Words can bring together...

Words can bring together...
Moncy Varghese

Saturday, May 16, 2020

നിശ്ചലമായ മലയാള സിനിമ

കോവിഡിൽ ഉലഞ്ഞ സിനിമാ വ്യവസായം:

കോവിഡ് 19 മൂലം ഏറെ പ്രതിസന്ധിയിലായ ഒരു മേഖലയാണ് സിനിമാ വ്യവസായം. സാമ്പത്തിക ഭദ്രതയുള്ള ചുരുക്കം പേരൊഴിച്ചാൽ ആയിരക്കണക്കിനാളുകൾ ഈ വ്യവസായം നിലനിന്നാൽ മാത്രം ജീവിതം തള്ളിനീക്കാനാവുന്നവരാണ്. പെട്ടെന്ന് മറ്റൊരു തൊഴിൽ കണ്ടെത്തി അവയിലേക്ക് മാറാനാവാത്ത കലാകാരന്മാരും ടെക്നീഷ്യൻസുമാണ് ഇവരിൽ ഏറെയും. ഫെഫ്ക്കയിൽ അംഗങ്ങളായ പതിനോരായിരം പേരിൽ 4000 പേരും ദിവസ വേതനക്കാരാണ്. സമീപകാലത്തൊന്നും ആളുകൾ കൂട്ടം കൂടിയുള്ള പരിപാടികളൊന്നും സാധ്യമല്ലാത്തതിനാൽ കുറേ കാലത്തേക്കു കൂടി ഈ മേഖല നിശ്ചലമാകാനാണു സാധ്യത.

ഏതൊരു ഉൽപ്പന്നവും രൂപീകൃതമാകുന്നതു മുതൽ ഉപഭോക്താക്കളിൽ എത്തുന്നതു വരെ അനേകമാളുകൾ ഉൾപ്പെടുന്ന ഒരു ശൃംഖലയിലൂടെയാണ് കടന്നുപോകുന്നത്. ഈ ശൃംഖലയിൽ എവിടെയെങ്കിലും വിള്ളൽ വീണാൽ അത് വ്യവസായത്തെ ബാധിക്കും. സിനിമാ നിർമ്മാണം മുതൽ തിയേറ്ററിൽ പ്രദർശിപ്പിക്കുന്നതു വരെയുള്ള ശൃംഖല അനേകായിരങ്ങൾ ഉൾപ്പെട്ടതാണ്. അതിനാൽ തന്നെ പതനത്തിന്റെ ആഘാതവും തിരിച്ചു വരാനുള്ള കടമ്പകളും വളരെ ഏറെയാണ്.

തിയേറ്ററിൽ പ്രദർശിപ്പിക്കാൻ ആവശ്യമായ സാങ്കേതിക മികവോടെ നിർമ്മിച്ച ചിത്രങ്ങൾ നെറ്റ് ഫ്ലിക്സിലൂടെയോ ആമസോൺ പ്രൈമിലൂടെയോ കാണുമ്പോൾ ആസ്വാദനമികവ് ഉണ്ടാകില്ല. പൂർത്തീകരിച്ച ചില ചിത്രങ്ങൾ ഡിജിറ്റൽ സ്ട്രീമിങ്ങ് പ്ലാറ്റ്ഫോമുകളിലൂടെ റിലീസ് ചെയ്ത് നഷ്ടത്തിന്റെ തോത് കുറയ്ക്കാനുള്ള ശ്രമത്തിലാണ് പല നിർമ്മാതാക്കളും. ആ വഴിക്കാണ് കാര്യങ്ങൾ പോകുന്നതെങ്കിൽ തിയേറ്ററുകൾ ആകെ പ്രതിസന്ധിയിലാകും

തുടർന്നു വന്നിരുന്ന രീതിയിൽ ഈ വ്യവസായത്തിന് ഇനി കുറേ കാലത്തേക്കു കൂടി എങ്കിലും മുന്നോട്ടു പോകാനാവില്ല എന്നതാണ് യാഥാർത്ഥ്യം. ക്രിയാത്മകമായ നൂതന രീതികൾ ഈ മേഖലയിലും പ്രാവർത്തികമാകും എന്നു പ്രതീക്ഷിക്കാം.

എല്ലാ പ്രതികൂല സാഹചര്യങ്ങൾക്കും വിരാമമിട്ടു കൊണ്ട് ഏവരുടെയും ജീവിതം സാധാരണ ഗതിയിൽ എത്തുന്നതോടെ സിനിമാ വ്യവസായവും വീണ്ടും സജീവമാകും. വിനോദ വ്യവസായത്തിന് ഒരു ഇടവേള മാത്രമാണിത്. പ്രതിസന്ധിയിലായ എല്ലാ മേഖലയും പുത്തൻ ഉണർവ്വോടെ തിരിച്ചു വരും എന്നു നമുക്കു പ്രത്യാശിക്കാം.

2020 എന്ന വർഷത്തിൽ നിർമ്മാണം പൂർത്തീകരിക്കുകയോ റിലീസ് ചെയ്യുകയോ ചെയ്യേണ്ടിയിരുന്ന 120 ൽ ഏറെ മലയാള ചലച്ചിത്രങ്ങളാണ് വലിയ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നത്. ഇവയിൽ ബഹുഭൂരിപക്ഷവും വൻ തുക പലിശയ്ക്കെടുത്തു തുടങ്ങിയവയാണ്.

 നല്ലതു ഭവിക്കട്ടെ എന്ന് ആശംസിക്കാനേ സിനിമാ ആസ്വാദകർക്ക് ഈ ഘട്ടത്തിൽ സാധിക്കൂ.

എന്റെ ഒരു അന്വേഷണത്തിൽ താഴെ പറയുന്ന ചിത്രങ്ങളൊക്കെ പല ഘട്ടങ്ങളിലായി മുടങ്ങി കിടക്കുന്നവയാണ്. കോടാനു കോടിയുടെ ക്രയവിക്രയമാണ് ഇതിലൂടെ നിശ്ചലമായത്. ഏകദേശം 600 കോടിയുടെ നഷ്ടമാണ് ലോക്ക് ഡൗൺ മൂലം മലയാള സിനിമാ വ്യവസായത്തിനു സംഭവിച്ചത് എന്നു കണക്കാക്കപ്പെടുന്നു.

*കോവിഡ് 19 കാരണം പ്രതിസന്ധിയിലായ മലയാള സിനിമകൾ*

1. വിരാടപർവ്വം    : സായി പല്ലവി
2. വർത്തമാനം   : സിദ്ദിഖ്, റോഷൻ മാത്യു
3. കിങ്ങ് ഫിഷ്     : അനൂപ് മേനോൻ
4. ജാങ്കോ            : സതീഷ് , മൃണാലിനി
5. മാലിക്ക്           : ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ
6. ദി പ്രീസ്റ്റ്                  : മമ്മൂട്ടി, മഞ്ജു വാര്യർ
7. നട്ടാശ്ശേരി കൂട്ടം       : അർജുൻ അശോകൻ
8. ഹലാൽ ലൗ സ്റ്റോറി : ഇന്ദ്രജിത്ത്
9. തുറമുഖം                 : നിവിൻ പോളി
10. സാജൻ ബേക്കറി  : അജു വർഗ്ഗീസ്
11. മറിയം ടൈലേഴ്സ്  : കുഞ്ചാക്കോ ബോബൻ
12. അപ്പോസ്തോലൻ : ജയസൂര്യ
13. മിന്നൽ മുരളി         : ടോവിനോ
14. കൊച്ചാൽ               : കൃഷ്ണ ശങ്കർ
15. റാം                           : മോഹൻലാൽ
16. ഫാമിലി               : ആന്റണി വർഗീസ്
17. വെള്ളം                : ജയസൂര്യ
18. ഖജുരാഹോ        : ശ്രീനാഥ് ഭാസി
19. വൺ                   : മമ്മൂട്ടി
20. തങ്കം                   : ഫഹദ് ഫാസിൽ
21. പൊരി വെയിൽ   : ഇന്ദ്രൻസ്
22. സൂഫിയും സുജാതയും : ജയസൂര്യ
23. സുമേഷ് & രമേഷ്        : ശ്രീനാഥ് ഭാസി
24. ആറാം തിരു കൽപ്പന   : നിത്യ മേനോൻ
25. റെയിൽവേ ഗാർഡ്       : പൃത്ഥി രാജ്
26. ഭൂമി                  : ടോവിനോ
27. കുറുപ്പ്               : ദുൽഖർ
28. ബാക്ക് പാക്ക്    : കാളിദാസ് ജയറാം
29. ദേവിക              : റോഷ്ന ആൻ റോയി
30. അനുഗ്രഹീതൻ ആന്റണി : സണ്ണി വെയ്ൻ
31. മരയ്ക്കാർ       : മോഹൻലാൽ, മഞ്ജു വാര്യർ
32. ബാറോസ്         : മോഹൻലാൽ
33. സ്ത്രീ                : ഇന്ദ്രൻസ്
34. പടവെട്ട്             : നിവിൻ പോളി
35. ആഹാ              : ഇന്ദ്രജിത്ത്
36. വഹ്നി                 : നീനാ കുറുപ്പ്
37. റെഡ് സിഗ്നൽ  : ഇന്ദ്രൻസ്
38. സംസം              : മഞ്ജിമ മോഹൻ
39. പ്രാണ               : നിത്യ മേനോൻ
40. ഖരം                  : സന്തോഷ് കീഴാറ്റൂർ
41. രംഗീല               : സണ്ണി ലിയോൺ
42. ടോൾ ഗേറ്റ്        : ഗോപി സുന്ദർ
43. കരിന്തണ്ടൻ      : വിനായകൻ
44. പായൽ കുഞ്ഞുണ്ണി : ഹരീഷ് പേരടി
45. ഫോർട്ടു കൊച്ചിയിലെ ഞങ്ങ : നേഹ കൃഷ്ണ
46. ഒരു കൊച്ചു ഗ്രാമത്തിൽ  ഒരു സുന്ദരി : ജോർജ് ബേസിൽ
47. ഊഹം            : അജയ് മാത്യു
48. ലഖ്നൗ          : രാമകൃഷ്ണ, മൈഥിലി
49. അമീർ           : മമ്മൂട്ടി
50. അപാരസുന്ദര നീലാകാശം : ഇന്ദ്രൻസ്
51. പെൺ മസാല   : മുരളീധർ
52. ഇൻവിസിബിൾ വിങ്സ് : കെ.ആർ വിജയൻ
53. ജോൺ       : ഹരി നാരായണൻ
54. കാളിയൻ    : പൃത്ഥ്വിരാജ്
55. നമസ്തേ ഇന്ത്യ : വിവേക് ഗോപൻ
56. അമല                 : നന്ദിനി ശ്രീ
57. കേശു ഈ വീടിന്റെ നാഥൻ : ദിലീപ്
58. പപ്പു           : ഗോകുൽ സുരേഷ്
59. കോട്ടയം കുഞ്ഞച്ചൻ 2  : മമ്മൂട്ടി
60. വിഷമ വൃത്തം        : മനോജ് കെ ജയൻ
61. പ്രിയപ്പെട്ടവർ          : രാജസേനൻ
62. ബിലാത്തി കഥ       : മോഹൻലാൽ
63. സ്വനം        : സന്തോഷ് കീഴാറ്റൂർ
64. സമാധാനത്തിന്റെ വെള്ളരി പ്രാവുകൾ : മനു ശിവജി
65. ജാലിയൻ വാലാ ബാഗ് : സുധി കൊപ്പ
66. പദ്മിനി        : അനുമോൾ
67. മീസാൻ        : നസ്സീർ കോട്ടയം നസ്സീർ
68. ബാക്ക് ടു ലൈഫ് : മാസ്റ്റർ മിനോൺ
69. ചെങ്കൊടി        : ഷൈൻ ടോം ചാക്കോ
70. മീറ്റർ ഗേജ് 1904 : പൃത്ഥി രാജ്
71. സൈലന്റ് റേഡിയോ : ആസിഫ് അലി
72. ബിലാൽ           : മമ്മൂട്ടി
73. അനിഴം തിരുനാൾ : റാണാ
74. ഒരു റാഡിക്കൽ ചിന്താഗതി : ധർമ്മജൻ
75. ചാർളീസ് ഏഞ്ചൽ : റോഷൻ മാത്യു
76. എന്നും       : സുധീർ കരമന
77. പിള്ളേർസ് : ആകാശ്
78. കുഞ്ഞുണ്ണി കുണ്ഠിതനാണ് : സണ്ണി വെയിൻ
79. ഒടുവിൽ : ഹേമന്ദ് മേനോൻ
80. ഞാവൽപ്പഴം      : ലാൽ
81. പോരാട്ടം             : ഷാലിൻ സോയ
82. പയ്യം വള്ളി ചന്തു : രാജീവ് പിള്ള
83. സ്നേഹക്കൂട്       : ശിവജി ഗുരുവായൂർ
84. കൈരളി              : നിവിൻ പോളി
85. വീര പക്റു           : ഗിന്നസ് പക്റു
86. അറബി കടലിന്റെ റാണി: അനൂപ് മേനോൻ
87. അനുഗ്രഹം      : ജോജു  ജോർജ്
88. തൃഷ്ണ           : പൃത്ഥി രാജ്
89. മുല്ലപ്പൂ പൊട്ട്   : പ്രിയങ്കാ നായർ
90. ആലത്തൂരിലെ ഇത്തിരി വെട്ടം: രമ്യ നമ്പീശൻ
91. കൊസറാ കൊള്ളി : അനൂപ് മേനോൻ
92. വാഴ്‌വേമായം     : കുഞ്ചാക്കോ ബോബൻ
93. പേരിനൊരാൾ    : സുരാജ് വെഞ്ഞാറമ്മൂട്
94. ഡെഡ് ലൈൻ    : ഗോപൻ ആർ നായർ
95. ബേബി സിറ്റർ     : ബിജു മേനോൻ
96. ആണെങ്കിലും അല്ലെങ്കിലും : ഫഹദ് ഫാസിൽ
97. രാജാ 2                 : മമ്മൂട്ടി
98. കന്യാവനങ്ങൾ : പി.കെ ബിജു
99. ഒരു പെണ്ണുകാണൽ കഥ : വിജയ്
100. ദേവദാരുവിലെ മഞ്ഞ് : അനൂപ് മേനോൻ
101. ഒരു ഭയങ്കര കാമുകൻ : ദുൽഖർ
102. പഞ്ചാര പാലു മിഠായി : ഗോകുൽ സുരേഷ്
103. അശ്വതിവിലാസം ഗുണ്ടാ സംഘം : അജു
104. ചെങ്ങാഴി നമ്പ്യാർ    : ടോവിനോ
105. ടിക് ടോക്ക്               : ടോവിനോ
106. പ്രൊഫസർ ഡിങ്കൻ : ദിലീപ്
107. മൈസൂർ 150 KM    : സുധീർ കരമന
108. കറാച്ചി 81                 : പൃത്ഥി രാജ്
109. നീയില്ലാതെ        : അവിനാശ് നരസിംഹ
110. മാറ്റം                   : വിക്ടർ മാധവ്
111. വാക്ക്                 : സുരാജ് വെഞ്ഞാറമ്മൂട്
112. CBI 5                  : മമ്മൂട്ടി
113. അടി കപ്യാരേ കൂട്ടമണി 2 : ധ്യാൻ ശ്രീനി
114. പെയിന്റിങ്ങ് ലൈഫ്      : പ്രിത്ഥി രാജ്
115. കടലാസു പുലി              : അജു വർഗീസ്
116. ദി ലെജന്റ്                     : ദിലീപ്
117. ഡാൻസിങ് ഡെത്ത്       : ജഗദീഷ്
118. മണിയറയിൽ ജിന്ന് : ഫഹദ് ഫാസിൽ
119. സദ്ദാം ശിവൻ          : ദിലീപ്
120. 2 ജന്റിൽ മെൻ        : ആസിഫ് അലി
121. എന്റെ സത്യാന്വേഷ പരീക്ഷകൾ : സുരാജ്
122. മെഗാസ്റ്റാർ 393       : മമ്മൂട്ടി
123. മെമ്മറി കാർഡ്       : മോഹൻലാൽ
124. ആടു ജീവിതം          : പ്രിത്ഥ്വിരാജ്
125. നാളെ        : ഫഹദ് ഫാസിൽ
126. ദി വോട്ടർ  : സലിം കുമാർ
127. ഒരുത്തീ     : നവ്യാ നായർ
128. അജഗജാന്തരം : ചെമ്പൻ വിനോദ്
129. കാവൽ     : സുരേഷ് ഗോപി

അനിശ്ചിതത്വം അവസാനിച്ച് എത്രയും വേഗത്തിൽ മലയാള സിനിമാ രംഗം വർദ്ധിത വീര്യത്തോടെ മലയാളി പ്രേക്ഷകരെ ആസ്വദിപ്പിക്കുവാനും ആനന്ദിപ്പിക്കുവാനും കഴിയട്ടെ എന്നു ഹൃദ്യമായി ആശംസിക്കുന്നു🔥✨

ഈ ലിസ്റ്റ് അപൂർണ്ണമാണ്..
കൂടുതൽ വിവരങ്ങൾ അറിയുന്നവർ കമന്റു ചെയ്യുക..
വിവിധ ഓൺലൈൻ സ്രോതസുകളിൽ നിന്നും ശേഖരിച്ച വിവരങ്ങൾ.
മലയാള സിനിമാ മേഖലയിലുണ്ടായ പ്രതിസന്ധികളെക്കുറിച്ച് നടത്തിയ ഒരു ചെറിയ അന്വേഷണത്തിൽ നിന്നുമുള്ള അറിവാണ്. ഇതൊരു ആധികാരിക രേഖയല്ല. ആർക്കും മാറ്റം വരുത്താം



സസ്നേഹം❤️
മോൻസി വർഗീസ് കോട്ടയം🙏
+919446066314

Sunday, May 10, 2020

വിലമതിക്കാനാവാത്ത സമ്പത്ത്

സമ്പന്നൻ എന്നാൽ ധാരാളം പണമുള്ളവൻ എന്നാണ് മിക്കവരും ധരിച്ചിരിക്കുന്നത്. എന്നാൽ സമ്പന്നനാവാൻ പണം വേണെന്നില്ല. നമ്മെ ധന്യമാക്കുന്നതെന്തോ അതാണു ധനം അഥവാ സമ്പത്ത്.

പണം ഉപയോഗിച്ചു നാം വാങ്ങിയെക്കെയും നശിച്ചാലും നമ്മിൽ എന്ത് അവശേഷിക്കുന്നുവോ അതാണ് യഥാർത്ഥ സമ്പത്ത്. ആയുസ്, ആരോഗ്യം, അറിവ്, അനുഭവം, ആത്മബന്ധങ്ങൾ, ആത്മവിശ്വാസം എന്നിങ്ങനെ അ യിൽ തുടങ്ങുന്ന ആറു കാര്യങ്ങൾ മനുഷ്യരുടെ യഥാർത്ഥ സമ്പത്താണ് . ഇവയുണ്ടെങ്കിൽ പണം നേടാവുന്നേയുള്ളൂ. എന്നാൽ പണം ഉള്ളതു കൊണ്ടു മാത്രം ഈ സമ്പത്തു നേടാനുമാവില്ല.

പണത്തിനു പിന്നാലെ പാഞ്ഞാൽ അതു ലഭിക്കില്ല. പണം നമ്മെ തേടി വരണം. ചിത്രശലഭങ്ങളെ പിടിക്കാൻ അതിനു പിന്നാലെ പാഞ്ഞാൽ ലഭിക്കണം എന്നില്ല. എന്നാൽ നിങ്ങളൊരു പൂന്തോട്ടം നിർമ്മിക്കൂ ശലഭങ്ങൾ നിങ്ങളെ തേടി എത്തും

Thursday, October 17, 2019

പട്ടിണി അകറ്റിയ ബോർലോഗ്

പട്ടിണി അകറ്റിയ ബോർലോഗ്
~മോൻസി വർഗീസ്

കോടിക്കണക്കിനു ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്നു കരകയറ്റാൻ കാരണക്കാരനായ കൃഷികാര്യ വിദഗ്ധനും മനുഷ്യസ്നേഹിയുമായിരുന്നു നോർമൻ ബോർലോഗ് (Norman Borlaugh). ഹരിതവിപ്ലവത്തിന്റെ പിതാവെന്നു വിളിക്കപ്പെടുന്ന ബോർലോഗ് ആധുനിക കൃഷിരീതികൾ അവലംബിച്ചുകൊണ്ട് ഇന്ത്യയടക്കം നിരവധി രാജ്യങ്ങളിൽ ഭക്ഷ്യ ഉൽപാദനം ഗണ്യമായ തോതിൽ വർധിപ്പിക്കുന്നതിൽ നിസ്തുല സംഭാവനകളാണു നൽകിയിട്ടുള്ളത്. 1970 ലെ സമാധാനത്തിനുള്ള  നൊബേൽ സമ്മാനം കരസ്ഥമാക്കിയ ബോർലോഗിന്റെ പ്രവർത്തനങ്ങളുടെ ഫലമായി നൂറുകോടിയിലേറെ ആളുകളെ ദാരിദ്ര്യത്തിന്റെയും കൊടുംപട്ടിണിയുടെയും ഗതികെട്ട അവസ്്ഥയിൽനിന്നു കരകയറ്റാൻ കഴിഞ്ഞതായാണു കണക്കാക്കിയിട്ടുള്ളത്. 💫

1914 മാർച്ച് 25 ന് അമേരിക്കയിലെ അയോവയിൽ ജനിച്ച നോർമൻ ബോർലോഗിന്റെ ബാല്യകാലം ദാരിദ്ര്യവും കഷ്ടപ്പാടുകളും നിറഞ്ഞതായിരുന്നു. പഠനത്തിൽ സമർഥനായിരുന്ന അദ്ദേഹം 1937ൽ മിനസോട്ട സർവകലാശാലയിൽനിന്ന് ഫോറസ്ട്രിയിൽ ബിരുദവും 1942 ൽ സസ്യങ്ങളിലുണ്ടാകുന്ന രോഗങ്ങളെക്കുറിച്ചുള്ള പഠനത്തിൽ ഡോക്ടറേറ്റും നേടി. മഹായുദ്ധങ്ങൾ മൂലം സമ്പന്ന രാജ്യങ്ങൾപോലും കടുത്ത ഭക്ഷ്യക്ഷാമം നേരിടുന്ന ഒരു കാലഘട്ടമായിരുന്നു അത്. ശാസ്ത്രീയമായ കൃഷിരീതികൾ പ്രായോഗികമാക്കുന്നതിലൂടെ മാത്രമേ ലോകത്തെ പട്ടിണി അകറ്റാൻ കഴിയൂ എന്നു ബോർലോഗ് മനസിലാക്കി. 🌱

1944 മുതൽ മെക്സിക്കോയിൽ ഗോതമ്പ് ഉൽപാദനം വർധിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായി പ്രവർത്തിച്ച ബോർലോഗിനു തന്റെ 20 വർഷത്തെ ഗവേഷണഫലമായി രോഗപ്രതിരോധ ശേഷിയുള്ള ഗോതമ്പിനങ്ങൾ വികസിപ്പിച്ചെടുക്കാൻ സാധിച്ചു. കീടങ്ങളെ പ്രതിരോധിക്കുന്ന കൃഷിരീതികൾ പ്രായോഗികമാക്കിയതിലൂടെ മെക്സിക്കോയിലെ ഭക്ഷ്യോൽപാദനം വൻതോതിൽ വർധിച്ചു. നോർമൻ ബോർലോഗിന്റെ ഗവേഷണ പരീക്ഷണങ്ങൾക്ക് റോക്ക്ഫെല്ലർ ഫൗണ്ടേഷന്റെ സാമ്പത്തിക സഹായവും ലഭിച്ചിരുന്നു. 🌾

കടുത്ത ദാരിദ്ര്യം അനുഭവിച്ചിരുന്ന മെക്സിക്കോ എന്ന രാജ്യത്തെ ഭക്ഷ്യ വിപ്ലവത്തിലൂടെ 1963 മുതൽ ഗോതമ്പ് കയറ്റുമതി ചെയ്യുന്ന തലത്തിലേക്ക് ഉയർത്താൻ നോർമൻ ബോർലോഗിന്റെ പ്രവർത്തനങ്ങൾക്കായി. പൂർണ സമയവും കൃഷിയിടങ്ങളിൽ കഴിഞ്ഞിരുന്ന ബോർലോഗ് കഠിനാധ്വാനിയായ ഒരു ഗവേഷകനായിരുന്നു. ഭക്ഷ്യക്ഷാമം അനുഭവിച്ചിരുന്ന ഇന്ത്യയും പാക്കിസ്ഥാനും ബോർലോഗിന്റെ സേവനം പ്രയോജനപ്പെടുത്തി. 1965 മുതൽ ഇന്ത്യയിൽ പ്രവർത്തിച്ച അദ്ദേഹം അഞ്ചു വർഷംകൊണ്ട് ഗോതമ്പ് ഉൽപാദനം അഞ്ച് ഇരട്ടിയാക്കി. നിരവധി ആഫ്രിക്കൻ രാജ്യങ്ങളും ബോർലോഗിന്റെ കൃഷിരീതികൾ പ്രായോഗികമാക്കിക്കൊണ്ട് ദാരിദ്ര്യത്തെ ഒരു പരിധിവരെ അകറ്റിനിർത്തുന്നതിൽ വിജയിച്ചു. 🌾🌾🌾

ഭക്ഷ്യോൽപാദന രംഗത്ത് ശ്രദ്ധേയമായ സംഭാവന നൽകുന്നവർക്കായി 1986 മുതൽ ഏർപ്പെടുത്തിയ വേൾഡ് ഫുഡ് പ്രൈസിന്റെ പിന്നിൽ പ്രവർത്തിച്ചതും ബോർലോഗായിരുന്നു. നൊബേൽ സമ്മാനം കൂടാതെ അൻപതോളം ബഹുമതി ഡോക്ടറേറ്റുകളും നേടിയ അദ്ദേഹം ഒരു മികച്ച അധ്യാപകൻകൂടി ആയിരുന്നു. പുത്തൻ അറിവുകളോടുള്ള അഭിനിവേശവും അർപ്പണ മനോഭാവവുമായിരുന്നു അദ്ദേഹത്തിന്റെ വിജയരഹസ്യം. അമേരിക്കയിലെ പരമോന്നത ബഹുമതിയായ പ്രസിഡന്റ്സ് മെഡൽ ഓഫ് ഫ്രീഡം നേടിയ അപൂർവം വ്യക്തിത്വങ്ങളിൽ ഒരാളാണ് ബോർലോഗ്. 🥇🏆

2009 ൽ തൊണ്ണൂറ്റി അഞ്ചാമത്തെ വയസിൽ മരണപ്പെട്ട നോർമൻ ബോർലോഗ് തുടക്കംകുറിച്ച ഭക്ഷ്യവിപ്ലവവും കാർഷിക രംഗത്തെ ഗവേഷണങ്ങളും ഇന്നും അഭംഗുരം തുടരുന്നു. കാർഷിക മേഖലയെക്കുറിച്ചു പഠിക്കുന്ന ഏതൊരു വിദ്യാർഥിയുടെയും അനുകരണീയ മാതൃകയാണ് ബോർലോഗ്. പഠിച്ച കാര്യങ്ങൾ ജനോപകാരപ്രദമായ കാര്യങ്ങൾക്കായി വിനിയോഗിക്കുന്നവർ എക്കാലവും സ്മരിക്കപ്പെടും. കാർഷികരംഗത്ത് ഗവേഷണങ്ങൾ നടത്തുന്ന ഇന്ത്യൻ ശാസ്ത്രജ്ഞർക്കായി 1972 മുതൽ ‘ബോർലോഗ് അവാർഡ്’ നിലവിലുണ്ട്. അഞ്ചു ലക്ഷം രൂപയും സ്വർണ മെഡലുമാണു സമ്മാനമായി നൽകുന്നത്. 🏵🎖

*മോൻസി വർഗീസ്*
+91 9446066314


Friday, November 16, 2018

തടസ്സങ്ങളെ അതിജീവിക്കുക

പ്രശ്നമാക്കരുത് പ്രശ്നങ്ങളെ
~ മോൻസി വർഗീസ്





ഓരോ ദിവസവും നൂറു കണക്കിന് പ്രശ്നങ്ങളെ അതിജീവിച്ചാണ് നാം മുന്നോട്ടു നീങ്ങുന്നത്. പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്ന അതിസങ്കീർണമായ മെഷീനാണ് മനുഷ്യനെന്നു പറയാം. ലോകത്ത് നാം ഇന്ന് അനുഭവിക്കുന്ന സുഖസൗകര്യങ്ങളൊക്കെയും കാലാകാലങ്ങളായി ഓരോരുത്തർ പരിഹാരം കണ്ട പ്രശ്നങ്ങളുടെ ഫലമാണ്. ചൂട് എന്ന പ്രശ്നത്തെ അതിജീവിക്കാൻ മനുഷ്യൻ വിശറി കണ്ടുപിടിച്ചു. പിന്നീട് ഫാൻ കണ്ടുപിടിച്ചു. പിന്നീട് എയർകണ്ടീഷനിങ് സിസ്റ്റം വന്നു. ചുറ്റുപാടുമൊന്നു കണ്ണോടിച്ചാൽ ഒരു കാര്യം മനസ്സിലാകും, നാം ഉപയോഗിക്കുന്ന ഓരോ ഉപകരണങ്ങളും വസ്തുക്കളുമൊക്കെ ഓരോ പ്രശ്നങ്ങൾക്കുള്ള പരിഹാരങ്ങളാണ്. ശാസ്ത്ര സാങ്കേതിക വിദ്യകളിലൂടെ മനുഷ്യർ മുന്നേറിയത് അവൻ പ്രശ്നങ്ങളെ അതിജീവിക്കാൻ കാണിച്ച ഔൽസുക്യവും തന്റേടവും കൊണ്ടാണ്. സ്വാമി വിവേകാനന്ദൻ പറഞ്ഞത് പോലെ ‘‘സാഹചര്യങ്ങളെ അനുസരിച്ചു പോകാനല്ല, മറിച്ച് സാഹചര്യങ്ങളെ അതിജീവിക്കാനാണ് മനുഷ്യൻ ജനിച്ചത്’’. നമ്മുടെ മുൻപിലുള്ള ഏതു പ്രശ്നങ്ങൾക്കുമുള്ള പരിഹാരം കണ്ടെത്താനുള്ള ശ്രമം നടത്തുമ്പോഴാണ് നാം യഥാർഥ മനുഷ്യനാവുന്നത്.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ വാഹന സംബന്ധമായ ഗവേഷണങ്ങൾക്കും കണ്ടു പിടിത്തങ്ങൾക്കും നേതൃത്വം നൽകിയ അമേരിക്കക്കാരനാണ് ചാൾസ് കെറ്റെറിങ് (Charles Kettering). വാഹനങ്ങളുടെ സെൽഫ് സ്റ്റാർട്ടറും ശീതീകരണ വാതകവും അടക്കം 140ൽപരം കണ്ടുപിടിത്തങ്ങൾ കെറ്റെറിങ്ങിന്റെ പേരിലുണ്ട്. ഒരു എൻജിനീയർ എന്നതിനേക്കാളുപരി സാമൂഹിക പരിവർത്തനത്തിനായി പുതിയ കാര്യങ്ങൾ ചെയ്യാൻ ചെറുപ്പക്കാർക്ക് പ്രചോദനം നൽകിയ ഒരു ദാർശനികൻ കൂടി ആയിരുന്നു അദ്ദേഹം. ‘‘നിങ്ങളുടെ മുൻപിലുള്ള പ്രശ്നം എന്താണെന്ന് കൃത്യമായി നിർണയിക്കാൻ കഴിഞ്ഞാൽ ആ പ്രശ്നത്തിന്റെ പകുതിയും പരിഹരിച്ചു കഴിഞ്ഞു’’ എന്ന കെറ്റെറിങ്ങിന്റെ ഉദ്ധരണി പ്രസിദ്ധമാണ്.

നമ്മുടെ മുൻപിലുള്ള പ്രശ്നങ്ങൾ എന്തൊക്കെ എന്ന് ഒരു കടലാസിൽ എഴുതാൻ കഴിഞ്ഞാൽ തന്നെ പകുതി പരിഹാരമായി. പ്രശ്നങ്ങളുണ്ടാവുമ്പോൾ അതിൽ നിന്നും ഒളിച്ചോടുകയല്ല വേണ്ടത്. അവയെ അതിജീവിക്കുവാനുള്ള പരിഹാരങ്ങൾ കണ്ടെത്തുകയാണ് ചെയ്യേണ്ടത്. ചില പ്രശ്നങ്ങൾ നാം വിചാരിച്ചാൽ പരിഹരിക്കാവുന്നവ ആയിരിക്കും. മറ്റു ചിലവ മറ്റുള്ളവരുടെ സഹായത്താൽ പരിഹരിക്കാൻ കഴിയും. ആരു വിചാരിച്ചാലും പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങളുമുണ്ട്. മഴ, ഇടിവെട്ട്, ഭൂചലനം... തുടങ്ങിയവ.

ചുരുക്കിപ്പറഞ്ഞാൽ പ്രശ്നങ്ങൾ രണ്ടു വിധത്തിലുള്ളവയാണ്. പരിഹരിക്കാൻ കഴിയാവുന്നവയും പരിഹരിക്കാൻ കഴിയാത്തവയും. പരിഹരിക്കാൻ കഴിയുന്ന കാര്യങ്ങൾക്ക് ഒന്നിലേറെ പരിഹാര മർഗങ്ങളുണ്ടാവും. അവയിൽ ഏറ്റവും ഉചിതമായത് തിരഞ്ഞെടുത്ത് ചെയ്യുക. ചിലപ്പോൾ നാം തിരഞ്ഞെടുത്ത മാർഗം വിജയിക്കണമെന്നില്ല. അപ്പോൾ അടുത്ത മാർഗം സ്വീകരിക്കുക. ഇങ്ങനെ പല പ്രാവശ്യം തോറ്റാൽ മാത്രമേ ചിലപ്പോൾ വലിയ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ കഴിയൂ. പല പ്രാവശ്യം തോറ്റിട്ടും ബുദ്ധിപരമായി വീണ്ടും ചെയ്യാനുള്ള മനോഭാവമാണ് പലരെയും മഹാൻമാരാക്കിയത്.

https://www.manoramaonline.com/education/expert-column/be-positive/problems.html

Saturday, November 10, 2018

ആൽക്കെമിസ്റ്റിന്റെ രത്നച്ചുരുക്കം

സ്വപ്നത്തെ അനുഗമിച്ച സാന്റിയാഗോ
~ മോൻസി വർഗീസ്


മൂന്നു പതിറ്റാണ്ടുകളായി ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു നോവലാണ് ബ്രസീലുകാരനായ പൗലോ കൊയ്‌ലോ രചിച്ച ‘ദി ആൽക്കെമിസ്റ്റ്’. 67 ഭാഷകളിലായി ആറരക്കോടി കോപ്പികൾ വിറ്റഴിഞ്ഞ ഈ ഗ്രന്ഥം ഒരു നോവൽ എന്നതിലേറെ പ്രചോദനാത്മക ഗ്രന്ഥം എന്ന പേരിലാണ് അറിയപ്പെടുന്നത്. അതിപ്രശസ്തർ മുതൽ സാധാരണക്കാർ വരെ ഈ നോവലിന്റെ ആരാധകരാണ്. 30 ഗ്രന്ഥങ്ങൾ രചിച്ച പൗലോ കൊയ്‌ലോയ്ക്ക് ആഗോളതലത്തിൽ ഖ്യാതി നേടിക്കൊടുത്തത് ‘ദി ആൽക്കെമിസ്റ്റ്’ ആണ്. തീവ്രമായി ആഗ്രഹിക്കുന്ന കാര്യത്തിനായി ഇറങ്ങി പുറപ്പെട്ടാൽ ഈ പ്രപഞ്ചംപോലും സ്വപ്നസാക്ഷാത്കാരത്തിനായി നിങ്ങളോടൊപ്പമുണ്ടാകും എന്ന മൂലാശയത്തിലൂന്നിയാണ് ഈ നോവൽ വികസിക്കുന്നത്.

ഇടയബാലനായ സാന്റിയാഗോ താൻ സ്വപ്നത്തിൽ ദർശിച്ച നിധി തേടി സ്പെയിനിൽ നിന്നും ഈജിപ്തിലേക്ക് യാത്ര ചെയ്യുന്നു. യാത്രയ്ക്കിടയിൽ കണ്ടുമുട്ടുന്ന വ്യത്യസ്തരായ വ്യക്തികളിൽ നിന്നും ലഭിക്കുന്ന അറിവുകളും അനുഭവങ്ങളും സാന്റിയാഗോയ്ക്ക് പുതിയ ജീവിതവീക്ഷണങ്ങളും കാഴ്ചപ്പാടുകളും സമ്മാനിക്കുന്നു. ഒരു വ്യക്തിയിലുണ്ടാകുന്ന മാനസിക പരിവർത്തനങ്ങളെ ക്രമാനുഗതമായി അവതരിപ്പിക്കുന്നതിനു സാന്റിയാഗോ എന്ന കഥാപാത്രത്തെ പൗലോ കൊയ്‌ലോ സമർഥമായി ഉപയോഗിക്കുന്നു. സാന്റിയാഗോ കണ്ടുമുട്ടി പരിചയപ്പെട്ട വൃദ്ധനായ ഒരു രാജാവും, ഭാഗ്യാന്വേഷിയായ ഇംഗ്ലിഷുകാരനും, അറബി പെൺകുട്ടിയും, ആൽക്കെമിസ്റ്റുമൊക്കെ പങ്കുവച്ച ജീവിത യാഥാർഥ്യങ്ങളാണു വായനക്കാരെ പ്രചോദിതരാക്കുന്നത്. ഹൃദയത്തിൽ താലോലിക്കുന്ന സ്വപ്നങ്ങളെ പിന്തുടരുന്നവർക്ക് ഈ ഉപദേശങ്ങൾ ഒരു മാർഗരേഖയാണ്.

 *‘'ദി ആൽക്കെമിസ്റ്റി’’ലെ ആശയങ്ങളുടെ രത്നച്ചുരുക്കം ഇവയാണ്:–*

1. എന്തു വേണം എന്നു തീരുമാനിക്കുക. ജീവിതത്തിൽ എന്തൊക്കെ നേടണം എന്നു കൃത്യമായി തീരുമാനമെടുത്തവർക്കേ അതു നേടാൻ കഴിയൂ.

2. ചെയ്യുന്ന കാര്യങ്ങൾ ഏകാഗ്രതയോടെ ചെയ്യുക. ഒരു കാര്യം ചെയ്തുകൊണ്ടിരിക്കുമ്പോൾ മറ്റൊന്നിനെക്കുറിച്ചു ചിന്തിക്കാതിരിക്കുക.

3. നല്ലതു കാണുക. നമ്മുടെ ജീവിത യാത്രയ്ക്കിടയിൽ നിരവധി സുന്ദര മുഹൂർത്തങ്ങൾ നാം നഷ്ടപ്പെടുത്താറുണ്ട്.

4. പ്രവർത്തനങ്ങളില്ലാത്ത സ്വപ്നം നിഷ്ഫലമാണ്. സ്വപ്ന നേട്ടങ്ങൾക്കായി പ്രവർത്തിച്ചുകൊണ്ടേയിരിക്കുക.

5. പഠനം ഒരു ശീലമാക്കു. പുതിയ അറിവുകളിലൂടെയും അനുഭവങ്ങളിലൂടെയും മാത്രമേ പരിവർത്തനം സാധ്യമാകൂ.

6. പരാജയങ്ങളെ ഭയപ്പെടാതിരിക്കുക. പരാജയങ്ങൾ പുതിയ അറിവും അനുഭവവും നൽകുന്നു. വീണ്ടും ശ്രമിക്കുക.

7. ഇതുവരെ ചെയ്യാത്ത പുതിയ കാര്യങ്ങൾ ചെയ്യുക. ചെയ്യാത്ത കാര്യങ്ങൾ ചെയ്യുമ്പോൾ കൂടുതൽ ആത്മവിശ്വാസം കൈവരിക്കാൻ കഴിയും.

8. ലക്ഷ്യത്തിൽ എത്തിച്ചേരുംവരെ സ്വപ്നത്തെ പിന്തുടരുക. ശ്രമത്തിൽ നിന്നും പിന്മാറരുത്.

ഓരോരുത്തർക്കും അവരവരുടേതായ ആഗ്രഹങ്ങളും സ്വപ്നങ്ങളുമുണ്ട്. ശരിയായ പാതയിലൂടെ സഞ്ചരിക്കുന്നവർക്കേ ലക്ഷ്യത്തിൽ എത്താൻ കഴിയൂ.


Thursday, November 30, 2017

ഇലോൺ മസ്ക് (Elon Musk)

*സ്വപ്നം കണ്ട് കോടീശ്വരനായ ഇലോൺ മസ്ക്

~ മോൻസി വർഗീസ്

ഓരോരുത്തർക്കും അവരവരുടേതായ ആഗ്രഹങ്ങളും സ്വപ്നങ്ങളും ഉണ്ട്. ആഗ്രഹങ്ങളും സ്വപ്നങ്ങളും സഫലീകരിക്കുമ്പോഴാണ് വിജയങ്ങളുണ്ടാകുന്നത്. ചിലർ പരിമിതികളുള്ള സ്വപ്നങ്ങൾ കാണുമ്പോൾ മറ്റു ചിലർ അസംഭവ്യം എന്നു തോന്നാവുന്ന സ്വപ്നങ്ങള്‍ കാണുന്നു. ലോകത്ത് മാറ്റങ്ങൾ സംഭവിപ്പിച്ചവരൊക്കെയും അസാധാരണമായ ഉന്നത ചിന്തകൾ ഉള്ളവരായിരുന്നു. സാധാരണ ആളുകൾ തന്നെക്കൊണ്ട് അതു ചെയ്യുവാൻ കഴിയുമോ എന്നു ചിന്തിക്കുമ്പോൾ അസാധാരണ മികവ് പുലർത്തുന്നവർ എന്തുകൊണ്ട് അതു ചെയ്യാൻ കഴിയില്ല എന്നു ചിന്തിക്കുന്നു. മനുഷ്യരെക്കൊണ്ട് ചെയ്യാൻ കഴിയില്ല എന്നു വിശ്വസിച്ചിരുന്ന പല കാര്യങ്ങളും സംഭവ്യമാക്കിയത് തന്റേടത്തോടെ മുന്നിട്ടിറങ്ങിയ ചില അസാധാരണ വ്യക്തിത്വങ്ങളാണ്. അത്തരത്തിലുള്ള ഒരു അസാധാരണ വ്യക്തിത്വമാണ് ഇലോൺ മസ്ക് (Elon Musk).

ഇലോൺ മസ്ക് പറയുന്നതൊക്കെയും ലോകം താൽപര്യപൂർവമാണ് ശ്രവിക്കുന്നത്. കേൾക്കുമ്പോൾ അസാധ്യമെന്നു തോന്നുന്ന കാര്യങ്ങളാണ് അദ്ദേഹം പറയുന്നതെങ്കിലും, പറഞ്ഞ കാര്യങ്ങളൊക്കെയും യാഥാർഥ്യമാക്കിക്കൊണ്ട് ആരെയും അമ്പരപ്പിക്കുന്ന പ്രവർത്തനങ്ങളാണ് ഇലോൺ മസ്ക് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. 2040 ആവുമ്പോൾ ചൊവ്വാ ഗ്രഹത്തിൽ എൺപതിനായിരത്തോളം മനുഷ്യർ വസിക്കുന്ന ഒരു കോളനി നിർമിക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. സാധ്യമാകുമോ എന്ന് പലർക്കും സംശയം തോന്നാമെങ്കിലും ഉന്നതമായ ലക്ഷ്യസാക്ഷാത്കാരത്തിനായുള്ള പ്രാരംഭ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചുകഴിഞ്ഞു.

1971 ജൂൺ 28 ന് സൗത്ത് ആഫ്രിക്കയിൽ ജനിച്ച ഇലോൺ മസ്ക് പിന്നീട് അമേരിക്കയിലെ പെൻസിൽവാനിയ യൂണിവേഴ്സിറ്റിയിൽ നിന്നും ഊർജതന്ത്രത്തിലും ധനതത്വശാസ്ത്രത്തിലും ബിരുദം നേടി. സഹോദരൻ കിംബൽ മസ്കുമൊത്ത് 1995 ൽ ആരംഭിച്ച ഇന്റർനെറ്റ് അധിഷ്ഠിത സേവനങ്ങൾ നൽകുന്ന ZIP2 എന്ന കമ്പനിയിലൂടെ ബിസിനസിലേക്ക് കടന്നു. പിതാവിൽ നിന്നും ലഭിച്ച 28,000 ഡോളർ ഉപയോഗിച്ച് തുടങ്ങിയ കമ്പനി 1999ൽ വിറ്റപ്പോൾ ലഭിച്ചത് 22 മില്യൺ ഡോളറാണ്. പിന്നീടങ്ങോട്ട് വ്യത്യസ്തങ്ങളായ ബിസിനസ് സംരംഭങ്ങളിലൂടെ ഉയർച്ചകളും താഴ്ചകളും താണ്ടിയ ഇലോൺ മസ്ക് ഇന്ന് ലോകത്തെ അതിസമ്പന്നരുടെ പട്ടികയിലാണുള്ളത്. ലോകത്ത് ഏറ്റവും സ്വാധീനമുള്ളവരുടെ ഫോബ്സ് പട്ടികയിൽ ഇലോൺ മസ്ക് 21–ാം സ്ഥാനത്താണ്.

‌ഇലോൺ മസ്ക് തുടക്കംകുറിച്ച സംരംഭങ്ങളായ സ്പേസ് എക്സ് (Space X), ടെസ്‌ല മോട്ടോഴ്സ്, ഹൈപ്പർ ലൂപ്പ്, സോളർ സിറ്റി... തുടങ്ങിയവ ലോകത്തെ തന്നെ മാറ്റിമറിക്കാവുന്ന പദ്ധതികളാണ്. മാനവ രാശിയുടെ ഭാവിക്ക് വിനാശകരമാകുന്ന കാർബൺ പുറംതള്ളലിനെ പരമാവധി കുറയ്ക്കാൻ ഉതകുന്ന ഉൽപന്നങ്ങളും ആശയങ്ങളും അദ്ദേഹം വിഭാവനം ചെയ്തിട്ടുണ്ട്. ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങൾക്ക് ബദലായാണ് അദ്ദേഹം നേതൃത്വം നൽകുന്ന ടെസ്‍ല മോട്ടോഴ്സ് പരിസ്ഥിതി സൗഹൃദങ്ങളായ ഇലക്ട്രിക് കാറുകൾ ഉൽപാദിപ്പിക്കുന്നത്. കൂടുതൽ കമ്പനികൾ ഇലക്ട്രിക് കാർ നിർമാണ മേഖലയിലേക്ക് കടന്നു വരാനായി ടെസ്‍ലയുടെ എല്ലാ കണ്ടു പിടിത്തങ്ങളും ആർക്കും സ്വതന്ത്രമായി ഉപയോഗിക്കാനുള്ള അനുവാദം കൊടുത്തിരിക്കുകയാണ്.

മാനവരാശിക്ക് ഭാവിയിൽ ഉണ്ടാകാവുന്ന വെല്ലുവിളികളെ മുൻകൂട്ടി തിരിച്ചറിയുവാനും അതിനനുസൃതമായ പദ്ധതികൾ രൂപീകരിക്കാനും പ്രാപ്തിയുള്ള ഇയോൺ മസ്കിനെ പോലെയുള്ളവരുടെ സംഭാവനകൾ ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണ്. അസാധ്യമെന്ന് മറ്റുള്ളവർക്കു തോന്നുന്ന കാര്യങ്ങളെക്കുറിച്ച് സ്വപ്നം കാണാൻ കഴിയുന്നവർക്ക് ലോകത്തെ തന്നെ മാറ്റി മറിക്കാൻ കഴിയും. നല്ലൊരു ഭാവിക്കായി നമുക്കും സ്വപ്നം കാണാം.



Article published in the Manorama online

Thursday, August 3, 2017

വായിച്ച് വളരാം

         വായന: മനസ്സിന്റെ വ്യായാമം                                      ~ മോൻസി വർഗീസ്


                         Johannes Gutenberg


കണ്ണ് തുറന്ന് പിടിച്ച് സ്വപ്നം കാണുന്ന ഒരു പ്രക്രിയയാണ് വായന. ലോക ചരിത്രത്തിൽ ഇടം നേടിയ മഹത്തുക്കളൊക്കെയും വായനയിലൂടെ വളർന്നവരാണ്. ഈ ഒരു ശീലം ആർജ്ജിച്ചവരുടെ ജീവിതത്തിലെ ഓരോ നിമിഷങ്ങളും സജീവമായിരിക്കും.

‘‘വായിച്ചാൽ വളരും, വായിച്ചില്ലെങ്കിലും വളരും, വായിച്ചാൽ വിളയും, വായിച്ചില്ലെങ്കിൽ വളയും’’ 
എന്ന കുഞ്ഞുണ്ണി മാഷിന്റെ കവിത കേൾക്കാത്ത മലയാളികൾ ഉണ്ടാവില്ല. ചൈനക്കാർ ലോകത്തിന് സമ്മാനിച്ച ഏറ്റവും വലിയ സംഭാവനയാണ് കടലാസിന്റെ കണ്ടുപിടിത്തം. പതിനഞ്ചാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ജോഹന്നാസ് ഗുട്ടൻബർഗ് അച്ചടി യന്ത്രം വികസിപ്പിച്ചെടുത്തതോടെ പുസ്തകങ്ങളും അവയിലൂടെ പ്രചരിച്ച അറിവുകളും ആശയങ്ങളുമൊക്കെ ലോകത്തിന്റെ ഗതിവിഗതികളെ മാറ്റിമറിച്ചു. ആശയസമ്പാദനത്തിന് നിരവധി മാർഗങ്ങൾ ഉണ്ടെങ്കിലും വായനയിലൂടെ ലഭിക്കുന്ന ആനന്ദം ഒന്നു വേറെതന്നെയാണ്. വായനയെ പ്രോൽസാഹിപ്പിക്കുന്ന കാര്യത്തിൽ മലയാളി എന്നും മുൻപന്തിയിലാണ്.

വായനകൊണ്ടുള്ള പ്രയോജനങ്ങളും അതിന്റെ പ്രസക്തിയും പ്രചരിപ്പിച്ചിരുന്ന ആളാണ് ഇംഗ്ലിഷ് എഴുത്തുകാരനായ ജോസഫ് ആഡിസൺ. പതിനേഴാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിൽ ജോസഫ് ആഡിസൺ പറഞ്ഞു: ‘‘ശരീരത്തിന് വ്യായാമമെന്നതുപോലെ മനസ്സിന്റെ വ്യായാമമാണ് വായന. ഒരു നല്ല ജീവിതം നയിക്കാൻ ആവശ്യമായ അടിസ്ഥാനപരമായ ആയുധമാണ് വായന’’.

എന്ത് വായിക്കുന്നു എന്നതല്ല വായിച്ചതിലൂടെ നമുക്ക് എന്ത് ലഭിച്ചു എന്നതിനാണു പ്രാധാന്യം. ചില വായന നമുക്ക് അറിവ് നൽകും. മറ്റു ചില വായനകളിലൂടെ നമുക്ക് പ്രചോദനമോ ആനന്ദമോ ലഭിക്കാം. എന്തായാലും ആസ്വദിച്ചുള്ള വായന മസ്തിഷ്കത്തിനുള്ള ഒരു വ്യായാമം തന്നെയാണ്. പുസ്തകങ്ങളെക്കുറിച്ച് സർ ഫ്രാൻസിസ് ബക്കൺ പറഞ്ഞത് വളരെ പ്രസിദ്ധമാണ്. ‘‘ചില പുസ്തകങ്ങൾ രുചിക്കാനുള്ളവയാണ്, മറ്റു ചിലവ വിഴുങ്ങാനുള്ളവയാണ്, എന്നാൽ ചുരുക്കം ചിലവ അയവിറക്കി ദഹിപ്പിക്കാനുള്ളവയാണ്’’. വായിക്കാനുള്ള താൽപര്യമില്ലാത്തത് അലസതയുടെയും മടിയുടെയും ലക്ഷണമാണ്. ഏതെങ്കിലും ഒരു വിഷയത്തോടെങ്കിലും താൽപര്യമില്ലാത്ത ആരും ഉണ്ടാകാനിടയില്ല. താൽപര്യമുള്ള വിഷയം സംബന്ധിച്ച ഗ്രന്ഥങ്ങൾ വായിച്ച് തുടങ്ങുന്നവർക്ക് പടി പടിയായി അതൊരു ശീലമാക്കാം. തന്നെയുമല്ല ആ വിഷയത്തിൽ അവർക്കൊരു വിദഗ്ദ്ധനുമാകാൻ കഴിയും.

വായനയോടുള്ള താൽപര്യം കൊണ്ടു മാത്രമാണ് നിങ്ങൾ ഈ ലേഖനം വായിക്കുന്നത്. വായിക്കുന്ന ശീലം നിലനിർത്താൻ കഴിയണം. ലോകപ്രസിദ്ധരായ വിജ്ഞാനികളൊക്കെയും മണിക്കൂറുകളോളം തുടർച്ചയായി വായിക്കുന്ന ശീലമുള്ളവരായിരുന്നു. ദിവസേന പതിനെട്ട് മണിക്കൂറോളം വായിച്ചിരുന്ന ഡോക്ടർ ബി.ആർ. അംബേദ്കർ തന്നെയാണ് അതിന് ഉത്തമ ഉദാഹരണം.

ചില ലോകോത്തര ഗ്രന്ഥങ്ങൾ ആളുകളെ വായനയിലേയ്ക്ക് ആകർഷിച്ചിട്ടുണ്ട്. പ്രചോദനാത്മക ഗ്രന്ഥങ്ങളുടെ ശ്രേണിയിൽ ലോകത്ത് ഏറ്റവും അധികം ആളുകൾ വായിച്ചിട്ടുള്ളത് നെപ്പോളിയൻ ഹിൽ എഴുതിയ ' തിങ്ക് ആൻഡ് ഗ്രോ റിച്ച് ' Think and Grow Rich, ആണ്. ജീവിത വിജയം നേടിയ നാൽപ്പത് സമ്പന്നരുടെ വിജയരഹസ്യത്തെക്കുറിച്ച് പ്രതിപാദിക്കുന്നതാണ് ഈ ഗ്രന്ഥം. നോവലിലൂടെ ഏറെ ആളുകളെ പ്രചോദിപ്പിച്ച വിഖ്യാത ഗ്രന്ഥമാണ് ബ്രസീലുകാരനായ പൗലോ കൊയ്ലയുടെ 'ദി ആൽക്കെമിസ്റ്റ് ' (The Alchemist). അമേരിക്കൻ എഴുത്തുകാരി മാർഗരറ്റ് മിച്ചൽ ജീവിതത്തിൽ ഒരേ ഒരു നോവലേ എഴുതിയിട്ടുള്ളൂ 'ഗോൺ വിത്ത് ദി വിൻഡ്' (Gone with the wind). 1936 ൽ പുറത്തിറങ്ങിയ ഈ നോവലാണ് ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ വായിച്ച നോവലായി കണക്കാക്കിയിട്ടുള്ളത്. ഈ നോവലിനെ ആസ്പദമാക്കി 1939 ൽ പുറത്തിറങ്ങിയ സിനിമയും എക്കാലത്തെയും മികച്ച ഹോളിവുഡ് ഹിറ്റുകളിൽ ഒന്നാണ്. ആൻ ഫ്രാങ്കിന്റെ ഡയറിയും ഏറെ വായനക്കാരെ സൃഷ്ടിച്ചതാണ്.

നിത്യവും കുറച്ചു സമയം വായനക്കായി മാറ്റിവയ്ക്കുക. എപ്പോഴും ഒരു ഗ്രന്ഥം കയ്യിൽ കരുതാൻ ശ്രദ്ധിക്കുക. വായിക്കാൻ താൽപര്യമുള്ള ഗ്രന്ഥങ്ങളുടെ ഒരു പട്ടിക തയാറാക്കുക. ഓരോ ഗ്രന്ഥങ്ങളുടെയും പ്രാധാന്യം അനുസരിച്ചുള്ള പരിഗണന നൽകുക. പ്രശാന്തമായ അന്തരീക്ഷം എപ്പോഴും വായനയെ ഉദ്ദീപിപ്പിക്കും. വായനയ്ക്ക് തടസ്സമാകാവുന്ന ഘടകങ്ങളെ ഒഴിവാക്കി നിർത്തുക. ടെലിവിഷൻ, ഇന്റർനെറ്റ്...തുടങ്ങിയവ വായനയ്ക്ക് ഭംഗം വരുത്തുന്നവയാണ് എന്ന് മനസിലാക്കുക. ആരോഗ്യമുള്ള ശരീരത്തിൽ ആരോഗ്യമുള്ള മനസ്സ് എന്നതുപോലെ ആരോഗ്യമുള്ള മനസ്സിന് വായനയുടെ പിൻബലം ഉണ്ടാവണം

📔📕📗📘📙📚📖📜📃📄