സ്റ്റിവൻ സ്പിൽബർഗിന്റെ വിജയ രഹസ്യം നമുക്കും പ്രചോദനമാകും
പതിനായിരം ദശലക്ഷം അമേരിക്കൻ ഡോളർ സമാഹരിക്കുന്ന ആദ്യത്തെ ചലച്ചിത്ര സംവിധായകനാണ് സ്റ്റിവൻ സ്പിൽബർഗ്. 2018 ഏപ്രിൽ 16ന് താൻ സംവിധാനം ചെയ്ത സിനിമകളിലൂടെ ഈ ചരിത്രനേട്ടം സ്വന്തമാക്കിയ സ്പിൽബർഗ് ഹോളിവുഡ് സിനിമകളെ ഒരു പുതിയ ദിശയിലേക്കു തിരിച്ചുവിട്ട പ്രതിഭയാണ്. നാലു ദശാബ്ദങ്ങൾക്കുള്ളിൽ സംവിധായകൻ, തിരക്കഥാകൃത്ത്, എഡിറ്റർ, നിർമാതാവ് എന്നീ നിലകളിൽ നൂറോളം ചിത്രങ്ങൾക്കു പിന്നിൽ അദ്ദേഹം പ്രവർത്തിച്ചു. ഷിൻഡ്‌ലേഴ്സ് ലിസ്റ്റ്, സേവിങ് പ്രൈവറ്റ് റ്യാൻ എന്നീ ചിത്രങ്ങളിലൂടെ മികച്ച സംവിധായകനുള്ള രണ്ട് ഓസ്കർ പുരസ്കാരങ്ങൾ കരസ്ഥമാക്കി. ലോക സിനിമയിൽതന്നെ കളക്‌ഷൻ റിക്കോർഡുകൾ സൃഷ്ടിച്ച ജോസ്, ഇ.ടി ദി എക്സ്ട്രാ ടെറസ്ട്രിയൽ, ജുറാസിക് പാർക്ക്, ഇന്ത്യാനാ ജോൺസ് തുടങ്ങിയ ചിത്രങ്ങളടക്കം 34 സിനിമകൾ സംവിധാനം ചെയ്തു. മഹാവിജയം നേടുന്ന സിനിമകൾക്ക് ‘ബ്ലോക്ക് ബസ്റ്റർ’ എന്ന വിശേഷണം ഉപയോഗിച്ചുതുടങ്ങിയത് 1975–ൽ പുറത്തിറങ്ങിയ സ്പിൽബർഗ് ചിത്രം ജോസിന്റെ വിജയത്തോടെയാണ്.
അഭ്രപാളികളിൽ വിസ്മയങ്ങൾ സൃഷ്ടിച്ച സ്പിൽബർഗ് പഠനത്തിൽ പിന്നാക്കമായിരുന്നു. സ്കൂൾ പഠനം പൂർത്തീകരിച്ചത് 'C' ഗ്രേഡുമായാണ്. സിനിമയെക്കുറിച്ചു പഠിക്കാൻ സതേൺ കലിഫോർണിയ സർവകലാശാലയിൽ അപേക്ഷിച്ചെങ്കിലും ഗ്രേഡ് കുറവായതിനാൽ പ്രവേശനം നിഷേധിച്ചു. പിന്നീടു കാലിഫോർണിയ സ്റ്റേറ്റ് സർവകലാശാലയിൽ ബിരുദ പഠനത്തിനു ചേർന്നെങ്കിലും ഇടയ്ക്ക് ഇട്ടുപോകേണ്ടതായി വന്നു. ഇരുപതാമത്തെ വയസ്സിൽ യൂണിവേഴ്സൽ സ്റ്റുഡിയോയിൽ എഡിറ്റിങ് സഹായിയായി വേതനമില്ലാത്ത തൊഴിൽ ലഭിച്ചു. ഇക്കാലത്തു സ്വന്തമായി സൃഷ്ടിച്ച ‘ആംബ്ലിൻ’ എന്ന ഹ്രസ്വചിത്രം സ്പിൽബർഗിന്റെ പ്രതിഭ തെളിയിച്ചു. യൂണിവേഴ്സൽ സ്റ്റുഡിയോയ്ക്കുവേണ്ടി ടെലിവിഷൻ ചിത്രങ്ങൾ തയാറാക്കാനുള്ള ഏഴു വർഷത്തെ കരാർ ലഭിച്ചു. അങ്ങനെ ഒരു സുപ്രധാന നിർമാണ കമ്പനിയുമായി കരാറിലെത്തുന്ന ഏറ്റവും പ്രായംകുറഞ്ഞ സംവിധായകനായി സ്പിൽബർഗ്. ഇടയ്ക്ക് ഉപേക്ഷിക്കേണ്ടിവന്ന ബിരുദപഠനം 37 വർഷങ്ങൾക്കുശേഷം 2002 ൽ പൂർത്തിയാക്കി. ഫിലിം ആൻഡ് ഇലക്ട്രോണിക് ആർട്ട് എന്ന വിഷയത്തിൽ ബിരുദമെടുക്കാനായി പഠിച്ചിരുന്ന സിലബസിൽ ഏറെയും, സ്പിൽബർഗ് പ്രായോഗികമാക്കിയ സാങ്കേതിക വിദ്യകളെക്കുറിച്ചായിരുന്നു എന്നതു കൗതുകകരമായ വസ്തുത. തന്റെ ഏഴു മക്കൾക്കു പഠിക്കാനുള്ള പ്രചോദനം നൽകാനാണു താൻ അൻപത്തി ഏഴാമത്തെ വയസ്സിൽ ബിരുദമെടുത്തതെന്നു സ്പിൽബർഗ് പറയുന്നു.
2016ൽ ഹാർവഡ് സർവകലാശാലയിൽ സ്പിൽബർഗ് നടത്തിയ പ്രഭാഷണം പ്രശസ്തമാണ്. ‘‘ഒരു വ്യക്തിയുടെ ഇരുപത്തിയഞ്ചു വയസ്സുവരെയുള്ള ജീവിതകാലം അവർ രക്ഷിതാക്കളും അധ്യാപകരും പറയുന്നതു കേട്ടാണു വളരുന്നത്. മറ്റുള്ളവർ നമുക്ക് അറിവും മാർഗനിർദേശവും നൽകുമെങ്കിലും നാം ആരാണെന്നും നമുക്ക് എന്തൊക്കെ ചെയ്യാൻ കഴിയുമെന്നും സ്വയം തിരിച്ചറിയേണ്ടതുണ്ട്. അതിനായി നമ്മുടെ ഉള്ളിൽ നിന്നുമുള്ള നിർദേശങ്ങളെ ശ്രവിക്കുക. തനിക്ക് ഏതു മേഖലയിൽ പ്രവർത്തിക്കാനുള്ള അഭിരുചിയാണുള്ളതെന്നു തിരിച്ചറിയുന്ന ആൾക്ക് പിന്നീടു പരാജിതനാകേണ്ടിവരില്ല.’’ വിദ്യാർഥികൾക്കായി അദ്ദേഹം നൽകിയ സുപ്രധാന സന്ദേശമാണിത്. സ്കൂൾ പഠനകാലത്തു പഠനത്തിൽ പിന്നാക്കമായിരുന്നെങ്കിലും ‘സ്കൗട്ട്’ പ്രസ്ഥാനത്തിൽ സജീവമായിരുന്നു. സ്കൗട്ടിലെ പ്രവർത്തനങ്ങളാണു പന്ത്രണ്ടാമത്തെ വയസ്സിൽ സ്പിൽബർഗിനു തന്റെ ആദ്യ ചിത്രമായ ‘ദി ലാസ്റ്റ് ഗൺ ഫൈറ്റ്’ നിർമിക്കാൻ സാഹചര്യം ഒരുക്കിയത്. സ്കൂൾ പഠനകാലത്തുതന്നെ പതിനഞ്ചോളം ഹ്രസ്വ ചിത്രങ്ങൾ അദ്ദേഹം നിർമിച്ചു. തന്റെ അഭിരുചിയും താൽപര്യങ്ങളും ചെറുപ്പത്തിൽ തന്നെ തിരിച്ചറിഞ്ഞതും അതിൽതന്നെ നിലയുറപ്പിച്ചതുമാണു സ്പിൽബർഗിന്റെ മഹാവിജയങ്ങൾക്കു പിന്നിലെ അടിസ്ഥാനം.
*മോൻസി വർഗീസ് കോട്ടയം*
Published on Manorama Online

No comments:
Post a Comment