Words can bring together...

Words can bring together...
Moncy Varghese

Wednesday, May 24, 2017

Inspiring story of Candy Lightner


അറിയുക കാൻഡി ലൈറ്റ്നറുടെ പോരാട്ടത്തിന്റെ കഥ

ചിലരുടെ ജീവിതത്തിലുണ്ടാകുന്ന തിക്താനുഭവങ്ങളും ദുരന്തങ്ങളുമൊക്കെ പിന്നീടവരെ കൂടുതൽ കരുത്തരാക്കിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിലെ വർണവിവേചനത്തിന്റെ ക്രൂരതകളും കെടുതികളും നേരിട്ട് അനുഭവിച്ച മഹാത്മാ ഗാന്ധി അതിനെതിരേ പ്രതികരിച്ചതിലൂടെയാണ്  ലോകാരാധ്യനായ ഒരു നേതാവായി ഉയർന്നത്. സാഹചര്യങ്ങൾ നമ്മെ കരുത്തരാക്കാം അല്ലെങ്കിൽ ദുർബലരാക്കാം. ഓരോ അവസ്ഥകളോടുമുള്ള പ്രതികരണമാണ് ഓരോ വ്യക്തികളെയും വ്യത്യസ്തരാക്കുന്നത്. ജീവിതത്തിൽ അനുഭവിച്ച ദുരന്തങ്ങളെ ഓർത്ത് ദുഃഖിച്ചിരിക്കാതെ, താൻ അനുഭവിച്ച ദുരന്തം മറ്റൊരാൾ ഇനി അനുഭവിക്കാൻ പാടില്ല എന്ന ദൃഢനിശ്ചയത്തോടെ മാറ്റങ്ങൾക്കായി നിലപാടുകളെടുത്ത ഒരു മഹദ് വ്യക്തിയാണ് കാൻഡി ലൈറ്റ്‌നർ (Candy Lightner). MAAD അഥവാ Mothers Against Drunk Driving എന്ന മഹത്തായ സംഘടനയുടെ രൂപീകരണത്തിലൂടെയാണ്  കാൻഡി ലൈറ്റ്നർ ശ്രദ്ധേയയായത്.
1980 മേയ് മൂന്നിനാണ് ലൈറ്റ്നറുടെ ജീവിതത്തെ തകിടംമറിച്ച ആ ദുരന്തമുണ്ടായത്. ലൈറ്റ്നറുടെ പതിമൂന്നുകാരിയായ  മകൾ കാരി തെരുവോരത്തുകൂടി  നടന്നുപോകുമ്പോൾ അതിവേഗതയിൽ പാഞ്ഞുവന്ന ഒരു കാർ കാരിയെ ഇടിച്ചു തെറിപ്പിച്ചിട്ട് നിർത്താതെ ഓടിച്ചുപോയി. അപകട സ്ഥലത്തുവച്ച് കാരി മരണപ്പെട്ടു. നിർത്താതെ പോയ കാർ പിന്നീട് പൊലീസ് പിടികൂടി. വാഹനം ഓടിച്ചിരുന്ന ക്ലാരൻസ് വില്യം ബുഷ് അമിതമായി മദ്യപിച്ചിരുന്നു. ലൈറ്റ്നറുടെ ജീവിതത്തിൽ ഇതിനു മുൻപും വാഹനാപകടം മൂലം ദുരന്തങ്ങൾ ഉണ്ടായിട്ടുണ്ട്. കാരിയുടെ സഹോദരി സെറീനയ്ക്ക് 18 മാസം പ്രായമുള്ളപ്പോൾ ഒരു അപകടം സംഭവിച്ചിരുന്നു. കൂടാതെ കാരിയുടെ സഹോദരൻ ട്രാവിസിന് നാലു വയസ് പ്രായമുള്ളപ്പോൾ ഉണ്ടായ അപകടത്തെ തുടർന്ന് ശരീരം തളർന്നുപോയിരുന്നു. ലൈറ്റ്നറുടെ ജീവിതത്തിൽ സംഭവിച്ച എല്ലാ ദുരന്തങ്ങൾക്കും കാരണം മദ്യപിച്ചുള്ളവരുടെ  ഡ്രൈവിങ്ങായിരുന്നു. ഇക്കാരണത്താൽ ഇനിയൊരു ദുരന്തം സംഭവിക്കാതിരിക്കാനായി അമ്മമാരെ ചേർത്ത് ചെറിയ രീതിയിൽ ആരംഭിച്ച MAAD ന് ഇന്ന് അമേരിക്കയിലും മറ്റു യൂറോപ്യൻ രാജ്യങ്ങളിലുമായി അറുനൂറിലേറെ ശാഖകളുണ്ട്.
വ്യക്തിസ്വാതന്ത്ര്യം കൂടുതലുള്ള അമേരിക്കയിൽ മദ്യപിച്ച് വാഹനം ഓടിക്കുന്നവർക്ക് വലിയ ശിക്ഷകൾ ഇല്ലാതിരുന്ന കാലമായിരുന്നു അത്. ഡ്രൈവർക്ക് ഉപയോഗിക്കാവുന്ന  മദ്യത്തിന്റെ അളവ് മറ്റ് ഏതൊരു രാജ്യത്തേക്കാൾ കൂടുതലായിരുന്നു അമേരിക്കയിൽ. എന്നാൽ, ഇതിന്റെ ദുരിതഫലം അനുഭവിച്ചിരുന്നതോ നിരപരാധികളായ ആളുകളും. 1980 ൽ മാത്രം 2,40,000 ആളുകളാണ് മദ്യപിച്ചുള്ള വാഹനാപകടം മൂലം അമേരിക്കയിൽ മരിച്ചത്. ഈ അവസ്ഥയ്ക്കെതിരേ പ്രതികരിക്കാൻ കാൻഡി ലൈറ്റ്നർ മുൻപിട്ടിറങ്ങി. അമേരിക്കയുടെ ഭരണ സിരാകേന്ദ്രമായ ക്യാപിറ്റോൾ ഹില്ലിലേക്ക് കേവലം 20 പേരടങ്ങുന്ന ഒരു സംഘത്തെ നയിച്ച് പ്രതിഷേധ പ്രകടനം നടത്തി. രണ്ടു മാസത്തിനുള്ളിൽ ഇരുനൂറ് ആളുകളെ ചേർത്ത് വൈറ്റ് ഹൗസിലേക്ക് റാലി നടത്തി. പടിപടിയായി ലൈറ്റ്നർ മുന്നോട്ടുവച്ച ആശയത്തോട് കൂടുതൽ ആളുകൾ ആകൃഷ്ടരായി. സമരത്തെ തകർക്കാനായി മദ്യ വിപണനക്കാരുടെ ലോബി ശക്തമായി ശ്രമിച്ചെങ്കിലും അതിനെയൊക്കെ അതിജീവിച്ച് വിജയം നേടാൻ ലൈറ്റ്നറുടെ ഉദ്ദേശ ശുദ്ധിക്കു കഴിഞ്ഞു.
21 വയസിൽ താഴെയുള്ളവർ മദ്യം ഉപയോഗിക്കാനോ അവർക്കു മദ്യം നൽകാനോ പാടില്ല എന്ന നിയമം 1984 ൽ നടപ്പിലാക്കാൻ ഈ സംഘടനയ്ക്കു കഴിഞ്ഞു. ഡ്രൈവർക്ക് ഉപയോഗിക്കാവുന്ന മദ്യത്തിന്റെ തോത് കുറച്ചുകൊണ്ട് അമേരിക്കയിൽ നിയമ നിർമാണം നടന്നു. നാനൂറിലേറെ നിയമ ഭേദഗതികൾ കൊണ്ടുവരാനായതിലൂടെ മദ്യപാനം മൂലമുണ്ടാകുന്ന വാഹനാപകടങ്ങളുടെ  തോത് ഗണ്യമായി കുറയ്ക്കാൻ കഴിഞ്ഞു. കാൻഡി ലൈറ്റ്നർ എഴുതിയ Giving Sorrow Words: How to Cope with Grief and Get on with Your Life  എന്ന ഗ്രന്ഥം ദുരന്തങ്ങൾ അനുഭവിക്കുന്നവ‍ർക്ക് ആശ്വാസം പകരാനും ധൈര്യസമേതം ജീവിതത്തിലേക്ക് തിരികെ വരാനും പ്രചോദനം നൽകുന്നതാണ്. ‘‘മരണം സംഭവിക്കുമ്പോൾ മാത്രമാണ് ജീവിതത്തിന്റെ വില എന്താണെന്നു നാം തിരിച്ചറിയുന്നത്’’– ലൈറ്റ്നർ പറയുന്നു. ഓരോ ജീവിത സാഹചര്യത്തോടും നല്ല രീതിയിൽ  പ്രതികരിക്കാനുള്ള സന്ദേശങ്ങൾ നൽകിക്കൊണ്ട് കാൻഡി ലൈറ്റ്നർ സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളിൽ നിറഞ്ഞുനിൽക്കുന്നു.


Candy Lightner


No comments:

Post a Comment