Words can bring together...

Words can bring together...
Moncy Varghese

Thursday, November 30, 2017

ഇലോൺ മസ്ക് (Elon Musk)

*സ്വപ്നം കണ്ട് കോടീശ്വരനായ ഇലോൺ മസ്ക്

~ മോൻസി വർഗീസ്

ഓരോരുത്തർക്കും അവരവരുടേതായ ആഗ്രഹങ്ങളും സ്വപ്നങ്ങളും ഉണ്ട്. ആഗ്രഹങ്ങളും സ്വപ്നങ്ങളും സഫലീകരിക്കുമ്പോഴാണ് വിജയങ്ങളുണ്ടാകുന്നത്. ചിലർ പരിമിതികളുള്ള സ്വപ്നങ്ങൾ കാണുമ്പോൾ മറ്റു ചിലർ അസംഭവ്യം എന്നു തോന്നാവുന്ന സ്വപ്നങ്ങള്‍ കാണുന്നു. ലോകത്ത് മാറ്റങ്ങൾ സംഭവിപ്പിച്ചവരൊക്കെയും അസാധാരണമായ ഉന്നത ചിന്തകൾ ഉള്ളവരായിരുന്നു. സാധാരണ ആളുകൾ തന്നെക്കൊണ്ട് അതു ചെയ്യുവാൻ കഴിയുമോ എന്നു ചിന്തിക്കുമ്പോൾ അസാധാരണ മികവ് പുലർത്തുന്നവർ എന്തുകൊണ്ട് അതു ചെയ്യാൻ കഴിയില്ല എന്നു ചിന്തിക്കുന്നു. മനുഷ്യരെക്കൊണ്ട് ചെയ്യാൻ കഴിയില്ല എന്നു വിശ്വസിച്ചിരുന്ന പല കാര്യങ്ങളും സംഭവ്യമാക്കിയത് തന്റേടത്തോടെ മുന്നിട്ടിറങ്ങിയ ചില അസാധാരണ വ്യക്തിത്വങ്ങളാണ്. അത്തരത്തിലുള്ള ഒരു അസാധാരണ വ്യക്തിത്വമാണ് ഇലോൺ മസ്ക് (Elon Musk).

ഇലോൺ മസ്ക് പറയുന്നതൊക്കെയും ലോകം താൽപര്യപൂർവമാണ് ശ്രവിക്കുന്നത്. കേൾക്കുമ്പോൾ അസാധ്യമെന്നു തോന്നുന്ന കാര്യങ്ങളാണ് അദ്ദേഹം പറയുന്നതെങ്കിലും, പറഞ്ഞ കാര്യങ്ങളൊക്കെയും യാഥാർഥ്യമാക്കിക്കൊണ്ട് ആരെയും അമ്പരപ്പിക്കുന്ന പ്രവർത്തനങ്ങളാണ് ഇലോൺ മസ്ക് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. 2040 ആവുമ്പോൾ ചൊവ്വാ ഗ്രഹത്തിൽ എൺപതിനായിരത്തോളം മനുഷ്യർ വസിക്കുന്ന ഒരു കോളനി നിർമിക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. സാധ്യമാകുമോ എന്ന് പലർക്കും സംശയം തോന്നാമെങ്കിലും ഉന്നതമായ ലക്ഷ്യസാക്ഷാത്കാരത്തിനായുള്ള പ്രാരംഭ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചുകഴിഞ്ഞു.

1971 ജൂൺ 28 ന് സൗത്ത് ആഫ്രിക്കയിൽ ജനിച്ച ഇലോൺ മസ്ക് പിന്നീട് അമേരിക്കയിലെ പെൻസിൽവാനിയ യൂണിവേഴ്സിറ്റിയിൽ നിന്നും ഊർജതന്ത്രത്തിലും ധനതത്വശാസ്ത്രത്തിലും ബിരുദം നേടി. സഹോദരൻ കിംബൽ മസ്കുമൊത്ത് 1995 ൽ ആരംഭിച്ച ഇന്റർനെറ്റ് അധിഷ്ഠിത സേവനങ്ങൾ നൽകുന്ന ZIP2 എന്ന കമ്പനിയിലൂടെ ബിസിനസിലേക്ക് കടന്നു. പിതാവിൽ നിന്നും ലഭിച്ച 28,000 ഡോളർ ഉപയോഗിച്ച് തുടങ്ങിയ കമ്പനി 1999ൽ വിറ്റപ്പോൾ ലഭിച്ചത് 22 മില്യൺ ഡോളറാണ്. പിന്നീടങ്ങോട്ട് വ്യത്യസ്തങ്ങളായ ബിസിനസ് സംരംഭങ്ങളിലൂടെ ഉയർച്ചകളും താഴ്ചകളും താണ്ടിയ ഇലോൺ മസ്ക് ഇന്ന് ലോകത്തെ അതിസമ്പന്നരുടെ പട്ടികയിലാണുള്ളത്. ലോകത്ത് ഏറ്റവും സ്വാധീനമുള്ളവരുടെ ഫോബ്സ് പട്ടികയിൽ ഇലോൺ മസ്ക് 21–ാം സ്ഥാനത്താണ്.

‌ഇലോൺ മസ്ക് തുടക്കംകുറിച്ച സംരംഭങ്ങളായ സ്പേസ് എക്സ് (Space X), ടെസ്‌ല മോട്ടോഴ്സ്, ഹൈപ്പർ ലൂപ്പ്, സോളർ സിറ്റി... തുടങ്ങിയവ ലോകത്തെ തന്നെ മാറ്റിമറിക്കാവുന്ന പദ്ധതികളാണ്. മാനവ രാശിയുടെ ഭാവിക്ക് വിനാശകരമാകുന്ന കാർബൺ പുറംതള്ളലിനെ പരമാവധി കുറയ്ക്കാൻ ഉതകുന്ന ഉൽപന്നങ്ങളും ആശയങ്ങളും അദ്ദേഹം വിഭാവനം ചെയ്തിട്ടുണ്ട്. ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങൾക്ക് ബദലായാണ് അദ്ദേഹം നേതൃത്വം നൽകുന്ന ടെസ്‍ല മോട്ടോഴ്സ് പരിസ്ഥിതി സൗഹൃദങ്ങളായ ഇലക്ട്രിക് കാറുകൾ ഉൽപാദിപ്പിക്കുന്നത്. കൂടുതൽ കമ്പനികൾ ഇലക്ട്രിക് കാർ നിർമാണ മേഖലയിലേക്ക് കടന്നു വരാനായി ടെസ്‍ലയുടെ എല്ലാ കണ്ടു പിടിത്തങ്ങളും ആർക്കും സ്വതന്ത്രമായി ഉപയോഗിക്കാനുള്ള അനുവാദം കൊടുത്തിരിക്കുകയാണ്.

മാനവരാശിക്ക് ഭാവിയിൽ ഉണ്ടാകാവുന്ന വെല്ലുവിളികളെ മുൻകൂട്ടി തിരിച്ചറിയുവാനും അതിനനുസൃതമായ പദ്ധതികൾ രൂപീകരിക്കാനും പ്രാപ്തിയുള്ള ഇയോൺ മസ്കിനെ പോലെയുള്ളവരുടെ സംഭാവനകൾ ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണ്. അസാധ്യമെന്ന് മറ്റുള്ളവർക്കു തോന്നുന്ന കാര്യങ്ങളെക്കുറിച്ച് സ്വപ്നം കാണാൻ കഴിയുന്നവർക്ക് ലോകത്തെ തന്നെ മാറ്റി മറിക്കാൻ കഴിയും. നല്ലൊരു ഭാവിക്കായി നമുക്കും സ്വപ്നം കാണാം.



Article published in the Manorama online