2011 മെയ് 16ന് പെൻസിൽവാനിയ സർവകലാശാലയിൽ ബിരുദ ദാന ചടങ്ങിൽ ഡെൻസൽ വാഷിംഗ്ടൺ (Denzel Washington) നടത്തിയ പ്രഭാഷണം എക്കാലത്തെയും മികച്ച പ്രചോദനാത്മക പ്രസംഗങ്ങളിൽ (Motivational Speech) ഒന്നാണ്. യൂട്യൂബിലൂടെ ലോകമെമ്പാടുമുള്ള കോടാനുകോടി ആളുകളെയാണ് ഈ പ്രസംഗം പ്രചോദിപ്പിച്ചത്. പരാജയങ്ങളെ ഭയക്കാതെ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാൻ ഈ ഹോളിവുഡ് താരം നമുക്ക് പ്രേരണ നൽകുന്നു. വീഴുമ്പോൾ മുന്നോട്ടു വീഴുക എന്ന് അദ്ദേഹത്തിൻറെ പ്രയോഗം വളരെ ചിന്തനീയമാണ്. " ഞാൻ വീഴുകയാണെങ്കിൽ മുമ്പോട്ട് മാത്രമേ വീഴുകയുള്ളൂ. എങ്കിൽ മാത്രമേ എനിക്ക് വീണ്ടും എണീറ്റ് വിജയത്തിലേക്ക് കുതിക്കാൻ കഴിയൂ " എന്ന അദ്ദേഹത്തിൻറെ വാക്കുകൾ ചെറിയ പരാജയങ്ങളിൽ പോലും മനം നൊന്ത് നിരാശരാകുന്നവർക്കുള്ള അർത്ഥവത്തായ സന്ദേശമാണ്. വീഴ്ചകളിൽ പോലും വീണ്ടും മുന്നോട്ടു കുതിക്കണം എന്ന വാശി ഉണ്ടാവണം.
പല പ്രതിസന്ധികളെയും തരണം ചെയ്താണ് ഡെൻസൽ വാഷിംഗ്ടൺ ഹോളിവുഡ് സൂപ്പർതാരം ആയത്. യാതൊരു കലാ പാരമ്പര്യവും ഇല്ലാത്ത കുടുംബത്തിൽ ജനിച്ച് സ്വന്തം പ്രയത്നത്താൽ പ്രശസ്തനായ ആൾ. അയാളുടെ കുലവും നിറവും സൗന്ദര്യവും എല്ലാം ഒരു സൂപ്പർ താരം ആകുന്നതിനുള്ള തടസ്സങ്ങൾ ആയിരുന്നു. എന്നിട്ടും അയാൾ വിജയം വരിച്ചു കാരണം അയാൾക്ക് ഒരു ലക്ഷ്യമുണ്ടായിരുന്നു, ഒരു മികച്ച നടൻ ആവണം എന്ന ലക്ഷ്യം. പ്രതിഭാധനരായ പലരും ലക്ഷ്യബോധമില്ലാതെ ദിശ തെറ്റിയ പട്ടം പോലെ സഞ്ചരിക്കുമ്പോൾ ഡെൻസലിന്റെ ജീവിതവും വാക്കുകളും അവർക്ക് ദിശാബോധം നൽകുന്നു.
ഒരേ ഒരു വിവാഹം മാത്രം കഴിച്ച് ദശകങ്ങളോളമായി മാതൃകാ കുടുംബജീവിതം നയിക്കുന്ന അത്യപൂർവ്വം ഹോളിവുഡ് താരങ്ങളിൽ ഒരാളാണ് ഡെൻസൽ വാഷിംഗ്ടൺ. 1983 ൽ വിവാഹിതരായ വാഷിങ്ടൺ പൗലറ്റ ദമ്പതികൾക്ക് ഇരട്ട കുട്ടികളടക്കം 4 മക്കളുണ്ട്.
1954 ഡിസംബർ 28ന് ന്യൂയോർക്കിൽ ജനനം. മാതാവ് ഒരു ബ്യൂട്ടി പാർലറിന്റെ ഉടമയും പിതാവ് പെന്തകോസ്ത് സഭയിലെ സുവിശേഷകനും ആയിരുന്നു. വാഷിംഗ്ടണിന് 14 വയസ്സുള്ളപ്പോൾ മാതാപിതാക്കൾ വേർപിരിഞ്ഞു. മിലിട്ടറി അക്കാദമി സ്കൂളിൽ പഠിക്കാൻ കഴിഞ്ഞതിനാൽ അയാൾക്ക് ലക്ഷ്യബോധവും അച്ചടക്കവും സിദ്ധിക്കാനായി . സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം സയൻസിൽ ഡിഗ്രി എടുക്കാൻ ശ്രമിച്ചെങ്കിലും അതൊരു വമ്പൻ പരാജയമായിരുന്നു. പിന്നീട് 1977 ൽ ഫോർഡം സർവകലാശാലയിൽ നിന്നും നാടകത്തിലും ജേർണലിസത്തിലും ബിരുദം എടുത്തു. പിന്നീട് എന്തു ചെയ്യണം എന്ന കൃത്യമായ ധാരണയില്ലാതെ നീങ്ങുമ്പോഴാണ് അഭിനയത്തിൽ ഒന്നു ശ്രമിച്ചു നോക്കാൻ സുഹൃത്തുക്കൾ നിർദ്ദേശിക്കുന്നത്. പിന്നീട് ആ വഴിക്ക് ശ്രമം ആരംഭിച്ചു. നാടകങ്ങളിൽ ചെറിയ ചെറിയ വേഷങ്ങൾ ലഭിച്ചു തുടങ്ങി. പിന്നീട് പതുക്കെപ്പതുക്കെ വെള്ളിത്തിരയിലേക്കും സൂപ്പർ താരമെന്ന പദവിയിലേക്കുള്ള പ്രയാണം ആരംഭിക്കുകയായിരുന്നു. അമേരിക്കൻ ഗ്യാങ്സ്റ്റർ, മാൽക്കം എക്സ്, ഇൻസൈഡ് മാൻ, ദി ഇക്വലൈസർ, ക്രിംസൺ ടൈഡ്, മിസിസിപ്പി മസാല, ഫ്ലൈറ്റ്, ട്രെയിനിങ് ഡേ .... തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ . വിഖ്യാത മനുഷ്യാവകാശ പ്രവർത്തകനായ മാൽക്കം എക്സ് ഡെൻസൽ വാഷിംഗ്ടണിലൂടെ പുനർ അവതരിപ്പിക്കപ്പെട്ടപ്പോൾ ആവേശകരമായ സ്വീകരണമാണ് പ്രേക്ഷകർ നൽകിയത്.
10 ഓസ്കാർ നോമിനേഷനുകളിൽ നിന്നും രണ്ട് വിജയങ്ങളും 10 ഗോൾഡൻ ഗ്ലോബ് നോമിനേഷനുകളിൽ നിന്നും രണ്ട് വിജയങ്ങളും അടക്കം നിരവധി പുരസ്കാരങ്ങളും ബഹുമതികളും നേടിയിട്ടുണ്ട്.
മോട്ടിവേഷൻ സ്പീക്കർ എന്ന നിലയിൽ അദ്ദേഹം നടത്തിയ പ്രസംഗങ്ങളിലെ പ്രധാന സന്ദേശം ഇവയാണ്. റിസ്ക് എടുക്കാത്ത ഒരാൾക്ക് പോലും ജീവിതം ആസ്വദിക്കാൻ കഴിയില്ല. ജീവിതത്തിൽ തോൽവികൾ സ്വാഭാവികമാണ്. എന്നാൽ ആ തോൽവികൾ സ്വീകരിക്കാനുള്ള മാനസികാവസ്ഥ നാം കൈവരിക്കണം. നാം ഇന്ന് ചെയ്യുന്ന പ്രവർത്തികളുടെ ഫലമാണ് നാളെകളിൽ അനുഭവിക്കാൻ പോകുന്നത്. ഇന്ന് ഒന്നും ചെയ്യാതെ അലസരായാൽ നാളെ ഒന്നും നേടാൻ കഴിയില്ല. ഞാൻ ഏറ്റവുമധികം ഭയപ്പെടുന്നത് അലസതയെയാണ്. ഇന്ന് ചെയ്യേണ്ട കാര്യങ്ങൾ നാളെയ്ക്ക് മാറ്റിവയ്ക്കുന്നതും അലസതയുമാണ് ഒരാളുടെ വിജയത്തിന് ഏറ്റവും വലിയ തടസ്സമാകുന്നത്.
ലക്ഷ്യബോധത്തോടെ ജീവിതവിജയം നേടാൻ സഹായകമാവുന്ന ഡെൻസൽ വാഷിംഗ്ടൺ സന്ദേശങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിക്കാൻ ആയാൽ നമ്മുടെ ജീവിതത്തിലും പോസിറ്റീവായ പരിവർത്തനം സാധ്യമാകും. നിർഭയനായി മുന്നേറുക.
Moncy Varghese
(+91 9446066314)
No comments:
Post a Comment