണൽ നാടകവേദികളിൽ സജീവമായിരുന്ന അദ്ദേഹത്തിന് 1969ലും 1970 ലും തുടർച്ചയായി രണ്ട് ടോണി പുരസ്കാരങ്ങൾ ലഭിച്ചു.

1969ൽ ' മീ നതാലി ' എന്ന ചിത്രത്തിലെ ഒരു ചെറു റോളിലൂടെയാണ് സിനിമാ അഭിനയരംഗത്ത് എത്തുന്നത്. 1971 ൽ ' പാനിക്ക് ഇൻ നീഡിൽ പാർക്ക് ' എന്ന ചിത്രത്തിൽ ഒരു മയക്കുമരുന്ന് അടിമയായ ഒരു ചെറുപ്പക്കാരന്റെ വേഷം തകർത്തഭിനയിച്ച പച്ചിനോയുടെ അഭിനയം വിഖ്യാത സംവിധായകനായ ഫ്രാൻസിസ് ഫോർഡ് കൊപ്പോളയുടെ ശ്രദ്ധയിൽപ്പെട്ടു. എക്കാലത്തെയും വിശ്വവിഖ്യാത ചലച്ചിത്രമായ ഗോഡ് ഫാദറിലേക്ക് വഴിയൊരുങ്ങിയത് അങ്ങനെയാണ്. അതുല്യ നടൻ മർലണ് ബ്രാണ്ടോയ്ക്കൊപ്പം മൈക്കിൾ കൊർലിയൺ എന്ന കഥാപാത്രമായി തകർത്ത് അഭിനയിച്ച പച്ചീനോ ഈ ചിത്രത്തിലൂടെ സൂപ്പർ താരമായി. അക്കാലത്തെ മികച്ച പല നടന്മാരെയും മൈക്കിൾ കൊർലിയൺ എന്ന കഥാപാത്രത്തിന് വേണ്ടി പരിഗണിച്ചിരുന്നു എങ്കിലും സംവിധായകനായ കെപ്പോളക്ക് പച്ചീനോയിൽ ആയിരുന്നു വിശ്വാസം. ഹോളിവുഡ് സിനിമ ചരിത്രത്തിലെ ഏറ്റവും മികച്ച ചില അഭിനയ മുഹൂർത്തങ്ങൾ ആയിരുന്നു പച്ചീനോ ഈ ചിത്രത്തിലൂടെ ചലച്ചിത്ര പ്രേമികൾക്ക് സമ്മാനിച്ചത്. ഗോഡ് ഫാദർ സിനിമയിൽ പച്ചീനോ അവതരിപ്പിച്ച കഥാപാത്രത്തെ അനുകരിച്ചാണ് തങ്ങൾ നടന്മാരായതെന്ന് പിന്നീട് പല ഹോളിവുഡ് താരങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്. ഗോഡ് ഫാദറിലെ അഭിനയത്തിന് ഏറ്റവും മികച്ച സഹനടനുള്ള ഓസ്കാർ നോമിനേഷൻ ലഭിച്ചു എങ്കിലും അദ്ദേഹം പുരസ്കാര ചടങ്ങ് ബഹിഷ്കരിച്ചു. തന്നെ ഏറ്റവും മികച്ച നടനായി പരിഗണിക്കേണ്ടതിനു പകരം സഹനടനായി മാത്രം പരിഗണിച്ചതിലുള്ള പ്രതിഷേധം മൂലമായിരുന്നു ആ ബഹിഷ്കരണം. 

1973ല്‍ ജീന്‍ ഹാക്മാന് ഒപ്പം അഭിനയിച്ച ' സ്കെയർ ക്രോ ' കാൻ ചലച്ചിത്രോത്സവത്തിലെ മികച്ച ചിത്രമായി. അതേ വർഷം അഭിനയിച്ച സെർപിക്കോ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ഓസ്കാർ നോമിനേഷൻ ലഭിച്ചു. 9 തവണ ഓസ്കാർ നോമിനേഷനുകൾ ലഭിച്ചുവെങ്കിലും 1992 ൽ പുറത്തിറങ്ങിയ സെൻറ് ഓഫ് എ വുമൺ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അദ്ദേഹത്തിന് ഏക ഓസ്കാർ പുരസ്കാരം ലഭിക്കുന്നത്. അന്ധനായ ഒരു ആർമി ലഫ്റ്റനന്റ് ആയാണ് അദ്ദേഹം ഈ ചിത്രത്തിൽ അഭിനയിച്ചത്. 1969ൽ സിനിമയിൽ അഭിനയിച്ചു തുടങ്ങുന്നത് മുതൽ പലതവണ ഉയർച്ച താഴ്ചകളിലൂടെ ആയിരുന്നു അദ്ദേഹത്തിൻറെ കരിയർ മുമ്പോട്ട് പോയത്.

അഞ്ചു പതിറ്റാണ്ടുകൾ ഏറെയുള്ള അഭിനയ ജീവിതത്തിനിടയിൽ നിരവധി അവിസ്മരണീയ കഥാപാത്രങ്ങളെയാണ് അദ്ദേഹം സൃഷ്ടിച്ചിട്ടുള്ളത്. ഗോഡ് ഫാദറിന്റെ മൂന്നു പാർട്ടുകളിലായി തിളങ്ങിയ മൈക്കിൾ കൊർലിയൻ തന്നെയാണ് അതിൽ പ്രമുഖം. 1974ലെ ഗോഡ് ഫാദറിന്റെ രണ്ടാം പാട്ടിലൂടെ മൂന്നാമത്തെയും 1975 ൽ ഡോഗ് ഡേ ആഫ്റ്റർനൂൺ എന്ന ചിത്രത്തിലൂടെ നാലാമത്തെയും ഓസ്കാർ നോമിനേഷനുകൾ ലഭിച്ചു. ഒരു ബാങ്ക് കൊള്ളക്കാരന്റെ വേഷമായിരുന്നു ഡോഗ് ഡേ ആഫ്റ്റർ നൂൺ എന്ന ചിത്രത്തിൽ അദ്ദേഹം അവതരിപ്പിച്ചത്. ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ളതായിരുന്നു ഈ ചിത്രം . 1979 ൽ ആൻഡ് ജസ്റ്റിസ് ഫോർ ഓൾ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള അടുത്ത ഓസ്കാർ നോമിനേഷൻ അദ്ദേഹത്തെ തേടിയെത്തി. പിന്നീട് 1983ല്‍ പുറത്തിറങ്ങിയ സ്കാർഫേസ് എന്ന സൂപ്പർ ചിത്രം പുറത്തിറങ്ങും വരെ പച്ചിനോ അഭിനയിച്ച ചിത്രങ്ങളൊക്കെയും വൻ പരാജയം ഏറ്റുവാങ്ങി. ടോണി മൊണ്ടാന എന്ന ക്യൂബൻ മയക്കുമരുന്ന് അധോലോക നായകനെ ത്രസിപ്പിക്കുന്ന പ്രകടനങ്ങളിലൂടെ വെള്ളിത്തിരയിൽ അവിസ്മരണം ആക്കിക്കൊണ്ട് സ്കാർഫേസ് കളക്ഷൻ റെക്കോർഡുകൾ സൃഷ്ടിച്ചു. എന്ത് ക്രൂരതയും ചെയ്യാൻ അറപ്പും മടിയുമില്ലാത്ത നായക കഥാപാത്രത്തെ തേടിയെത്തിയത് ഗോൾഡൻ ഗ്ലോബ് പുരസ്കാരം ആയിരുന്നു.

 റവല്യൂഷൻ(1985) എന്ന സിനിമ ഒരു വമ്പൻ പരാജയമായതോടെ പിന്നീടുള്ള നാലു വർഷക്കാലം അദ്ദേഹം സിനിമയിൽ നിന്നും വിട്ടു നിന്നു . എന്നാൽ ഈ കാലയളവിൽ അദ്ദേഹം നാടകരംഗത്ത് സജീവമാവുകയും തൻറെ പ്രതിഭ മാറ്റുരച്ചടുക്കുകയും ചെയ്തു. അഭിനയിക്കാൻ സിനിമ തന്നെ വേണം എന്ന് നിർബന്ധമൊന്നും അദ്ദേഹത്തിനില്ലായിരുന്നു. നാലുവർഷത്തെ ഇടവേളയ്ക്കുശേഷം 1989 ൽ ' സീ ഓഫ് ലവ് ' എന്ന വിജയ ചിത്രത്തിലൂടെ അദ്ദേഹം സിനിമയിലേക്ക് മടങ്ങി എത്തി. പിന്നീട് തുടർച്ചയായ വിജയ ചിത്രങ്ങളിലൂടെ അദ്ദേഹം തൻറെ ്് സജീവസാന്നിദ്ധ്യം ഹോളിവുഡിൽ ഉറപ്പിച്ചു. ഡിക്ക് ട്രേസി (1990) ഹീറ്റ് (1995) ഡോണി ബ്രാസ്ക്കോ (1997) ഡെവിൾസ് അഡ്വക്കേറ്റ് (1997) ഇൻസോമിനിയ (2000) ഓഷ്യൻസ് 13 (2007) ജാക്ക് ആൻഡ് ജില്‍ (2011) തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെയുള്ള ഒരു ജൈത്രയാത്രയായിരുന്നു പിന്നീട് . 

പച്ചിനോക്ക് ഒപ്പമുള്ള അഭിനയം സഹതാരങ്ങൾക്ക് പോലും ആവേശമാണ്. ജോണി ഡപ്പ് അടക്കം നിരവധി താരങ്ങൾ ആരാധനയോടെ കാണുന്ന അനുകരണീയ നടനാണ് പച്ചിനോ . 1997 ൽ ഡോണി ബ്രാസ്കോ എന്ന ചിത്രത്തിൽ പച്ചിനോ ഒത്തുള്ള അഭിനയ അനുഭവങ്ങൾ ഏറെ ആദരവോടും അഭിമാനത്തോടെയും ആണ് ഡെപ്പ് സ്മരിക്കാറുള്ളത്.

 2019 ൽ ബ്രാഡ് പിറ്റിനും ഡികാപ്രിയോക്കും ഒപ്പം വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ് എന്ന ചിത്രത്തിലും അതേ വർഷം റോബർട്ട് ഡിനീറോയ്ക്കും ജോ പെസിക്കുമോപ്പം ഐറിഷ് മാനിലും അഭിനയിച്ചു. ഇവ രണ്ടും മികച്ച പ്രേക്ഷക പ്രശംസ നേടിയ ചിത്രങ്ങൾ ആയിരുന്നു. യു ഡോണ്ട് നോ ജാക്ക് (2010) ഫിൽ സ്പെക്ടർ (2013) പറ്റേർണോ (2018) എന്നീ ടെലിവിഷൻ സിനിമകളിലും അദ്ദേഹം മികച്ച അഭിനയം കാഴ്ചവച്ചു.

അവിവാഹിതനായ പച്ചിനോ തന്റെ സ്വകാര്യ ജീവിതം മാധ്യമങ്ങൾക്കു മുമ്പിൽ വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത വ്യക്തിയാണ്. ആർഭാട ജീവിതത്തിൽ തീരെ താൽപര്യം ഇല്ലാത്ത അദ്ദേഹത്തിൻറെ എക്കാലത്തെയും വലിയ പ്രണയം അഭിനയത്തോട് മാത്രമാണ്.


~ മോൻസി വർഗ്ഗീസ് കോട്ടയം

               (9446066314)

Sunday, April 9, 2023

ലിയനാർഡോ ഡി കാപ്രിയോ (Leonardo Decaprio) എന്ന അസാധാരണ വ്യക്തിത്വം

 


ടൈറ്റാനിക് എന്ന സിനിമയിലെ പ്രധാന കഥാപാത്രമായ ജാക്കിനെ അവതരിപ്പിച്ച ലിയണാൾഡോ ഡികാപ്രിയോ എന്ന ഹോളിവുഡ് സൂപ്പർ താരത്തെ അറിയാത്ത സിനിമാ ആസ്വാദകർ ഉണ്ടാവില്ല. നടൻ നിർമ്മാതാവ് എന്ന നിലകളിൽ പ്രശസ്തനായ അദ്ദേഹം ലോകം അറിയപ്പെടുന്ന ഒരു പരിസ്ഥിതി പ്രവർത്തകൻ കൂടിയാണ്. മികച്ച നടനുള്ള ഓസ്കാർ പുരസ്കാരം അടക്കം നിരവധി ബഹുമതികൾ നേടിയ ഡിക്കാപ്രിയോ എക്കാലത്തെയും മികച്ച ഹോളിവുഡ് സൂപ്പർ താരങ്ങളിൽ ഒരാളാണ്. ലോകത്ത് ഏറ്റവും അധികം പ്രതിഫലം പറ്റുന്ന താരങ്ങളുടെ പട്ടികയിൽ പല തവണ ഇടം നേടിയ ഡിക്കാപ്രിയോ പ്രൊഫഷണലിസത്തിന്റെ ഉത്തമ മാതൃകയാണ്. അർപ്പണ മനോഭാവത്തോടെയുള്ള ആത്മാർത്ഥമായ പ്രയത്നമാണ് അയാളെ വിജയസോപാനത്തിൽ എത്തിച്ചത്. ഓരോ കഥാപാത്രങ്ങളെയും മികവുറ്റതാക്കാൻ അദ്ദേഹം നടത്തുന്ന ശ്രമങ്ങൾ ലോകോത്തര സംവിധാന പ്രതിഭകളുടെ സിനിമകളിൽ  അഭിനയിക്കാനുള്ള അവസരം അദ്ദേഹത്തിന് നേടിക്കൊടുത്തു. ജെയിംസ് കാമറൂണും സ്റ്റീഫൻ സ്പിൽബർഗും ക്രിസ്റ്റഫർ നോളനും മാർട്ടിൻ സ്കോർസസും അടക്കമുള്ള സൂപ്പർ സംവിധായകരുടെ ഇഷ്ട നടനാണ് ഡികാപ്രിയോ .

ഇറ്റലിയിലെ ഫ്ലോറൻസിൽ ഉള്ള ആർട്ട് മ്യൂസിയത്തിൽ ലിയനാർഡോ ഡാവിഞ്ചിയുടെ ചിത്രം ആസ്വദിച്ചുകൊണ്ടിരുന്ന ഇർമെലിന്റെ ഉദരത്തിൽ ഉണ്ടായിരുന്ന കുഞ്ഞ് കാൽ കൊണ്ട് ചവിട്ടുന്നതായി അനുഭവപ്പെട്ടു. അങ്ങനെയാണ് കുഞ്ഞിന് ലിയനാർഡോ എന്ന പേര് നൽകാൻ ഇടയായത്. പിതാവ് ജോർജ് ഡിക്കാപ്രിയോ ഒരു ചിത്രകാരനായിരുന്നു. കോമിക് പുസ്തകങ്ങളുടെ രചനയും പബ്ലിഷിങ്ങും വില്പനയും ആയിരുന്നു അദ്ദേഹത്തിൻറെ തൊഴിൽ . 1974 നവംബർ 11 ന് ലോസ് ആഞ്ചലസിലാണ് ലിയനാർഡോ ഡികാപ്രിയോയുടെ ജനനം. ജനിച്ചതും വളർന്നതും സിനിമ നിർമ്മാണങ്ങളുടെ കേന്ദ്രമായ നഗരത്തിൽ ആയതിനാൽ ചെറുപ്പം മുതൽക്കുതന്നെ സിനിമയുമായി ബന്ധപ്പെടാൻ അയാൾക്ക് അവസരം ലഭിച്ചു. ലിയനാർഡോ കളിക്കുഞ്ഞ് ആയിരുന്ന കാലത്ത് തന്നെ മാതാപിതാക്കൾ നിയമപരമായി വിവാഹബന്ധം വേർപെടുത്തി. അതോടെ വളരെ കഷ്ടപ്പെട്ടാണ് മാതാവ് തൻറെ  ഏക മകനെ വളർത്തിയിരുന്നത്. സ്കൂൾ പഠനകാലത്ത് തന്നെ ലിയനാർഡോക്ക് അഭിനയത്തിൽ താൽപര്യം ജനിച്ചു. 


ചെറുപ്പത്തിൽ ചില പരസ്യ ചിത്രങ്ങളിൽ അഭിനയിക്കാൻ അവസരം ലഭിച്ച അയാൾ പിന്നീട് കുട്ടികൾക്കായുള്ള ടെലിവിഷൻ സീരിയലുകളിലും പ്രത്യക്ഷപ്പെട്ടു തുടങ്ങി. സ്കൂൾ പഠനം ഇടക്കിവച്ച് അവസാനിപ്പിച്ചു അഭിനയത്തിൽ ശ്രദ്ധ പതിപ്പിച്ചുവെങ്കിലും അവസരങ്ങൾ തീരെ കുറവായിരുന്നു. നിരന്തരം അവസരങ്ങൾക്ക് വേണ്ടി ഹോളിവുഡ് സ്റ്റുഡിയോകൾ കയറിയിറങ്ങി. അവസാനം മടുത്തു നിരാശനായി അഭിനയം മോഹം ഉപേക്ഷിച്ചു എങ്കിലും പിതാവിന്റെ പ്രചോദനവും അഭിനയത്തിലൂടെ കിട്ടുന്ന പണം കൊണ്ട് അമ്മയെ സംരക്ഷിക്കണം എന്ന തോന്നലും കാരണം വീണ്ടും ശ്രമം തുടർന്നു കൊണ്ടേയിരുന്നു. 1990 മുതൽ കൗമാരക്കാരൻ ആയ ലിയനാർഡോയ്ക്ക് ടെലിവിഷൻ സീരിയലുകളിൽ അവസരം ലഭിച്ചു തുടങ്ങി. 1991ൽ പുറത്തിറങ്ങിയ ക്ര.critters 3 ആയിരുന്നു ആദ്യ ചലച്ചിത്രം . ഈ സയൻസ് ഫിക്ഷൻ ഹൊറർ കോമഡി ചിത്രം ഒരു പരാജയമായിരുന്നു. This Boy's Life (1992) എന്ന ചിത്രം ശ്രദ്ധിക്കപ്പെട്ടു. വിഖ്യാത നടൻ റോബർട്ട് ഡി നീറോ ആയിരുന്നു ഇതിലെ നായകൻ. 1993 ൽ പുറത്തിറങ്ങിയ What'seating Gilbert grape എന്ന ചിത്രത്തിലൂടെ ഓസ്ക്കാർ അവാർഡ് നോമിനേഷനും ഗോൾഡൻ ഗ്ലോബ് പുരസ്കാരവും പത്തൊമ്പതാമത്തെ വയസ്സിൽ നേടാൻ അയാൾക്ക് കഴിഞ്ഞു. ജോണി ഡെപ്പിന് ഒപ്പം അഭിനയിച്ച ഈ ചിത്രം സാമ്പത്തിക വിജയം ആയിരുന്നു. 1996 ൽ വില്യം ഷേക്സ്പിയറിന്റെ റോമിയോ ആൻഡ് ജൂലിയറ്റ് എന്ന കഥയെ അടിസ്ഥാനപ്പെടുത്തി എടുത്ത സിനിമയിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെടുകയും സിനിമ ഒരു വൻ വിജയമാവുകയും ചെയ്തു.

പിന്നീടാണ് ജെയിംസ് കാമറൂണിന്റെ എക്കാലത്തെയും മികച്ച ഹോളിവുഡ് ചിത്രങ്ങളിൽ ഒന്നായ ടൈറ്റാനിക്കിൽ (1997) അഭിനയിക്കാൻ അവസരം ലഭിക്കുന്നത്. ടൈറ്റാനിക്കിലെ ജാക്ക് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടെ ലോകമെമ്പാടുമുള്ള കോടാനുകോടി ആരാധകരെയാണ് അയാൾ നേടിയെടുത്തത്. ഒരു നടൻ എന്ന നിലയിൽ ലഭിച്ച ഏറ്റവും വലിയ അംഗീകാരം ആയിരുന്നു അത്. നായകനായും ക്രൂരനായ വില്ലനായും വ്യത്യസ്ത വേഷങ്ങളിൽ പിന്നീട് അയാൾ ഹോളിവുഡിൽ തൻറെ ജൈത്രയാത്ര നടത്തി.

ഏവിയേറ്റർ (2005) ബ്ലഡ് ഡയമണ്ട് (2007) വൂൾഫ് ഓഫ് വാൾസ്ട്രീറ്റ് (2014) റവനന്റ് (2016) വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ് (2020) എന്നീ ചിത്രങ്ങൾക്ക് മികച്ച നടനുള്ള ഓസ്കാർ നോമിനേഷനുകൾ നേടിയെടുക്കാനായി . ഇതിൽ റവനന്റിലെ അഭിനയ മികവിന് ഓസ്കാർ വിജയവും നേടി.


പാരിസ്ഥിതിക സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന പ്രശസ്ത വ്യക്തിത്വമാണ് ഡികാപ്രിയോ . ഓസ്കാർ അവാർഡ് സ്വീകരിച്ചതിന് ശേഷമുള്ള പ്രസംഗത്തിൽ അദ്ദേഹം കാലാവസ്ഥ വ്യതിയാനത്തെ കുറിച്ചും പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രത്യേകം പരാമർശിക്കുകയുണ്ടായി. 1998ൽ പാരിസ്ഥിതിക സംരക്ഷണത്തിനായി അദ്ദേഹം ഒരു സംഘടന രൂപീകരിച്ചു. അന്തരീക്ഷ മലിനീകരണത്തിന് എതിരായി അദ്ദേഹം നടത്തിയ പ്രഭാഷണങ്ങളും ഇടപെടലുകളും ശ്രദ്ധേയമായിരുന്നു. ചാരിറ്റി പ്രവർത്തനങ്ങൾക്കായി ദശലക്ഷക്കണക്കിന് ഡോളറുകൾ സംഭാവന നൽകി. പാരിസ്ഥിതിക ദുർബല പ്രദേശങ്ങളുടെ നവീകരണത്തിനായി ലോകമെമ്പാടും 35 പദ്ധതികളാണ് ഡിക്കാപ്രിയോയുടെ ഫൗണ്ടേഷൻ നടപ്പിലാക്കിയിട്ടുള്ളത്. 2014 ഐക്യരാഷ്ട്ര സംഘടന കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള സന്ദേശം പ്രചരിപ്പിക്കുന്ന അംബാസിഡറായി അദ്ദേഹത്തെ നിയോഗിച്ചു. പാരിസ്ഥിതിക സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ലോകം മുഴുവൻ ചർച്ച ചെയ്യപ്പെടാൻ ഡികാപ്രിയോയുടെ സജീവ ഇടപെടലുകളിലൂടെ സാധിച്ചു. 

ചെറു പ്രായത്തിൽ തന്നെ സമ്പത്തിന്റെയും പ്രശസ്തിയുടെയും ഉന്നതിയിൽ എത്തിയതിനു ശേഷം നശിച്ചു പോയ നിരവധി താരങ്ങളുള്ള ഹോളിവുഡിൽ വ്യക്തിജീവിതത്തിലും സാമൂഹിക ജീവിതത്തിലും വ്യതിരിക്ത വ്യക്തിത്വമാണ് ലിയനാർഡോ ഡികാപ്രിയോ . വർഷങ്ങളോളം സൂപ്പർതാര പദവിയിൽ പിടിച്ചു നിൽക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. ഓരോ വിജയങ്ങൾക്ക് ശേഷവും അടുത്ത വിജയം ലക്ഷ്യമിട്ടുള്ള പ്രയത്നങ്ങളാണ് ഒരാളെ എക്കാലത്തെയും വലിയ വിജയങ്ങൾ നേടാൻ പ്രാപ്തനാക്കുന്നത്. എനിക്ക് ഇതൊക്കെ മതി എന്ന് ചിന്തിച്ചു തുടങ്ങിയാൽ പിന്നീട് ഒന്നും നേടാൻ ആവില്ല . പ്രവർത്തന മേഖലയിൽ ഓരോ നിമിഷവും സജീവമായി നിലനിൽക്കുന്നതാണ് ഓരോ പ്രൊഫഷണലിന്റെയും വിജയത്തിൻറെ അടിസ്ഥാനം. നാം അംഗീകരിക്കുന്ന ഏതൊരു വ്യക്തിയെ ശ്രദ്ധിച്ചാലും മനസ്സിലാവും അവരെല്ലാം എപ്പോഴും അവരുടെ തൊഴിലിൽ സജീവമായിരിക്കും. തൊഴിലിനോടുള്ള സ്നേഹവും അർപ്പണ മനോഭാവവും ആണ് ഒരാളെ തൻറെ തൊഴിലിൽ സജീവമാക്കുന്നത്. 


~ മോൻസി വർഗ്ഗീസ് കോട്ടയം
                        (9446066314)

Friday, April 7, 2023

ഗ്രാമി, ഓസ്കാർ അവാർഡുകൾ നേടിയെടുത്ത പ്രതിഭ വിൽ സ്മിത്ത് (Will Smith)

 

ഒരു നടനായി അറിയപ്പെടുന്നതിനു മുമ്പ് വിൽ സ്മിത്ത് ഒരു ഗായകനായിരുന്നു. സുഹൃത്തും ഡിസ്ക്കോ ജോക്കിയുമായ ജാസിക്കൊപ്പം 5 മ്യൂസിക് വീഡിയോ ആൽബങ്ങളാണ് പുറത്തിറക്കിയിട്ടുള്ളത്. ഒരു റാപ്പ് പെർഫോമർ എന്ന നിലയിൽ 5 ഗ്രാമി അവാർഡുകളും നേടിയിട്ടുണ്ട്. ഹോളിവുഡ് സിനിമകളിലും ഉജ്ജ്വല പ്രകടനങ്ങളുടെ സൂപ്പർതാരമായി മാറിയ വിൽ സ്മിത്ത് ഒരു അറിയപ്പെടുന്ന മോട്ടിവേറ്റർ കൂടിയാണ്. 

നിരവധി ഉയർച്ചയും താഴ്ചയും വിജയങ്ങളും പരാജയങ്ങളും പുകഴ്ത്തലുകളും ഇകഴ്ത്തലുകളും സുപ്രസിദ്ധിയും കുപ്രസിദ്ധിയും ഒരേപോലെ ഏറ്റുവാങ്ങിയ ഹോളിവുഡ് സൂപ്പർ താരമാണ് വിൽ സ്മിത്ത് . 2022 മാർച്ച് 27ന്  ഓസ്കാർ അവാർഡ് ദാന വേദിയിൽ വിൽ സ്മിത്ത് ലോകത്തെ മുഴുവൻ അമ്പരപ്പിച്ചു കൊണ്ട് ഒരേ പോലെ കുപ്രസിദ്ധനും സുപ്രസിദ്ധനുമായി . കിംഗ് റിച്ചാർഡ് എന്ന സിനിമയിലൂടെ ഏറ്റവും മികച്ച നടനുള്ള ഓസ്കാർ അവാർഡ് നേടിയ അതേ ദിവസം തന്നെയാണ് തൻറെ ഭാര്യയെ അപമാനിച്ചതിന്റെ പേരിൽ അവതാരകനായ ക്രിസ് റോക്കിന്റെ  കാരണത്തടിച്ച് പേരുദോഷം ഏറ്റുവാങ്ങിയത്. വിൽ സ്മിത്ത് മാപ്പു പറഞ്ഞെങ്കിലും ആ കളങ്കം അദ്ദേഹത്തെ പിന്തുടരുന്നു. എത്ര ഉന്നത സ്ഥാനത്ത് എത്തിയാലും അമിത വികാരങ്ങളെ അടക്കാൻ കഴിയാത്തവർക്ക് വിപരീത ഫലങ്ങൾ ഉണ്ടാക്കുമെന്ന് സ്മിത്തിന്റെ കരിയർ തെളിയിക്കുന്നു.

2021ൽ വിൽ സ്മിത്തിന്റെ ജീവിതാനുഭവങ്ങളെ അടിസ്ഥാനമാക്കി അദ്ദേഹവും മാർക്ക് മാൻസണും ചേർന്നെഴുതിയ വിൽ (Will) എന്ന ഗ്രന്ഥം ഒരു വമ്പൻ വിജയമായിരുന്നു. ന്യൂയോർക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലർ ബുക്സ് പട്ടികയിൽ ഒന്നാം സ്ഥാനത്തായിരുന്ന ഈ ഗ്രന്ഥത്തിൽ തന്റെ ജീവിതത്തിലെ വിജയങ്ങളെയും പരാജയങ്ങളെയും സന്തോഷങ്ങളെയും ദുഃഖങ്ങളെയും വളർച്ചയെയും തളർച്ചയെയും എല്ലാം സ്മിത്ത് തുറന്നു കാണിക്കുന്നു. താൻ വായിച്ചതിൽ ഏറ്റവും മികച്ച ആത്മകഥാ രചനയാണ് ഇതെന്നാണ് ഓപ്ര വിൻഫ്രി ഈ പുസ്തകത്തെക്കുറിച്ച് അഭിപ്രായപ്പെട്ടത്. ഒരു സൂപ്പർതാരത്തിലേക്കുള്ള വളർച്ചയിൽ അദ്ദേഹം തരണം ചെയ്ത പ്രതിസന്ധികളും വലിയ ലക്ഷ്യത്തിലെത്താൻ വേണ്ടി പ്രായോഗികമാക്കിയ പദ്ധതികളും പ്രചോദനാത്മകമാണ്. ഒരു സൂപ്പർ താരം ആവണം എന്ന ഉന്നതമായ ലക്ഷ്യത്തോടെ തന്നെയാണ് വിൽ സ്മിത്ത് സിനിമാരംഗത്ത് എത്തിയത്. 

1968 സെപ്റ്റംബർ 25ന് അമേരിക്കയിലെ ജനിച്ച വില്ലാഡ് കരോൾ സ്മിത്ത് എന്ന വിൽ സ്മിത്തിന് ഒരു മൂത്ത സഹോദരിയും രണ്ട് ഇളയ സഹോദരന്മാരും ഉണ്ട് . അമേരിക്കൻ എയർഫോഴ്സിൽ നിന്നും റിട്ടയർ ചെയ്ത റഫ്രിജറേഷൻ എൻജിനീയർ ആയിരുന്ന പിതാവിൻറെ കടുത്ത ശിക്ഷണങ്ങളിലൂടെയാണ് കുട്ടികൾ വളർന്നത്. ഒരേ സമയം തന്നെ മഹാ ക്രൂരനും എന്നാൽ ചില കാര്യങ്ങളിൽ നല്ലവനും ആയ ഒരു പിതാവായാണ് അദ്ദേഹത്തെ സ്മിത്ത് ഓർമ്മിക്കുന്നത്. മദ്യപിച്ച് മധുന്മഥനായി തന്റെ മാതാവിനെ ക്രൂരമായി മർദ്ദിച്ചിരുന്ന അയാളെ കൊല്ലണമെന്ന് പോലും ചെറുപ്പത്തിൽ താൻ വിചാരിച്ചിരുന്നതായി സ്മിത്ത് പറയുന്നു. അതേസമയം തന്നെ കുട്ടികളിൽ അച്ചടക്കവും ലക്ഷ്യബോധവും വളർത്തിയെടുത്തതും അതേ പിതാവ് തന്നെയായിരുന്നു. ഒരിക്കൽ പിതാവിൻറെ കടയുടെ മുമ്പിലെ മതിൽക്കെട്ട് ഇടിഞ്ഞുവീണപ്പോൾ അത് പുനർ നിർമ്മിക്കാനുള്ള ചുമതല അയാൾ വിൽ സ്മിത്തിനും സഹോദരൻ ഹാരിക്കും നൽകി. 20 അടി നീളവും 12 ഉയരവുമുള്ള മതിൽ നിർമ്മാണം കുട്ടികളെ ഏൽപ്പിച്ചതിന് പിന്നിൽ പിതാവിന് ഒരു ഉദ്ദേശം ഉണ്ടായിരുന്നു. ഒരു വലിയ ലക്ഷ്യം എങ്ങനെ നേടിയെടുക്കണം എന്നത് അനുഭവങ്ങളിലൂടെ പഠിക്കാനുള്ള ഒരു അവസരമാണ് അയാൾ ഒരുക്കിയത്. ഇത്രയും വലിയ മതിൽ തങ്ങൾക്ക് നിർമ്മിക്കാൻ കഴിയില്ലഎന്നെ എപ്പോഴും പിറു പിറത്തു കൊണ്ടിരുന്ന സ്മിത്തിന് പിതാവ് നൽകിയ മറുപടി പിന്നീടുള്ള അദ്ദേഹത്തിൻറെ ജീവിതത്തെ വളരെയധികം സ്വാധീനിച്ചു. " കെട്ടി ഉയർത്താൻ പോകുന്ന വലിയ മതിലിനെ കുറിച്ച് ഓർത്ത് വേവലാതിപ്പെടാതെ അതിനുവേണ്ടി നാം ഇപ്പോൾ ഉപയോഗിക്കുന്ന ഒരു ഇഷ്ടിക എങ്ങനെ നല്ല രീതിയിൽ പാകാം എന്നത് മാത്രം ശ്രദ്ധിക്കുക " . നമ്മുടെ വലിയ ലക്ഷ്യങ്ങൾ നേടണമെങ്കിൽ ചെറിയ ചെറിയ ലക്ഷ്യങ്ങൾ ആക്കി മാറ്റി ക്രമേണ ക്രമേണ വലിയ ലക്ഷ്യങ്ങളിൽ എത്തണമെന്ന വലിയ ഒരു പാഠമായിരുന്നു ആ പിതാവ് മകന് സമ്മാനിച്ചത്. ഓരോ ദിവസവും കുറേശ്ശെ ഇഷ്ടികകൾ മാത്രം പാകി കൊണ്ട് ഒരു വർഷത്തിനുള്ളിൽ ഒരു വലിയ മതിൽക്കെട്ട് ആ സഹോദരങ്ങൾ കെട്ടി ഉയർത്തി. വിൽ സ്മിത്തിന് ബാല്യകാലത്തു തന്നെ ലക്ഷ്യബോധവും അച്ചടക്കവും ആത്മവിശ്വാസവും പ്രയത്നശീലവും നൽകിയ ഒരു സംഭവമായിരുന്നു ഇത്.

സ്കൂൾ പഠനകാലത്ത് കണക്കിൽ ബഹു മിടുക്കാനായിരുന്നു സ്മിത്ത് . ബുദ്ധി ക്ഷമത അളക്കുന്ന ഐക്യൂ ടെസ്റ്റിൽ ഉന്നത സ്കോർ ആണ് അദ്ദേഹത്തിന് ഉള്ളത്. എന്നാൽ കലാരംഗത്ത് ശ്രദ്ധ പതിപ്പിച്ചതിനാൽ സ്കൂൾ പഠനത്തിനുശേഷം തുടർന്ന് പഠിക്കാൻ അയാൾക്ക് കഴിഞ്ഞില്ല. ഒരു യൂണിവേഴ്സിറ്റി ബിരുദം എടുക്കാൻ കഴിയാത്തതിന്റെ വിഷമം പിന്നീട് പലപ്പോഴും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഒരു സംഗീതജ്ഞൻ ആയാണ് കലാജീവിതം ആരംഭിച്ചത്. പന്ത്രണ്ടാമത്തെ വയസ്സിൽ തന്നെ റാപ്പ് സംഗീതത്തിനുള്ള വരികൾ എഴുതുമായിരുന്നു. എഴുതിയ വരികളൊക്കെയും ശാപവചനങ്ങളും നെഗറ്റീവ് ചിന്താഗതികളും നിറഞ്ഞതായിരുന്നു. ഈ വരികളൊക്കെ വായിച്ച മുത്തശ്ശിയാണ് വിൽ സ്മിത്തിനെ പോസിറ്റീവ് ആയി ചിന്തിക്കാനും പോസിറ്റീവായ വരികൾ എഴുതാനും പ്രചോദനമായത്. ചടുലമായ റാപ്പ് സംഗീതത്തിൽ ഊർജ്ജസ്വലമായ ഗംഭീര പ്രകടനങ്ങളാണ് ബാല്യ കൗമാര കാലത്ത് തന്നെ അയാൾ നടത്തിയിരുന്നത്. ബാല്യകാല സുഹൃത്തും റാപ്പ് സംഗീതജ്ഞനുമായ ജാസി ജെഫുമൊത്ത് സ്റ്റേജ് ഷോകളും സംഗീത ആൽബങ്ങളും നിർമ്മിച്ച 20 വയസ്സ് തികയും മുമ്പ് തന്നെ സ്മിത്ത് ദശലക്ഷക്കണക്കിന് ഡോളർ സമ്പാദ്യം ഉണ്ടാക്കി. എന്നാൽ ചെറുപ്രായത്തിൽ തന്നെ അതി സമ്പന്നനായ സ്മിത്തിന്റെ ധൂർത്തും ആർഭാടവും കൊണ്ടെത്തിച്ചത് ജയിലഴികൾക്കുള്ളിൽ ആണ് . കൃത്യമായ വരുമാന നികുതി അടയ്ക്കാത്തതിന്റെ പേരിൽ അയാൾ അറസ്റ്റിലായി. സമ്പാദിച്ചതു മുഴുവനും അതിലേറെയും പിഴയായി കെട്ടിയതിനുശേഷമാണ് ജയിൽ മോചിതൻ ആയത്. സമ്പത്ത് എങ്ങനെ കാര്യക്ഷമമായി ഉപയോഗിക്കണം എന്ന് അയാൾ പഠിച്ചത് ജയിൽവാസകാലത്തെ തകർച്ചയിൽ നിന്നുമാണ്. വരുമാനം അറിഞ്ഞ് ചെലവഴിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് വിൽ സ്മിത്ത് തൻറെ ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നുണ്ട്. എൻ.ബി.സി ടെലിവിഷനു വേണ്ടി ' ഫ്രഷ് പ്രിൻസ് ഓഫ് ബൽ എയർ ' എന്ന സീരിയലിൽ അഭിനയിക്കാനുള്ള കരാറിലൂടെയാണ് അയാൾ കടങ്ങളിൽ നിന്നും മോചിതനായത്. ഈ സീരിയൽ ഒരു വിജയമായതോടെ സിനിമയിൽ ഒരു സൂപ്പർ താരം ആവണം എന്ന ലക്ഷ്യം അയാളുടെ മനസ്സിൽ രൂപകൽപ്പന ചെയ്തു. പിന്നീട് തൻറെ ലക്ഷ്യത്തിലെത്താനുള്ള പടിപടിയായ ശ്രമങ്ങൾ ആയിരുന്നു.

1992 ൽ റിലീസ് ചെയ്ത ആദ്യ സിനിമ (Where the day takes you) ഒരു ബോക്സ് ഓഫീസ് പരാജയം ആയിരുന്നു. പിന്നീട് 1993ല്‍ അഭിനയിച്ച രണ്ട് ചിത്രങ്ങൾ (Made in America, Six degrees of separation) മികച്ച വിജയങ്ങൾ നേടി. ഇതോടെ വിൽ സ്മിത്ത് നടൻ എന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. 1995ൽ ' ബാഡ് ബോയ്സ് ' 1996 ൽ പുറത്തിറങ്ങിയ ' ഇൻഡിപെൻഡൻസ് ഡേ ' എന്നീ ചിത്രങ്ങൾ വിൽ സ്മിത്തിനെ സൂപ്പർതാര പദവിയിലേക്ക് ഉയർത്തി. പിന്നീട് സൂപ്പർതാരം എന്ന നിലയിലുള്ള അയാളുടെ പ്രയാണമായിരുന്നു. 

മെൻ ഇൻ ബ്ലാക്ക് (1997) ഒരു വമ്പൻ ബോക്സ് ഓഫീസ് വിജയമായിരുന്നു. 90 ദശലക്ഷം ഡോളർ ബഡ്ജറ്റിൽ നിർമ്മിച്ച ഈ ചിത്രം 590 ദശലക്ഷം ഡോളറാണ് വാരിക്കൂട്ടിയത്. ഈ ചിത്രത്തിൻറെ രണ്ടും മൂന്നും ഭാഗങ്ങളും (2002, 2012) സൂപ്പർഹിറ്റുകൾ ആയിരുന്നു. നിർമ്മാതാക്കൾക്ക് നഷ്ടം വരുത്താത്ത മിനിമം ഗ്യാരണ്ടിയുള്ള നടൻ ആയിട്ടാണ് സ്മിത്ത് അറിയപ്പെടുന്നത്. ദാരിദ്ര്യത്തിൽ നിന്നും അതിസമ്പന്നതയിലേക്ക് വളർന്ന അമേരിക്കൻ ബിസിനസുകാരൻ ക്രിസ് ഗാർഡിനറുടെ ജീവിതകഥ സിനിമയായപ്പോൾ വിൽ സ്മിത്തും മകൻ ജേഡൻ ആണ് പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്. Pursuit of happiness (2006) എന്ന ഈ ചിത്രം ലോകത്തെ എക്കാലത്തെയും മികച്ച പ്രചോദനാത്മക ചിത്രങ്ങളിൽ ഒന്നാണ്. നിരാശയും മാനസിക സമ്മർദ്ദവും ഒക്കെ അനുഭവിക്കുന്നവർ ഈ ചിത്രം കണ്ടാൽ മോട്ടിവേറ്റഡ് ആകും എന്ന കാര്യത്തിൽ ഒരു തർക്കവുമില്ല. അത്ര മികച്ച പ്രകടനമാണ് വിൽ സ്മിത്തും മകനും ഈ ചിത്രത്തിൽ കാഴ്ചവച്ചിട്ടുള്ളത്. മകനുമൊത്ത് പിന്നീട് അഭിനയിച്ച ആഫ്റ്റർ എർത്ത് (2013) എന്ന ചിത്രം ഒരു ദയനീയ പരാജയമായിരുന്നു. തൻറെ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ പരാജയം എന്നാണ് ഈ ചിത്രത്തെ അദ്ദേഹം വിശേഷിപ്പിച്ചത്.

ലോകോത്തര ബോക്സിങ് ഇതിഹാസം മുഹമ്മദ് അലിയുടെ ജീവിതകഥ പറഞ്ഞ അലി (2001) എന്ന ചിത്രത്തിൻറെ നായകനായിരുന്ന വിൽ സ്മിത്തിന് മികച്ച നടനുള്ള ഓസ്കാർ നോമിനേഷൻ ലഭിച്ചു. 2018 മോസ്കോയിൽ നടന്ന ഫിഫ ലോകകപ്പ് ഫുട്ബോൾ മത്സരത്തിന്റെ ഒഫീഷ്യൽ ഗാനമായിരുന്ന 'ലിവ് ഇറ്റ് അപ്പ് ' ഗായകരായ നിക്കി ജാമിനും എറാ ഇസ്രേഫിക്കും ഒപ്പം അവതരിപ്പിച്ചത് വിൽ സ്മിത്ത് ആയിരുന്നു. 2006 ൽ ലോകത്ത് ഏറ്റവും സ്വാധീനമുള്ള 100 പേരുടെ ടൈംസ് മാഗസിൻ പട്ടികയിൽ ഇടം നേടി

വ്യക്തമായ ആസൂത്രണങ്ങളിലൂടെ തൻറെ മക്കളായ വീനസിനെയും സെറീനയേയും ടെന്നീസിലെ ഇതിഹാസതാരങ്ങൾ ആക്കി മാറ്റിയ പിതാവ് റിച്ചാർഡ് വില്യംസിന്റെ കഥ പറഞ്ഞ കിംഗ് റിച്ചാർഡിലെ (2022) അഭിനയത്തിനാണ് വിൽ സ്മിത്ത് ഏറ്റവും മികച്ച നടനുള്ള ഓസ്കാർ പുരസ്കാരം നേടുന്നത്. 

മോൻസി വർഗ്ഗീസ് കോട്ടയം
(9446066314)

Thursday, March 30, 2023

വികൃതിപ്പയ്യൻ സൂപ്പർ സ്റ്റാർ Johnny Depp

 


അരക്കിറുക്കനും മുഴുക്കുടിയനുമായ ക്യാപ്റ്റൻ ജാക്ക് സ്പാരോ എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കി പൈറേറ്റ്സ് ഓഫ് കരീബിയൻ ചിത്ര പരമ്പരയിലൂടെ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ ജോണി ഡെപ്പിന്റെ ജീവിതവും സംഭവബഹുലമാണ്. അഭിനയ ജീവിതത്തിലും വ്യക്തിജീവിതത്തിലും ഉയർച്ച താഴ്ചകളിലൂടെയും വെല്ലുവിളികളിലൂടെയും ആണ് അദ്ദേഹം സഞ്ചരിച്ചത്. ക്യാപ്റ്റൻ ജാക്ക് സ്പാരോ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ വേണ്ടി മാത്രമാണ് അദ്ദേഹം ജനിച്ചത് എന്ന് കരുതുന്ന കോടാനുകോടി ആരാധകർ ജോണി ഡെപ്പിനുണ്ട്. പ്രേക്ഷകരിൽ അത്രത്തോളം സ്വാധീനം ചെലുത്തിയ ഒരു കഥാപാത്രം ആയിരുന്നു അത്. ഗായകനാകാൻ ആഗ്രഹിച്ച ഡെപ്പ് യാദൃശ്ചികമായാണ് സിനിമയിൽ എത്തുന്നത്. 

സ്ക്രീനിലും സ്വകാര്യജീവിതത്തിലും വികൃതി പയ്യനായി അറിയപ്പെട്ടിരുന്ന ഡെപ്പിന് ഒരു ഗോൾഡൻ ഗ്ലോബ് പുരസ്കാരവും ഒരു സ്ക്രീൻ ആക്ടേഴ്സ് ഗിൽഡ് പുരസ്കാരവും മൂന്ന് ഓസ്കാർ നോമിനേഷനും ഒരു ബാഫ്ത (BAFTA) നോമിനേഷനും ലഭിച്ചിട്ടുണ്ട്. A Nightmare on Elm Street (1984) എന്ന ഹൊറർ ചിത്രത്തിലെ ടീനേജ് കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് സിനിമയിൽ എത്തുന്നത്. എക്കാലത്തെയും മികച്ച ഒരു ഹൊറർ ചിത്രമായി കരുതപ്പെടുന്ന A Nightmare on Elm Street ഒരു നടനായി അറിയപ്പെടാൻ ജോണി ഡെപ്പിന് അവസരം ഒരുക്കി. എന്നാൽ സ്വഭാവദൂഷ്യം കാരണം പല സിനിമകളിൽ നിന്നും അയാളെ അകറ്റി നിർത്തി. 1993 വരെ ഏതാനും ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും പിന്നീടാണ് ശ്രദ്ധേയമായ വേഷങ്ങൾ ലഭിച്ചു തുടങ്ങിയത്. അലമ്പനും അലസനുമായ യുവാവിന്റെ വേഷമായിരുന്നു അഭിനയിച്ചവയിൽ അധികവും.

1963 ജൂൺ 9ന് അമേരിക്കയിലെ കെന്റക്കിയിൽ ജനനം. പിതാവ് ജോൺ ക്രിസ്റ്റഫർ ഡെപ്പ് ഒരു എഞ്ചിനീയർ ആയിരുന്നു. പിതാവിൻറെ ജോലി സംബന്ധമായ തിരക്കും മൂലം പല സ്ഥലങ്ങളിൽ മാറിമാറി താമസിക്കേണ്ടതായി വന്നു. സ്ഥിരമായി ഒരു സ്ഥലത്ത് നിൽക്കാതെ മാറിമാറി പല സ്കൂളുകളിലാണ് പഠിച്ചത്. സ്കൂൾ പഠനകാലത്ത് സംഗീതത്തോട് ആയിരുന്നു ഭ്രമം. ഡപ്പിന് 15 വയസ്സുള്ളപ്പോൾ മാതാപിതാക്കൾ വിവാഹമോചിതരായി. മാതാവ് ബെറ്റി റോബർട്ട് പാൽമർ എന്നൊരാളെ പുനർവിവാഹം കഴിച്ചു. അദ്ദേഹം തന്റെ ജീവിതത്തിൽ വലിയ ഒരു പ്രചോദനം ആയിരുന്നു എന്ന് ജോണി ഡെപ്പ് പറയുന്നുണ്ട്.

പന്ത്രണ്ടാമത്തെ വയസ്സു മുതൽ റോക്ക് ബാൻഡുകളിൽ ഗിറ്റാർ വായിച്ചും പാട്ടുകൾ പാടിയും വേദികളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരുന്നു. ഒരു റോക്ക് ഗായകൻ ആകാനുള്ള തന്റെ സ്വപ്നം സാക്ഷാത്കരിക്കാനായി പതിനാറാമത്തെ വയസ്സിൽ സ്കൂൾ വിദ്യാഭ്യാസം ഉപേക്ഷിച്ചു. എന്നാൽ റോക്ക് ബാൻഡിൽ നിന്നും സ്ഥിര വരുമാനം ലഭിക്കാതെ സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിച്ചു തുടങ്ങി. വരുമാനത്തിനായി ടെലി മാർക്കറ്റിംഗ് അടക്കം പല ചെറുകിട ജോലികൾ ചെയ്തു. 1983ല്‍ തന്റെ സംഗീത ട്രൂപ്പിലെ സുഹൃത്തിന്റെ സഹോദരിയും മേക്കപ്പ് ആർട്ടിസ്റ്റും ആയ ലോറി ആൻ അലിസണെ വിവാഹം കഴിച്ചു. വിവാഹിതനാകുമ്പോൾ ഡെപ്പിന് 20 വയസ്സ് മാത്രമായിരുന്നു പ്രായം. ഇവർ 1985 ൽ വിവാഹമോചിതരായി. പത്നി ലോറി ആണ് പ്രശസ്ത ഹോളിവുഡ് നടൻ നിക്കോളാസ് കേജിനെ ജോണി ഡെപ്പിന് പരിചയപ്പെടുത്തുന്നത്. ഈ സൗഹൃദമാണ് അയാൾക്ക് ഹോളിവുഡ് സിനിമയിൽ അഭിനയിക്കാനുള്ള താല്പര്യം അവസരവും ഒരുക്കിയത്.

റിബൽ വിത്തൗട്ട് എ കോസ് (1955) എന്ന സിനിമയും പ്രശസ്ത ഹോളിവുഡ് നടൻ ജെയിംസ് സീനിന്റെ ആത്മകഥയും ആണ് ഡെപ്പിന് അഭിനയത്തിൽ താല്പര്യമുണ്ടാക്കുന്നത്. നിക്കോളാസ് കേജിന്റെ പ്രേരണയായാലും ശുപാർശയാലും ആണ് A Nightmare on Elm Street എന്ന ചിത്രത്തിൻറെ ഒഡീഷന് പോയത്. ആ ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചതോടെ ഗായകനാവാൻ ആഗ്രഹിച്ച അദ്ദേഹം ഒരു നടനായി മാറി. ഫോക്സ് ടെലിവിഷൻ വേണ്ടി 21 ജമ്പ് സ്ട്രീറ്റ് (1987) എന്ന സീരിയലിലെ പോലീസ് ഓഫീസറുടെ വേഷം ശ്രദ്ധിക്കപ്പെട്ടു. ഇതിനിടെ ടീനേജ് പയ്യന്മാരുടെ ഇടയിൽ ഡെപ്പ്‌ ഒരു ഹരമായി വളർന്നിരുന്നു. 

19കാരനായ ഡികാപ്രിയോക്കൊപ്പം അഭിനയിച്ച What's Eating Gilbert Grape (1993) ഇരുവരുടെയും കരിയറിൽ വഴിത്തിരിവായി. ലിയനാർഡോ ഡി കാപ്രിയോക്ക് തൻറെ ആദ്യ ഓസ്കാർ നോമിനേഷൻ ലഭിക്കുന്നത് ഈ ചിത്രത്തിലൂടെയാണ്. അതേ വർഷം പുറത്തിറങ്ങിയ അരിസോണ ഡ്രീമും ശ്രദ്ധിക്കപ്പെട്ടു. ജോണി ഡെപ്പിനെ ഒരു താരമാക്കി മാറ്റുന്നതിൽ പ്രധാന പങ്കു വഹിച്ചത് ഹോളിവുഡ് സംവിധായകനായ ടീം ബർട്ടനാണ്. 1990 ൽ Edward Scissorhands എന്ന ചിത്രത്തിലൂടെയാണ് അവർ ആദ്യം ഒരുമിക്കുന്നത്. പിന്നീട് അവർ ഒരുമിച്ച Ed Wood (1994), Sleepy Hollow (1999), Charlie and the Chocolate Factory (2005), Corpse Bride (2005), Sweeney Todd (2007), Alice in Wonderland (2010)  തുടങ്ങിയ ചിത്രങ്ങൾ വമ്പൻ ഹിറ്റുകൾ ആയിരുന്നു. കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഫാന്റസി ചിത്രങ്ങൾ ആയിരുന്നു ഇവരുടെ കൂട്ടുകെട്ടിൽ പിറന്നവയിൽ  ഏറെയും.


ജോണി ഡെപിന്റെ സിനിമാ നിർമ്മാണ കമ്പനിയായ Infinitum റം ഡയറി (2011)  ഹ്യൂഗോ (2011) എന്നിങ്ങനെ രണ്ട് ചിത്രങ്ങൾ നിർമ്മിച്ചു കൊണ്ട് തുടക്കം കുറിച്ചു. ഒൻപത് സിനിമകളാണ് ഈ കമ്പനി നിർമ്മിച്ചിട്ടുള്ളത്. സിനിമകളിൽ സജീവമായിരിക്കുമ്പോഴും സംഗീതത്തോടുള്ള അദ്ദേഹത്തിൻറെ താല്പര്യം നിലനിന്നിരുന്നു. സംഗീത ട്രൂപ്പ് രൂപീകരിക്കുന്നതിനും സ്റ്റേജ് ഷോകൾ സംഘടിപ്പിക്കുന്നതിനും അദ്ദേഹം നേതൃത്വം നൽകിയിരുന്നു. 



Moncy Varghese Kottayam
9446066314

Tuesday, March 21, 2023

അതിസമ്പന്നതയിലും ലളിത ജീവിതം നയിക്കുന്ന ഹോളിവുഡ് സൂപ്പർ താരം കീനു റീവ്സ് (Keanu Reeves)

 


ഹോളിവുഡിൽ എക്കാലത്തെയും മികച്ച ചിത്രങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള സ്പീഡ് , ദി മാട്രിക്സ് , ജോൺ വിക് തുടങ്ങിയ ചിത്രങ്ങൾ കണ്ടിട്ടുള്ളവർ അവയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച നായകനെ ഒരിക്കലും മറക്കില്ല. തോറ്റു തോറ്റു ജയിച്ചയാൾ എന്നതിന് ഉത്തമ ഉദാഹരണമാണ് കീനു റീവ്സ് (Keanu Reeves). ജീവിതത്തിൽ കനത്ത തിരിച്ചടികളും പ്രഹരങ്ങളും പരാജയങ്ങളും ഏറ്റിട്ടും തിരികെ ജീവിതത്തിലേക്ക് മടങ്ങി വന്ന് വിജയം വരിച്ച കീനുവിന്റെ ജീവിതം ആരെയും പ്രചോദിപ്പിക്കുന്നതാണ്. അതിസമ്പന്നതയിൽ ഭ്രമിച്ചു പോവാതെ ലളിത ജീവിതം നയിക്കാൻ ഇഷ്ടപ്പെടുന്ന അപൂർവ്വം ഹോളിവുഡ് താരങ്ങളിൽ ഒരാളാണ് അദ്ദേഹം. സമ്പത്തിന്റെ ഗണ്യ ഭാഗവും ചാരിറ്റി പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്ന വിശാലഹൃദയനായ മനുഷ്യസ്നേഹിയാണ് കീനു റീവ്സ്. ഏതൊരാളുടെ ജീവിതത്തിലും സംഘർഷങ്ങളും ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ഉണ്ടാവാമെന്നും കഷ്ടപ്പാടുകളുടെ കാലം അതിജീവിച്ചു കഴിഞ്ഞാൽ നാം ഏറെ കരുത്തരാവും എന്നും പറയുന്ന അദ്ദേഹത്തിൻറെ അഭിനയ ജീവിതവും സ്വകാര്യ ജീവിതവും വിസ്മയാവഹമാണ്. തോൽവികളെ അതിജീവിച്ച് കരുത്തോടെ മുന്നേറാൻ നമുക്ക് ആവുമെന്ന് കീനു റീവ്സ് നമ്മെ പഠിപ്പിക്കുന്നു.

1964 സെപ്റ്റംബർ 2ന് ലബനനിലെ ബയ്റൂട്ടിലാണ് ജനനം. മാതാവ് പട്രീഷ്യ ഒരു കോസ്റ്റ്യൂം ഡിസൈനർ ആയിരുന്നു. പിതാവ് സാമുവൽ റീവ്സ് മയക്കുമരുന്ന് കച്ചവടവും ഒക്കെയായി ക്രിമിനൽ സ്വഭാവമുള്ള ആളായിരുന്നു. മിക്കവാറും ദിവസങ്ങളിലും അയാൾ ജയിലിൽ ആയിരുന്നു. മൂന്നു വയസ്സുള്ളപ്പോൾ മാതാപിതാക്കൾ വേർപിരിഞ്ഞു. മാതാവ് മകനുമൊത്ത് ഓസ്ട്രേലിയയിലെ സിഡ്നിയിലേക്ക് പോയി. ആറു വയസ്സുള്ളപ്പോൾ മാതാവുമൊത്ത് കാനഡയിലേക്ക് കുടിയേറി. ഇതിനിടെ മാതാവ് രണ്ടാമതൊരു വിവാഹം കഴിക്കുകയും ഒരു വർഷത്തിനകം വിവാഹമോചനം നേടുകയും ചെയ്തു. പല സ്കൂളുകളിൽ മാറിമാറി പഠിക്കേണ്ടി വന്നതിനാൽ ചെറുപ്പകാലത്ത് അധികം സൗഹൃദങ്ങൾ ഇല്ലായിരുന്നു. 12 വയസ്സുള്ളപ്പോൾ മാതാവ് മൂന്നാമത്തെ വിവാഹം കഴിക്കുകയും നാലു വർഷത്തിനുള്ളിൽ വേർപിരിയുകയും ചെയ്തു. അതിനുശേഷം അവർ നാലാമത് മറ്റൊരു വിവാഹം കൂടി കഴിച്ചു. ഒരു പിതാവിൽ നിന്നും ലഭിക്കേണ്ട സ്നേഹമോ ലാളനയോ കൂടാതെയാണ് കീനു വളർന്നത്. അമ്മ കഴിഞ്ഞാൽ അയാൾ ഏറെ സ്നേഹിച്ചിരുന്നത് തൻറെ സഹോദരിയെ ആയിരുന്നു.

പഠനത്തിൽ മികവു പുലർത്താൻ കഴിയാതിരുന്ന കീനു ചെസ്സിലും ഐസ്‌ ഹോക്കിയിലും മിടുക്കനായിരുന്നു. എന്നാൽ ഇടയ്ക്കുണ്ടായ അപകടത്തെ തുടർന്ന് ഹോക്കി കളിക്കാൻ പറ്റാതെയായി. ഹോക്കിയിൽ തനിക്ക് വിജയിക്കാൻ ആവില്ല എന്ന് മനസ്സിലാക്കിയ കീനു തന്റെ പതിനഞ്ചാമത്തെ വയസ്സിൽ ഒരു നടൻ ആവണമെന്ന് തീരുമാനിച്ചുറപ്പിച്ചു. അഭിനയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ സ്കൂൾ പഠനം പൂർത്തീകരിക്കാനായില്ല. പതിനേഴാമത്തെ വയസ്സിൽ മാതാവിനും രണ്ടാനച്ഛനും സഹോദരിക്കും ഒപ്പം അമേരിക്കയിലെ ലോസ് ഏഞ്ചലസിലേക്ക് കുടിയേറി.

ഹോളിവുഡ് സ്റ്റുഡിയോകളിൽ രണ്ടാം അച്ഛൻറെ സഹായത്താൽ അല്ലറ ചില്ലറ ജോലികൾ ചെയ്തു കൊണ്ടാണ് സിനിമയോട് അടുക്കുന്നത്. സ്റ്റുഡിയോകളിലെ ജോലി സിനിമ നിർമാണത്തിന്റെ എല്ലാ മേഖലകളും മനസ്സിലാക്കാൻ കീനുവിനെ സഹായിച്ചു. നാടകങ്ങളിലും ടെലിവിഷൻ സീരിയലുകളിലും ചെറുകിട വേഷങ്ങൾ ലഭിച്ചു തുടങ്ങിയെങ്കിലും 1983 ൽ കൊക്കക്കോളയുടെ പരസ്യത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചതോടെ ശ്രദ്ധിക്കപ്പെടാൻ തുടങ്ങി. 1985 പുറത്തിറങ്ങിയ 'വൺ സ്റ്റപ്പ് എവേ' എന്ന ഹ്രസ്വചിത്രമാണ് കീനു അഭിനയിച്ച ആദ്യത്തെ ഹോളിവുഡ് ചിത്രം . പിന്നീട് അങ്ങോട്ട് ശരാശരി വിജയങ്ങളും സമ്പൂർണ്ണ പരാജയവുമായി ഏതാനും ചിത്രങ്ങളിൽ അഭിനയിച്ചുവെങ്കിലും 1991 ൽ പുറത്തിറങ്ങിയ പോയിൻറ് ബ്രേക്ക് എന്ന ക്രൈം ത്രില്ലറും 1994ൽ പുറത്തിറങ്ങിയ സ്പീഡ് എന്ന ത്രില്ലർ സിനിമയും അദ്ദേഹത്തെ സൂപ്പർസ്റ്റാർ ആക്കി മാറ്റി. 1999 പുറത്തിറങ്ങിയ 'ദി മാട്രിക്സ് ' എന്ന സയൻസ് ഫിക്ഷൻ ചിത്രവും 2014 പുറത്തിറങ്ങിയ 'ജോൺ വിക്കും ' ഹോളിവുഡിലെ എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ആക്ഷൻ സീനുകളിലെ ഉജ്ജ്വല പ്രകടനങ്ങൾ കൊണ്ട് അദ്ദേഹം ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ത്രസിപ്പിച്ചിട്ടുണ്ട്. സൂപ്പർ വിജയങ്ങളുടെ കഥ പറയുമ്പോഴും പല പരാജയ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. പല തവണ മോശം പ്രകടനങ്ങളുടെ പേരിൽ മാധ്യമ വിമർശനങ്ങൾ കേൾക്കേണ്ടതായി വന്നിട്ടുണ്ട്.

കീനു റീവ്സിൻറ വിജയങ്ങളും പരാജയങ്ങളും നമുക്കും പല പാഠങ്ങൾ നൽകുന്നുണ്ട്. അതിസമ്പന്നനായ ഈ ഹോളിവുഡ് നടൻറെ ജീവിത രീതികൾ പല പ്രത്യേകതകളും നിറഞ്ഞതാണ്. ഏറെ എളിമയും ലാളിത്യവും ഉള്ള വ്യക്തിയായാണ് അദ്ദേഹം അറിയപ്പെടുന്നത്. ആഡംബര കാറുകളും സ്വകാര്യ ജെറ്റ് വിമാനങ്ങളും കൂറ്റൻ ബംഗ്ലാവുകളും ഒക്കെയായി മറ്റു ഹോളിവുഡ് താരങ്ങൾ ജീവിതം ആഘോഷമാക്കുമ്പോൾ കീനു ഇഷ്ടപ്പെടുന്നത് ബൈക്കിലും മെട്രോ റെയിലിലും യാത്ര ചെയ്യാനാണ്. വർഷങ്ങളോളം ചെറിയ വാടക വീടുകളിലാണ് അദ്ദേഹം താമസിച്ചിരുന്നത്. 2013ൽ സ്വന്തമായി ഒരു വീട് വാങ്ങിയത് ആവട്ടെ രണ്ടു ബെഡ്റൂം മാത്രമുള്ള താരതമ്യേന ചെറിയ ഒരു വീട് . പണത്തോട് ആർത്തിയില്ലാത്ത ഈ മനുഷ്യൻറെ സമ്പത്തിൽ ഭൂരിഭാഗവും സാമൂഹിക സേവന പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്നു. 

1991ൽ സഹോദരി ക്യാൻസർ ( ലുക്കീമിയ ) സ്ഥിരീകരിച്ചു. സഹോദരൻറെ സാമീപ്യവും പരിചരണവും എപ്പോഴും ഉണ്ടായിരുന്നു. 10 വർഷക്കാലത്തെ ചികിത്സകൊണ്ട് രോഗം ഭേദമായി. കീനു മാട്രിക്സ് എന്ന സിനിമയിൽ നിന്നും ലഭിച്ച പ്രതിഫലത്തിന്റെ 70% ആണ് ക്യാൻസർ ചികിത്സിച്ച ആശുപത്രിക്ക് സംഭാവനയായി നൽകിയത്. ഇത് ഏകദേശം 32 ദശലക്ഷം ഡോളർ ആയിരുന്നു. കീനു ആരംഭിച്ച ചാരിറ്റി ഫൗണ്ടേഷൻ ക്യാൻസർ ചികിത്സാ ഗവേഷണവും കുട്ടികൾക്കായുള്ള ചികിത്സാ സഹായവും നൽകിവരുന്നു.

മൂന്ന് അകാല വിയോഗങ്ങൾ അദ്ദേഹത്തിൻറെ ജീവിതത്തിൽ വലിയ മാനസിക ആഘാതം ഉണ്ടാക്കി. ഇരുപത്തിമൂന്നാമത്തെ വയസ്സിൽ ആത്മമിത്രം ആയിരുന്ന റിവർ ഫിനിക്സിന്റെ മരണം അദ്ദേഹത്തെ വിഷാദ രോഗിയാക്കി മാറ്റി. ജെന്നിഫർ എന്ന കൂട്ടുകാരിയുമായുള്ള സൗഹൃദമാണ് അയാളെ വീണ്ടും സജീവമാക്കിയത്. എന്നാൽ ദുരന്തങ്ങൾ വീണ്ടും അയാളെ തേടിയെത്തി. ജെന്നിഫറിന്റെ ഉദരത്തിൽ ഉണ്ടായ 9 മാസം പ്രായമായ കുഞ്ഞ് ഗർഭാവസ്ഥയിൽ മരണപ്പെട്ടു. കുഞ്ഞു മരിച്ച 18 മാസം കഴിഞ്ഞപ്പോൾ ജെന്നിഫറും ഒരു വാഹനാപകടത്തിൽ മരണപ്പെട്ടു. കീനു റീവ്സിനെ അഗാധ ദുഃഖത്തിൽ ആക്കിയ ഈ ദുരന്തങ്ങളിൽ നിന്നും ആശ്വാസം ലഭിക്കാൻ അദ്ദേഹം മെഡിറ്റേഷനും യോഗയും പരിശീലിച്ചു. " മരണങ്ങൾ നമ്മെ ഏറെ സ്നേഹിക്കുന്നവർക്ക് മാത്രം ഉണ്ടാവുന്ന നഷ്ടമാണ് " എന്ന് ഒരു ഇൻറർവ്യൂവിൽ അദ്ദേഹം പറഞ്ഞ വാചകങ്ങൾ ഏറെ പ്രസിദ്ധമാണ്.

ആക്ഷൻ രംഗങ്ങൾ മികവുറ്റതാക്കാൻ കഠിന പരിശ്രമം ചെയ്തിരുന്ന അദ്ദേഹം മാട്രിക്സ് എന്ന ചിത്രത്തിലെ ഒറ്റ സീനിനു വേണ്ടി 19 തവണയാണ് 47 നില കെട്ടിടത്തിന്റെ മുകളിൽ നിന്നും താഴേക്ക് ചാടിയത്. ആക്ഷൻ രംഗങ്ങളിൽ 90% വും ഡ്യൂപ്പില്ലാതെയാണ് അദ്ദേഹം ചെയ്തിരുന്നത്. ദുരന്തങ്ങളിൽ തളർന്നുപോവാതെ അതിസമ്പന്നതയിൽ ഭ്രമിച്ച് വഴി പിഴച്ചു പോവാതെ ദാനധർമ്മങ്ങളിൽ സന്തോഷം കണ്ടെത്തി സദാ പുഞ്ചിരിച്ചുകൊണ്ട് റീവ്സ് തന്റെ വിജയ പാതയിലൂടെ സഞ്ചരിക്കുന്നു.    

Moncy Varghese

(+91 9446066314)

.