Words can bring together...

Words can bring together...
Moncy Varghese

Tuesday, May 30, 2017

പ്രസംഗത്തോടുള്ള പേടി മാറാൻ എന്തു ചെയ്യണം?

ഭയത്തെ അതിജീവിച്ച ഡിസറേലി



1804 ൽ ഇംഗ്ലണ്ടിലെ ഒരു ജൂത കുടുംബത്തിൽ പിറന്ന ബഞ്ചമിൻ ഡിസറേലി (Benjamin Disraeli) പഠനത്തിൽ ബഹു സമർഥൻ ആയിരുന്നു. എന്നാൽ സഭാ കമ്പവും ഭയവും ആശങ്കകളുമൊക്കെ ബഞ്ചമിനെ അലട്ടിയിരുന്നു. തന്റെ ആഴത്തിലുള്ള അറിവും ചിന്തകളും ജനങ്ങളുമായി പങ്കുവയ്ക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നില്ല. എന്തെങ്കിലും സംസാരിക്കാൻ അവസരം കിട്ടുമ്പോഴൊക്കെ ഒരു വാക്കും ഉരിയാടാനാവാതെ വിയർത്തൊലിക്കേണ്ടി വരുന്ന അവസ്ഥ. തന്റെ അറിവിന്റെ പിൻബലത്തിൽ നിരവധി പദവികൾ അദ്ദേഹത്തെ തേടിയെത്തിയെങ്കിലും ഭയം മൂലം ഒന്നിലും തിളങ്ങാൻ കഴിഞ്ഞിരുന്നില്ല. 1837 ൽ വിക്ടോറിയൻ ഭരണ കാലത്ത് പാർലമെന്റ് അംഗമായി അദ്ദേഹത്തെ തിരഞ്ഞെടുത്തു. എന്നാൽ പാർലമെന്റ് അംഗം എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ആദ്യ പ്രസംഗം തന്നെ കയ്പ്പ് നിറഞ്ഞ അനുഭവമായിരുന്നു. മറ്റുള്ളവരുടെ പരിഹാസങ്ങളുടെയും ബഹളങ്ങളുടെയും ഇടയിൽ ഒന്നും സംസാരിക്കാനാവാതെ അദ്ദേഹം തളർന്നു. എന്നാൽ അൽപം ധൈര്യം സംഭരിച്ച ഡിസറേലി ഇത്രമാത്രം പറഞ്ഞു. ‘ഒരു വലിയ പരാജയത്തോടെ ഞാൻ തുടങ്ങുകയാണ്. എന്നാൾ നാളെകളിൽ എന്റെ പ്രസംഗത്തിനായി നിങ്ങൾ കാതോർത്തിരിക്കും’ ഈ പ്രസ്താവന അദ്ദേഹം അക്ഷരാർഥത്തിൽ പ്രായോഗികമാക്കി. ഒരു നല്ല പ്രഭാഷകനാകണം എന്ന ഇച്ഛാശക്തിയോടെ പരിശീലനങ്ങളിലൂടെ ആത്മവിശ്വാസം നേടിയ ഡിസറേലി പിന്നീട് ലോകോത്തര പ്രഭാഷകനായി 1874ൽ ബ്രിട്ടിഷ് പ്രധാനമന്ത്രി പദത്തിൽ എത്തിയ ബഞ്ചമിൻ ഡിസറേലിയുടെ പ്രഭാഷണങ്ങൾ ശ്രവിക്കാൻ ജനലക്ഷങ്ങൾ തടിച്ചുകൂടുമായിരുന്നു. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളിൽ പറഞ്ഞ വാക്കുകൾ ഇന്നും ലോക പ്രശസ്ത ഉദ്ധരണികളാണ്.

ഇച്ഛാശക്തിയോടെ പ്രവർത്തിച്ചാൽ എന്തിനോടുമുള്ള ഭയത്തെ അതിജീവിക്കാം എന്നതിന് ഉത്തമോദാഹരണമാണ് ബഞ്ചമിൻ സിഡറേലി. ഭയം മനസിന്റെ സൃഷ്ടിയാണ്. നാം ചെയ്തിട്ടില്ലാത്ത കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുമ്പോൾ സ്വാഭാവികമായും ഭയമുണ്ടാകും. എന്നാൽ അതേ കാര്യം പലതവണ ചെയ്യുന്നതിലൂടെ ഭയത്തെ അതിജീവിക്കാൻ കഴിയും. തന്നെകൊണ്ട് കഴിയില്ല എന്ന ചിന്തയും തെറ്റായ മുൻവിധിയുമൊക്കെയാണ് ഭയത്തിനു കാരണം. എന്തിനോടൊക്കെയോയുള്ള ഭയമാണ് പലപ്പോഴും വിജയത്തിനു തടസമാകുന്നത്. സ്വസ്ഥമായിരുന്നൊന്ന് ആലോചിച്ചാൽ മനസിലാകും വളരെ നിസാരങ്ങളായ കാര്യങ്ങളെയാണ് നാം ഭയപ്പെടുന്നതെന്ന്. നാം ചെയ്യുന്ന എല്ലാ പ്രവർത്തനങ്ങളുടെയും ഫലം ശുഭകരമാകണമെന്നില്ല. എന്നാൽ ഭയം മൂലം പ്രവർത്തിക്കാതിരുന്നാൽ ഒരിക്കലും ശുഭകരമായ ഫലം ലഭിക്കുകയില്ല. പേടിച്ച് പിൻമാറാതെ പേടിക്കുന്ന കാര്യം ചെയ്ത് പേടി ഇല്ലാതാക്കുക. ഏറ്റവും മോശം ഫലം ലഭിച്ചാലും അതിനെ നേരിടാനുള്ള തയാറെടുപ്പോടെ, ശുഭാപ്തി വിശ്വാസത്തോടെ, തന്റെടത്തോടെ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യുക വിജയം ഉറപ്പാണ്.





Moncy Varghese


No comments:

Post a Comment