Words can bring together...

Words can bring together...
Moncy Varghese

Saturday, November 10, 2018

ആൽക്കെമിസ്റ്റിന്റെ രത്നച്ചുരുക്കം

സ്വപ്നത്തെ അനുഗമിച്ച സാന്റിയാഗോ
~ മോൻസി വർഗീസ്


മൂന്നു പതിറ്റാണ്ടുകളായി ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു നോവലാണ് ബ്രസീലുകാരനായ പൗലോ കൊയ്‌ലോ രചിച്ച ‘ദി ആൽക്കെമിസ്റ്റ്’. 67 ഭാഷകളിലായി ആറരക്കോടി കോപ്പികൾ വിറ്റഴിഞ്ഞ ഈ ഗ്രന്ഥം ഒരു നോവൽ എന്നതിലേറെ പ്രചോദനാത്മക ഗ്രന്ഥം എന്ന പേരിലാണ് അറിയപ്പെടുന്നത്. അതിപ്രശസ്തർ മുതൽ സാധാരണക്കാർ വരെ ഈ നോവലിന്റെ ആരാധകരാണ്. 30 ഗ്രന്ഥങ്ങൾ രചിച്ച പൗലോ കൊയ്‌ലോയ്ക്ക് ആഗോളതലത്തിൽ ഖ്യാതി നേടിക്കൊടുത്തത് ‘ദി ആൽക്കെമിസ്റ്റ്’ ആണ്. തീവ്രമായി ആഗ്രഹിക്കുന്ന കാര്യത്തിനായി ഇറങ്ങി പുറപ്പെട്ടാൽ ഈ പ്രപഞ്ചംപോലും സ്വപ്നസാക്ഷാത്കാരത്തിനായി നിങ്ങളോടൊപ്പമുണ്ടാകും എന്ന മൂലാശയത്തിലൂന്നിയാണ് ഈ നോവൽ വികസിക്കുന്നത്.

ഇടയബാലനായ സാന്റിയാഗോ താൻ സ്വപ്നത്തിൽ ദർശിച്ച നിധി തേടി സ്പെയിനിൽ നിന്നും ഈജിപ്തിലേക്ക് യാത്ര ചെയ്യുന്നു. യാത്രയ്ക്കിടയിൽ കണ്ടുമുട്ടുന്ന വ്യത്യസ്തരായ വ്യക്തികളിൽ നിന്നും ലഭിക്കുന്ന അറിവുകളും അനുഭവങ്ങളും സാന്റിയാഗോയ്ക്ക് പുതിയ ജീവിതവീക്ഷണങ്ങളും കാഴ്ചപ്പാടുകളും സമ്മാനിക്കുന്നു. ഒരു വ്യക്തിയിലുണ്ടാകുന്ന മാനസിക പരിവർത്തനങ്ങളെ ക്രമാനുഗതമായി അവതരിപ്പിക്കുന്നതിനു സാന്റിയാഗോ എന്ന കഥാപാത്രത്തെ പൗലോ കൊയ്‌ലോ സമർഥമായി ഉപയോഗിക്കുന്നു. സാന്റിയാഗോ കണ്ടുമുട്ടി പരിചയപ്പെട്ട വൃദ്ധനായ ഒരു രാജാവും, ഭാഗ്യാന്വേഷിയായ ഇംഗ്ലിഷുകാരനും, അറബി പെൺകുട്ടിയും, ആൽക്കെമിസ്റ്റുമൊക്കെ പങ്കുവച്ച ജീവിത യാഥാർഥ്യങ്ങളാണു വായനക്കാരെ പ്രചോദിതരാക്കുന്നത്. ഹൃദയത്തിൽ താലോലിക്കുന്ന സ്വപ്നങ്ങളെ പിന്തുടരുന്നവർക്ക് ഈ ഉപദേശങ്ങൾ ഒരു മാർഗരേഖയാണ്.

 *‘'ദി ആൽക്കെമിസ്റ്റി’’ലെ ആശയങ്ങളുടെ രത്നച്ചുരുക്കം ഇവയാണ്:–*

1. എന്തു വേണം എന്നു തീരുമാനിക്കുക. ജീവിതത്തിൽ എന്തൊക്കെ നേടണം എന്നു കൃത്യമായി തീരുമാനമെടുത്തവർക്കേ അതു നേടാൻ കഴിയൂ.

2. ചെയ്യുന്ന കാര്യങ്ങൾ ഏകാഗ്രതയോടെ ചെയ്യുക. ഒരു കാര്യം ചെയ്തുകൊണ്ടിരിക്കുമ്പോൾ മറ്റൊന്നിനെക്കുറിച്ചു ചിന്തിക്കാതിരിക്കുക.

3. നല്ലതു കാണുക. നമ്മുടെ ജീവിത യാത്രയ്ക്കിടയിൽ നിരവധി സുന്ദര മുഹൂർത്തങ്ങൾ നാം നഷ്ടപ്പെടുത്താറുണ്ട്.

4. പ്രവർത്തനങ്ങളില്ലാത്ത സ്വപ്നം നിഷ്ഫലമാണ്. സ്വപ്ന നേട്ടങ്ങൾക്കായി പ്രവർത്തിച്ചുകൊണ്ടേയിരിക്കുക.

5. പഠനം ഒരു ശീലമാക്കു. പുതിയ അറിവുകളിലൂടെയും അനുഭവങ്ങളിലൂടെയും മാത്രമേ പരിവർത്തനം സാധ്യമാകൂ.

6. പരാജയങ്ങളെ ഭയപ്പെടാതിരിക്കുക. പരാജയങ്ങൾ പുതിയ അറിവും അനുഭവവും നൽകുന്നു. വീണ്ടും ശ്രമിക്കുക.

7. ഇതുവരെ ചെയ്യാത്ത പുതിയ കാര്യങ്ങൾ ചെയ്യുക. ചെയ്യാത്ത കാര്യങ്ങൾ ചെയ്യുമ്പോൾ കൂടുതൽ ആത്മവിശ്വാസം കൈവരിക്കാൻ കഴിയും.

8. ലക്ഷ്യത്തിൽ എത്തിച്ചേരുംവരെ സ്വപ്നത്തെ പിന്തുടരുക. ശ്രമത്തിൽ നിന്നും പിന്മാറരുത്.

ഓരോരുത്തർക്കും അവരവരുടേതായ ആഗ്രഹങ്ങളും സ്വപ്നങ്ങളുമുണ്ട്. ശരിയായ പാതയിലൂടെ സഞ്ചരിക്കുന്നവർക്കേ ലക്ഷ്യത്തിൽ എത്താൻ കഴിയൂ.


No comments:

Post a Comment