Words can bring together...

Words can bring together...
Moncy Varghese

Friday, November 16, 2018

തടസ്സങ്ങളെ അതിജീവിക്കുക

പ്രശ്നമാക്കരുത് പ്രശ്നങ്ങളെ
~ മോൻസി വർഗീസ്





ഓരോ ദിവസവും നൂറു കണക്കിന് പ്രശ്നങ്ങളെ അതിജീവിച്ചാണ് നാം മുന്നോട്ടു നീങ്ങുന്നത്. പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്ന അതിസങ്കീർണമായ മെഷീനാണ് മനുഷ്യനെന്നു പറയാം. ലോകത്ത് നാം ഇന്ന് അനുഭവിക്കുന്ന സുഖസൗകര്യങ്ങളൊക്കെയും കാലാകാലങ്ങളായി ഓരോരുത്തർ പരിഹാരം കണ്ട പ്രശ്നങ്ങളുടെ ഫലമാണ്. ചൂട് എന്ന പ്രശ്നത്തെ അതിജീവിക്കാൻ മനുഷ്യൻ വിശറി കണ്ടുപിടിച്ചു. പിന്നീട് ഫാൻ കണ്ടുപിടിച്ചു. പിന്നീട് എയർകണ്ടീഷനിങ് സിസ്റ്റം വന്നു. ചുറ്റുപാടുമൊന്നു കണ്ണോടിച്ചാൽ ഒരു കാര്യം മനസ്സിലാകും, നാം ഉപയോഗിക്കുന്ന ഓരോ ഉപകരണങ്ങളും വസ്തുക്കളുമൊക്കെ ഓരോ പ്രശ്നങ്ങൾക്കുള്ള പരിഹാരങ്ങളാണ്. ശാസ്ത്ര സാങ്കേതിക വിദ്യകളിലൂടെ മനുഷ്യർ മുന്നേറിയത് അവൻ പ്രശ്നങ്ങളെ അതിജീവിക്കാൻ കാണിച്ച ഔൽസുക്യവും തന്റേടവും കൊണ്ടാണ്. സ്വാമി വിവേകാനന്ദൻ പറഞ്ഞത് പോലെ ‘‘സാഹചര്യങ്ങളെ അനുസരിച്ചു പോകാനല്ല, മറിച്ച് സാഹചര്യങ്ങളെ അതിജീവിക്കാനാണ് മനുഷ്യൻ ജനിച്ചത്’’. നമ്മുടെ മുൻപിലുള്ള ഏതു പ്രശ്നങ്ങൾക്കുമുള്ള പരിഹാരം കണ്ടെത്താനുള്ള ശ്രമം നടത്തുമ്പോഴാണ് നാം യഥാർഥ മനുഷ്യനാവുന്നത്.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ വാഹന സംബന്ധമായ ഗവേഷണങ്ങൾക്കും കണ്ടു പിടിത്തങ്ങൾക്കും നേതൃത്വം നൽകിയ അമേരിക്കക്കാരനാണ് ചാൾസ് കെറ്റെറിങ് (Charles Kettering). വാഹനങ്ങളുടെ സെൽഫ് സ്റ്റാർട്ടറും ശീതീകരണ വാതകവും അടക്കം 140ൽപരം കണ്ടുപിടിത്തങ്ങൾ കെറ്റെറിങ്ങിന്റെ പേരിലുണ്ട്. ഒരു എൻജിനീയർ എന്നതിനേക്കാളുപരി സാമൂഹിക പരിവർത്തനത്തിനായി പുതിയ കാര്യങ്ങൾ ചെയ്യാൻ ചെറുപ്പക്കാർക്ക് പ്രചോദനം നൽകിയ ഒരു ദാർശനികൻ കൂടി ആയിരുന്നു അദ്ദേഹം. ‘‘നിങ്ങളുടെ മുൻപിലുള്ള പ്രശ്നം എന്താണെന്ന് കൃത്യമായി നിർണയിക്കാൻ കഴിഞ്ഞാൽ ആ പ്രശ്നത്തിന്റെ പകുതിയും പരിഹരിച്ചു കഴിഞ്ഞു’’ എന്ന കെറ്റെറിങ്ങിന്റെ ഉദ്ധരണി പ്രസിദ്ധമാണ്.

നമ്മുടെ മുൻപിലുള്ള പ്രശ്നങ്ങൾ എന്തൊക്കെ എന്ന് ഒരു കടലാസിൽ എഴുതാൻ കഴിഞ്ഞാൽ തന്നെ പകുതി പരിഹാരമായി. പ്രശ്നങ്ങളുണ്ടാവുമ്പോൾ അതിൽ നിന്നും ഒളിച്ചോടുകയല്ല വേണ്ടത്. അവയെ അതിജീവിക്കുവാനുള്ള പരിഹാരങ്ങൾ കണ്ടെത്തുകയാണ് ചെയ്യേണ്ടത്. ചില പ്രശ്നങ്ങൾ നാം വിചാരിച്ചാൽ പരിഹരിക്കാവുന്നവ ആയിരിക്കും. മറ്റു ചിലവ മറ്റുള്ളവരുടെ സഹായത്താൽ പരിഹരിക്കാൻ കഴിയും. ആരു വിചാരിച്ചാലും പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങളുമുണ്ട്. മഴ, ഇടിവെട്ട്, ഭൂചലനം... തുടങ്ങിയവ.

ചുരുക്കിപ്പറഞ്ഞാൽ പ്രശ്നങ്ങൾ രണ്ടു വിധത്തിലുള്ളവയാണ്. പരിഹരിക്കാൻ കഴിയാവുന്നവയും പരിഹരിക്കാൻ കഴിയാത്തവയും. പരിഹരിക്കാൻ കഴിയുന്ന കാര്യങ്ങൾക്ക് ഒന്നിലേറെ പരിഹാര മർഗങ്ങളുണ്ടാവും. അവയിൽ ഏറ്റവും ഉചിതമായത് തിരഞ്ഞെടുത്ത് ചെയ്യുക. ചിലപ്പോൾ നാം തിരഞ്ഞെടുത്ത മാർഗം വിജയിക്കണമെന്നില്ല. അപ്പോൾ അടുത്ത മാർഗം സ്വീകരിക്കുക. ഇങ്ങനെ പല പ്രാവശ്യം തോറ്റാൽ മാത്രമേ ചിലപ്പോൾ വലിയ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ കഴിയൂ. പല പ്രാവശ്യം തോറ്റിട്ടും ബുദ്ധിപരമായി വീണ്ടും ചെയ്യാനുള്ള മനോഭാവമാണ് പലരെയും മഹാൻമാരാക്കിയത്.

https://www.manoramaonline.com/education/expert-column/be-positive/problems.html

No comments:

Post a Comment