ഹോളിവുഡിൽ എക്കാലത്തെയും മികച്ച ചിത്രങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള സ്പീഡ് , ദി മാട്രിക്സ് , ജോൺ വിക് തുടങ്ങിയ ചിത്രങ്ങൾ കണ്ടിട്ടുള്ളവർ അവയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച നായകനെ ഒരിക്കലും മറക്കില്ല. തോറ്റു തോറ്റു ജയിച്ചയാൾ എന്നതിന് ഉത്തമ ഉദാഹരണമാണ് കീനു റീവ്സ് (Keanu Reeves). ജീവിതത്തിൽ കനത്ത തിരിച്ചടികളും പ്രഹരങ്ങളും പരാജയങ്ങളും ഏറ്റിട്ടും തിരികെ ജീവിതത്തിലേക്ക് മടങ്ങി വന്ന് വിജയം വരിച്ച കീനുവിന്റെ ജീവിതം ആരെയും പ്രചോദിപ്പിക്കുന്നതാണ്. അതിസമ്പന്നതയിൽ ഭ്രമിച്ചു പോവാതെ ലളിത ജീവിതം നയിക്കാൻ ഇഷ്ടപ്പെടുന്ന അപൂർവ്വം ഹോളിവുഡ് താരങ്ങളിൽ ഒരാളാണ് അദ്ദേഹം. സമ്പത്തിന്റെ ഗണ്യ ഭാഗവും ചാരിറ്റി പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്ന വിശാലഹൃദയനായ മനുഷ്യസ്നേഹിയാണ് കീനു റീവ്സ്. ഏതൊരാളുടെ ജീവിതത്തിലും സംഘർഷങ്ങളും ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ഉണ്ടാവാമെന്നും കഷ്ടപ്പാടുകളുടെ കാലം അതിജീവിച്ചു കഴിഞ്ഞാൽ നാം ഏറെ കരുത്തരാവും എന്നും പറയുന്ന അദ്ദേഹത്തിൻറെ അഭിനയ ജീവിതവും സ്വകാര്യ ജീവിതവും വിസ്മയാവഹമാണ്. തോൽവികളെ അതിജീവിച്ച് കരുത്തോടെ മുന്നേറാൻ നമുക്ക് ആവുമെന്ന് കീനു റീവ്സ് നമ്മെ പഠിപ്പിക്കുന്നു.
1964 സെപ്റ്റംബർ 2ന് ലബനനിലെ ബയ്റൂട്ടിലാണ് ജനനം. മാതാവ് പട്രീഷ്യ ഒരു കോസ്റ്റ്യൂം ഡിസൈനർ ആയിരുന്നു. പിതാവ് സാമുവൽ റീവ്സ് മയക്കുമരുന്ന് കച്ചവടവും ഒക്കെയായി ക്രിമിനൽ സ്വഭാവമുള്ള ആളായിരുന്നു. മിക്കവാറും ദിവസങ്ങളിലും അയാൾ ജയിലിൽ ആയിരുന്നു. മൂന്നു വയസ്സുള്ളപ്പോൾ മാതാപിതാക്കൾ വേർപിരിഞ്ഞു. മാതാവ് മകനുമൊത്ത് ഓസ്ട്രേലിയയിലെ സിഡ്നിയിലേക്ക് പോയി. ആറു വയസ്സുള്ളപ്പോൾ മാതാവുമൊത്ത് കാനഡയിലേക്ക് കുടിയേറി. ഇതിനിടെ മാതാവ് രണ്ടാമതൊരു വിവാഹം കഴിക്കുകയും ഒരു വർഷത്തിനകം വിവാഹമോചനം നേടുകയും ചെയ്തു. പല സ്കൂളുകളിൽ മാറിമാറി പഠിക്കേണ്ടി വന്നതിനാൽ ചെറുപ്പകാലത്ത് അധികം സൗഹൃദങ്ങൾ ഇല്ലായിരുന്നു. 12 വയസ്സുള്ളപ്പോൾ മാതാവ് മൂന്നാമത്തെ വിവാഹം കഴിക്കുകയും നാലു വർഷത്തിനുള്ളിൽ വേർപിരിയുകയും ചെയ്തു. അതിനുശേഷം അവർ നാലാമത് മറ്റൊരു വിവാഹം കൂടി കഴിച്ചു. ഒരു പിതാവിൽ നിന്നും ലഭിക്കേണ്ട സ്നേഹമോ ലാളനയോ കൂടാതെയാണ് കീനു വളർന്നത്. അമ്മ കഴിഞ്ഞാൽ അയാൾ ഏറെ സ്നേഹിച്ചിരുന്നത് തൻറെ സഹോദരിയെ ആയിരുന്നു.
പഠനത്തിൽ മികവു പുലർത്താൻ കഴിയാതിരുന്ന കീനു ചെസ്സിലും ഐസ് ഹോക്കിയിലും മിടുക്കനായിരുന്നു. എന്നാൽ ഇടയ്ക്കുണ്ടായ അപകടത്തെ തുടർന്ന് ഹോക്കി കളിക്കാൻ പറ്റാതെയായി. ഹോക്കിയിൽ തനിക്ക് വിജയിക്കാൻ ആവില്ല എന്ന് മനസ്സിലാക്കിയ കീനു തന്റെ പതിനഞ്ചാമത്തെ വയസ്സിൽ ഒരു നടൻ ആവണമെന്ന് തീരുമാനിച്ചുറപ്പിച്ചു. അഭിനയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ സ്കൂൾ പഠനം പൂർത്തീകരിക്കാനായില്ല. പതിനേഴാമത്തെ വയസ്സിൽ മാതാവിനും രണ്ടാനച്ഛനും സഹോദരിക്കും ഒപ്പം അമേരിക്കയിലെ ലോസ് ഏഞ്ചലസിലേക്ക് കുടിയേറി.
ഹോളിവുഡ് സ്റ്റുഡിയോകളിൽ രണ്ടാം അച്ഛൻറെ സഹായത്താൽ അല്ലറ ചില്ലറ ജോലികൾ ചെയ്തു കൊണ്ടാണ് സിനിമയോട് അടുക്കുന്നത്. സ്റ്റുഡിയോകളിലെ ജോലി സിനിമ നിർമാണത്തിന്റെ എല്ലാ മേഖലകളും മനസ്സിലാക്കാൻ കീനുവിനെ സഹായിച്ചു. നാടകങ്ങളിലും ടെലിവിഷൻ സീരിയലുകളിലും ചെറുകിട വേഷങ്ങൾ ലഭിച്ചു തുടങ്ങിയെങ്കിലും 1983 ൽ കൊക്കക്കോളയുടെ പരസ്യത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചതോടെ ശ്രദ്ധിക്കപ്പെടാൻ തുടങ്ങി. 1985 പുറത്തിറങ്ങിയ 'വൺ സ്റ്റപ്പ് എവേ' എന്ന ഹ്രസ്വചിത്രമാണ് കീനു അഭിനയിച്ച ആദ്യത്തെ ഹോളിവുഡ് ചിത്രം . പിന്നീട് അങ്ങോട്ട് ശരാശരി വിജയങ്ങളും സമ്പൂർണ്ണ പരാജയവുമായി ഏതാനും ചിത്രങ്ങളിൽ അഭിനയിച്ചുവെങ്കിലും 1991 ൽ പുറത്തിറങ്ങിയ പോയിൻറ് ബ്രേക്ക് എന്ന ക്രൈം ത്രില്ലറും 1994ൽ പുറത്തിറങ്ങിയ സ്പീഡ് എന്ന ത്രില്ലർ സിനിമയും അദ്ദേഹത്തെ സൂപ്പർസ്റ്റാർ ആക്കി മാറ്റി. 1999 പുറത്തിറങ്ങിയ 'ദി മാട്രിക്സ് ' എന്ന സയൻസ് ഫിക്ഷൻ ചിത്രവും 2014 പുറത്തിറങ്ങിയ 'ജോൺ വിക്കും ' ഹോളിവുഡിലെ എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ആക്ഷൻ സീനുകളിലെ ഉജ്ജ്വല പ്രകടനങ്ങൾ കൊണ്ട് അദ്ദേഹം ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ത്രസിപ്പിച്ചിട്ടുണ്ട്. സൂപ്പർ വിജയങ്ങളുടെ കഥ പറയുമ്പോഴും പല പരാജയ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. പല തവണ മോശം പ്രകടനങ്ങളുടെ പേരിൽ മാധ്യമ വിമർശനങ്ങൾ കേൾക്കേണ്ടതായി വന്നിട്ടുണ്ട്.
കീനു റീവ്സിൻറ വിജയങ്ങളും പരാജയങ്ങളും നമുക്കും പല പാഠങ്ങൾ നൽകുന്നുണ്ട്. അതിസമ്പന്നനായ ഈ ഹോളിവുഡ് നടൻറെ ജീവിത രീതികൾ പല പ്രത്യേകതകളും നിറഞ്ഞതാണ്. ഏറെ എളിമയും ലാളിത്യവും ഉള്ള വ്യക്തിയായാണ് അദ്ദേഹം അറിയപ്പെടുന്നത്. ആഡംബര കാറുകളും സ്വകാര്യ ജെറ്റ് വിമാനങ്ങളും കൂറ്റൻ ബംഗ്ലാവുകളും ഒക്കെയായി മറ്റു ഹോളിവുഡ് താരങ്ങൾ ജീവിതം ആഘോഷമാക്കുമ്പോൾ കീനു ഇഷ്ടപ്പെടുന്നത് ബൈക്കിലും മെട്രോ റെയിലിലും യാത്ര ചെയ്യാനാണ്. വർഷങ്ങളോളം ചെറിയ വാടക വീടുകളിലാണ് അദ്ദേഹം താമസിച്ചിരുന്നത്. 2013ൽ സ്വന്തമായി ഒരു വീട് വാങ്ങിയത് ആവട്ടെ രണ്ടു ബെഡ്റൂം മാത്രമുള്ള താരതമ്യേന ചെറിയ ഒരു വീട് . പണത്തോട് ആർത്തിയില്ലാത്ത ഈ മനുഷ്യൻറെ സമ്പത്തിൽ ഭൂരിഭാഗവും സാമൂഹിക സേവന പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്നു.
1991ൽ സഹോദരി ക്യാൻസർ ( ലുക്കീമിയ ) സ്ഥിരീകരിച്ചു. സഹോദരൻറെ സാമീപ്യവും പരിചരണവും എപ്പോഴും ഉണ്ടായിരുന്നു. 10 വർഷക്കാലത്തെ ചികിത്സകൊണ്ട് രോഗം ഭേദമായി. കീനു മാട്രിക്സ് എന്ന സിനിമയിൽ നിന്നും ലഭിച്ച പ്രതിഫലത്തിന്റെ 70% ആണ് ക്യാൻസർ ചികിത്സിച്ച ആശുപത്രിക്ക് സംഭാവനയായി നൽകിയത്. ഇത് ഏകദേശം 32 ദശലക്ഷം ഡോളർ ആയിരുന്നു. കീനു ആരംഭിച്ച ചാരിറ്റി ഫൗണ്ടേഷൻ ക്യാൻസർ ചികിത്സാ ഗവേഷണവും കുട്ടികൾക്കായുള്ള ചികിത്സാ സഹായവും നൽകിവരുന്നു.
മൂന്ന് അകാല വിയോഗങ്ങൾ അദ്ദേഹത്തിൻറെ ജീവിതത്തിൽ വലിയ മാനസിക ആഘാതം ഉണ്ടാക്കി. ഇരുപത്തിമൂന്നാമത്തെ വയസ്സിൽ ആത്മമിത്രം ആയിരുന്ന റിവർ ഫിനിക്സിന്റെ മരണം അദ്ദേഹത്തെ വിഷാദ രോഗിയാക്കി മാറ്റി. ജെന്നിഫർ എന്ന കൂട്ടുകാരിയുമായുള്ള സൗഹൃദമാണ് അയാളെ വീണ്ടും സജീവമാക്കിയത്. എന്നാൽ ദുരന്തങ്ങൾ വീണ്ടും അയാളെ തേടിയെത്തി. ജെന്നിഫറിന്റെ ഉദരത്തിൽ ഉണ്ടായ 9 മാസം പ്രായമായ കുഞ്ഞ് ഗർഭാവസ്ഥയിൽ മരണപ്പെട്ടു. കുഞ്ഞു മരിച്ച 18 മാസം കഴിഞ്ഞപ്പോൾ ജെന്നിഫറും ഒരു വാഹനാപകടത്തിൽ മരണപ്പെട്ടു. കീനു റീവ്സിനെ അഗാധ ദുഃഖത്തിൽ ആക്കിയ ഈ ദുരന്തങ്ങളിൽ നിന്നും ആശ്വാസം ലഭിക്കാൻ അദ്ദേഹം മെഡിറ്റേഷനും യോഗയും പരിശീലിച്ചു. " മരണങ്ങൾ നമ്മെ ഏറെ സ്നേഹിക്കുന്നവർക്ക് മാത്രം ഉണ്ടാവുന്ന നഷ്ടമാണ് " എന്ന് ഒരു ഇൻറർവ്യൂവിൽ അദ്ദേഹം പറഞ്ഞ വാചകങ്ങൾ ഏറെ പ്രസിദ്ധമാണ്.
ആക്ഷൻ രംഗങ്ങൾ മികവുറ്റതാക്കാൻ കഠിന പരിശ്രമം ചെയ്തിരുന്ന അദ്ദേഹം മാട്രിക്സ് എന്ന ചിത്രത്തിലെ ഒറ്റ സീനിനു വേണ്ടി 19 തവണയാണ് 47 നില കെട്ടിടത്തിന്റെ മുകളിൽ നിന്നും താഴേക്ക് ചാടിയത്. ആക്ഷൻ രംഗങ്ങളിൽ 90% വും ഡ്യൂപ്പില്ലാതെയാണ് അദ്ദേഹം ചെയ്തിരുന്നത്. ദുരന്തങ്ങളിൽ തളർന്നുപോവാതെ അതിസമ്പന്നതയിൽ ഭ്രമിച്ച് വഴി പിഴച്ചു പോവാതെ ദാനധർമ്മങ്ങളിൽ സന്തോഷം കണ്ടെത്തി സദാ പുഞ്ചിരിച്ചുകൊണ്ട് റീവ്സ് തന്റെ വിജയ പാതയിലൂടെ സഞ്ചരിക്കുന്നു.
Moncy Varghese
(+91 9446066314)
.
No comments:
Post a Comment