അരക്കിറുക്കനും മുഴുക്കുടിയനുമായ ക്യാപ്റ്റൻ ജാക്ക് സ്പാരോ എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കി പൈറേറ്റ്സ് ഓഫ് കരീബിയൻ ചിത്ര പരമ്പരയിലൂടെ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ ജോണി ഡെപ്പിന്റെ ജീവിതവും സംഭവബഹുലമാണ്. അഭിനയ ജീവിതത്തിലും വ്യക്തിജീവിതത്തിലും ഉയർച്ച താഴ്ചകളിലൂടെയും വെല്ലുവിളികളിലൂടെയും ആണ് അദ്ദേഹം സഞ്ചരിച്ചത്. ക്യാപ്റ്റൻ ജാക്ക് സ്പാരോ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ വേണ്ടി മാത്രമാണ് അദ്ദേഹം ജനിച്ചത് എന്ന് കരുതുന്ന കോടാനുകോടി ആരാധകർ ജോണി ഡെപ്പിനുണ്ട്. പ്രേക്ഷകരിൽ അത്രത്തോളം സ്വാധീനം ചെലുത്തിയ ഒരു കഥാപാത്രം ആയിരുന്നു അത്. ഗായകനാകാൻ ആഗ്രഹിച്ച ഡെപ്പ് യാദൃശ്ചികമായാണ് സിനിമയിൽ എത്തുന്നത്.
സ്ക്രീനിലും സ്വകാര്യജീവിതത്തിലും വികൃതി പയ്യനായി അറിയപ്പെട്ടിരുന്ന ഡെപ്പിന് ഒരു ഗോൾഡൻ ഗ്ലോബ് പുരസ്കാരവും ഒരു സ്ക്രീൻ ആക്ടേഴ്സ് ഗിൽഡ് പുരസ്കാരവും മൂന്ന് ഓസ്കാർ നോമിനേഷനും ഒരു ബാഫ്ത (BAFTA) നോമിനേഷനും ലഭിച്ചിട്ടുണ്ട്. A Nightmare on Elm Street (1984) എന്ന ഹൊറർ ചിത്രത്തിലെ ടീനേജ് കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് സിനിമയിൽ എത്തുന്നത്. എക്കാലത്തെയും മികച്ച ഒരു ഹൊറർ ചിത്രമായി കരുതപ്പെടുന്ന A Nightmare on Elm Street ഒരു നടനായി അറിയപ്പെടാൻ ജോണി ഡെപ്പിന് അവസരം ഒരുക്കി. എന്നാൽ സ്വഭാവദൂഷ്യം കാരണം പല സിനിമകളിൽ നിന്നും അയാളെ അകറ്റി നിർത്തി. 1993 വരെ ഏതാനും ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും പിന്നീടാണ് ശ്രദ്ധേയമായ വേഷങ്ങൾ ലഭിച്ചു തുടങ്ങിയത്. അലമ്പനും അലസനുമായ യുവാവിന്റെ വേഷമായിരുന്നു അഭിനയിച്ചവയിൽ അധികവും.
1963 ജൂൺ 9ന് അമേരിക്കയിലെ കെന്റക്കിയിൽ ജനനം. പിതാവ് ജോൺ ക്രിസ്റ്റഫർ ഡെപ്പ് ഒരു എഞ്ചിനീയർ ആയിരുന്നു. പിതാവിൻറെ ജോലി സംബന്ധമായ തിരക്കും മൂലം പല സ്ഥലങ്ങളിൽ മാറിമാറി താമസിക്കേണ്ടതായി വന്നു. സ്ഥിരമായി ഒരു സ്ഥലത്ത് നിൽക്കാതെ മാറിമാറി പല സ്കൂളുകളിലാണ് പഠിച്ചത്. സ്കൂൾ പഠനകാലത്ത് സംഗീതത്തോട് ആയിരുന്നു ഭ്രമം. ഡപ്പിന് 15 വയസ്സുള്ളപ്പോൾ മാതാപിതാക്കൾ വിവാഹമോചിതരായി. മാതാവ് ബെറ്റി റോബർട്ട് പാൽമർ എന്നൊരാളെ പുനർവിവാഹം കഴിച്ചു. അദ്ദേഹം തന്റെ ജീവിതത്തിൽ വലിയ ഒരു പ്രചോദനം ആയിരുന്നു എന്ന് ജോണി ഡെപ്പ് പറയുന്നുണ്ട്.
പന്ത്രണ്ടാമത്തെ വയസ്സു മുതൽ റോക്ക് ബാൻഡുകളിൽ ഗിറ്റാർ വായിച്ചും പാട്ടുകൾ പാടിയും വേദികളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരുന്നു. ഒരു റോക്ക് ഗായകൻ ആകാനുള്ള തന്റെ സ്വപ്നം സാക്ഷാത്കരിക്കാനായി പതിനാറാമത്തെ വയസ്സിൽ സ്കൂൾ വിദ്യാഭ്യാസം ഉപേക്ഷിച്ചു. എന്നാൽ റോക്ക് ബാൻഡിൽ നിന്നും സ്ഥിര വരുമാനം ലഭിക്കാതെ സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിച്ചു തുടങ്ങി. വരുമാനത്തിനായി ടെലി മാർക്കറ്റിംഗ് അടക്കം പല ചെറുകിട ജോലികൾ ചെയ്തു. 1983ല്‍ തന്റെ സംഗീത ട്രൂപ്പിലെ സുഹൃത്തിന്റെ സഹോദരിയും മേക്കപ്പ് ആർട്ടിസ്റ്റും ആയ ലോറി ആൻ അലിസണെ വിവാഹം കഴിച്ചു. വിവാഹിതനാകുമ്പോൾ ഡെപ്പിന് 20 വയസ്സ് മാത്രമായിരുന്നു പ്രായം. ഇവർ 1985 ൽ വിവാഹമോചിതരായി. പത്നി ലോറി ആണ് പ്രശസ്ത ഹോളിവുഡ് നടൻ നിക്കോളാസ് കേജിനെ ജോണി ഡെപ്പിന് പരിചയപ്പെടുത്തുന്നത്. ഈ സൗഹൃദമാണ് അയാൾക്ക് ഹോളിവുഡ് സിനിമയിൽ അഭിനയിക്കാനുള്ള താല്പര്യം അവസരവും ഒരുക്കിയത്.
റിബൽ വിത്തൗട്ട് എ കോസ് (1955) എന്ന സിനിമയും പ്രശസ്ത ഹോളിവുഡ് നടൻ ജെയിംസ് സീനിന്റെ ആത്മകഥയും ആണ് ഡെപ്പിന് അഭിനയത്തിൽ താല്പര്യമുണ്ടാക്കുന്നത്. നിക്കോളാസ് കേജിന്റെ പ്രേരണയായാലും ശുപാർശയാലും ആണ് A Nightmare on Elm Street എന്ന ചിത്രത്തിൻറെ ഒഡീഷന് പോയത്. ആ ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചതോടെ ഗായകനാവാൻ ആഗ്രഹിച്ച അദ്ദേഹം ഒരു നടനായി മാറി. ഫോക്സ് ടെലിവിഷൻ വേണ്ടി 21 ജമ്പ് സ്ട്രീറ്റ് (1987) എന്ന സീരിയലിലെ പോലീസ് ഓഫീസറുടെ വേഷം ശ്രദ്ധിക്കപ്പെട്ടു. ഇതിനിടെ ടീനേജ് പയ്യന്മാരുടെ ഇടയിൽ ഡെപ്പ് ഒരു ഹരമായി വളർന്നിരുന്നു.
ജോണി ഡെപിന്റെ സിനിമാ നിർമ്മാണ കമ്പനിയായ Infinitum റം ഡയറി (2011) ഹ്യൂഗോ (2011) എന്നിങ്ങനെ രണ്ട് ചിത്രങ്ങൾ നിർമ്മിച്ചു കൊണ്ട് തുടക്കം കുറിച്ചു. ഒൻപത് സിനിമകളാണ് ഈ കമ്പനി നിർമ്മിച്ചിട്ടുള്ളത്. സിനിമകളിൽ സജീവമായിരിക്കുമ്പോഴും സംഗീതത്തോടുള്ള അദ്ദേഹത്തിൻറെ താല്പര്യം നിലനിന്നിരുന്നു. സംഗീത ട്രൂപ്പ് രൂപീകരിക്കുന്നതിനും സ്റ്റേജ് ഷോകൾ സംഘടിപ്പിക്കുന്നതിനും അദ്ദേഹം നേതൃത്വം നൽകിയിരുന്നു.
No comments:
Post a Comment