Words can bring together...

Words can bring together...
Moncy Varghese

Monday, August 3, 2009

10 Success Principles of Og Mandino (വിജയ മന്ത്രങ്ങൾ)

Yesterdays CRISIS is Todays Joke!!!!

*വിജയിക്കാൻ വേണം ഈ പത്ത് കാര്യങ്ങൾ*
 ~ മോൻസി വർഗ്ഗീസ്
Article published in the Malayala Manorama

പ്രചോദനാത്മക ഗ്രന്ഥം എന്ന നിലയിൽ ഏറെ ശ്രദ്ധ നേടിയ ഒരു ഗ്രന്ഥമാണ് ഓഗ് മണ്ടിനോ (Og Mandino) രചിച്ച ‘ദ ഗ്രേറ്റസ്റ്റ് സേൽസ്മാൻ ഇൻ ദ വേൾഡ്’ (The Greatest Salesman in the World). അഞ്ചുകോടിയിലേറെ പ്രതികൾ വിറ്റഴിഞ്ഞ ഈ പുസ്തകം ഇരുപത്തഞ്ചിലേറെ ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. ജീവിതവിജയം നേടാനും സന്തോഷകരമായ ജീവിതവിജയം നയിക്കാനും ആഗ്രഹിക്കുന്നവർക്കൊക്കെയും ഓഗ് മണ്ടിനോയുടെ ആശയങ്ങൾ എന്നെന്നും പ്രചോദനമാണ്. ഓരോ വ്യക്തിയും ആശ്ചര്യകരമായ ഓരോ അദ്ഭുതമാണെന്നും ഓരോരുത്തർക്കും അവർ ആഗ്രഹിക്കുന്ന പാതകളിലൂടെ സഞ്ചരിച്ച് സമൃദ്ധമായ ജീവിതം നയിക്കാൻ കഴിയുമെന്നുമുള്ള ജീവിത വീക്ഷണമാണ് മണ്ടിനോ തന്റെ രചനകളിലൂടെയും പ്രഭാഷണങ്ങളിലൂടെയും അവതരിപ്പിക്കുന്നത്.

ഒട്ടകങ്ങളെ മേയ്ച്ച് നടന്നിരുന്ന ഹഫീദ് എന്ന ബാലൻ പിന്നീട് അതിസമ്പന്നനായി വളർന്നതിന്റെ രഹസ്യങ്ങൾ വിവരിക്കുന്നതിലൂടെയാണ് ഓഗ് മണ്ടിനോ വിജയിക്കാൻ അനിവാര്യമായ പത്ത് കാര്യങ്ങൾ വായനക്കാർക്ക് പറഞ്ഞു തരുന്നത്. താൻ പറയുന്ന ആശയങ്ങൾ വായിക്കാൻ മാത്രമുള്ളവ അല്ലെന്നും പ്രായോഗികമാക്കുന്നതിലൂടെ മാത്രമേ വിജയിക്കാൻ കഴിയൂ എന്നും അദ്ദേഹം പ്രത്യേകം ഓർമ്മിപ്പിക്കുന്നുണ്ട്. പത്ത് വിജയമന്ത്രങ്ങളുടെ സംഗ്രഹം ഇതാണ്.

1. ഒരോ ദിവസവും പുതുതായി തുടങ്ങുക. പഴയ പരാജയങ്ങൾ മറന്ന് പുതിയ കാര്യങ്ങൾ ചെയ്യുന്ന ശീലം ഉണ്ടാക്കുക. വിജയവും പരാജയവും തമ്മിലുള്ള വ്യത്യാസം ശീലങ്ങളിലുള്ള വ്യത്യാസമാണ്.
2. നിങ്ങൾ നിങ്ങളെതന്നെയും മറ്റുള്ളവരെയും സ്നേഹിക്കുക.
3. വിജയിക്കുന്നതുവരെ ദൗത്യത്തിൽ നിന്നും പിന്മാറരുത്. ഇടയ്ക്കുണ്ടാകുന്ന പരാജയങ്ങളൊക്കെ നമ്മെ വിജയത്തിലേക്ക് കൂടുതൽ അടുപ്പിക്കും.
4. ഓരോ വ്യക്തിയും പ്രകൃതിയുടെ അദ്ഭുതമാണ്. നാം ശ്രദ്ധ കേന്ദ്രീകരിക്കുന്ന കാര്യത്തിൽ നാം വിജയിക്കും.
5. ഓരോ ദിവസവും തന്റെ ജീവിതത്തിലെ അവസാന ദിവസം എന്നതുപോലെ കരുതി പ്രവർത്തിക്കുക. വർത്തമാന കാലത്തിൽ ജീവിക്കുക.
6. വികാരങ്ങളെ നിയന്ത്രിക്കുക. അമിത വികാരങ്ങൾ വിജയത്തിന് തടസ്സമാണ്.
7. ചിരിക്കുന്നത് ഒരു ശീലമാക്കുക. ചിരി ആരോഗ്യവും ആയുസ്സും വർധിപ്പിക്കും.
8. അവസരങ്ങളെ നഷ്ടപ്പെടുത്തരുത്. അറിവും കഴിവും വളർത്താൻ ഉതകുന്ന ഏതൊരു സാധ്യതകളെയും പ്രയോജനപ്പെടുത്തുക.
9. പ്രവർത്തനമില്ലാത്ത സ്വപ്നങ്ങൾ ഒരു ഫലവും നൽകില്ല. ചെയ്യേണ്ട കാര്യങ്ങൾ അതത് ദിവസം ചെയ്യുക. ഉത്തരവാദിത്തങ്ങൾ മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കുന്നത് വിജയത്തിന് തടസ്സമാണ്.
10. ജീവിതത്തിൽ നല്ല വഴികാട്ടികൾ ആവശ്യമാണ്. നിങ്ങൾ ഒരു ദൈവവിശ്വാസി ആണെങ്കിൽ നിങ്ങൾക്ക് ഒരു നല്ല മാർഗ്ഗം കാണിച്ചുതരാൻ ദൈവത്തോട് പ്രാർഥിക്കുക.

ഓഗ് മണ്ടിനോയുടെ അഭിപ്രായത്തിൽ പ്രയത്നിച്ച് പരാജയപ്പെടുന്നതിൽ ലജ്ജിക്കേണ്ടതില്ല. പരാജപ്പെടാത്തവരായി ആരെങ്കിലും ഉണ്ടെങ്കിൽ അവർ ജീവിതത്തിൽ ഒന്നും പ്രവർത്തിക്കാത്തവരാണ്.

Moncy Varghese