Words can bring together...

Words can bring together...
Moncy Varghese

Tuesday, March 21, 2023

ടോം ക്രൂസ് (Tom Cruise) എങ്ങനെ സൂപ്പർ സ്റ്റാറായി ❓


ഒരാളുടെ ആത്മാഭിമാനത്തെ വളർത്തുന്നതും തളർത്തുന്നതുമൊക്കെ  ബാല്യ കൗമാര കാലത്തെ അനുഭവങ്ങളാണ്. തങ്ങളുടെ ആത്മാഭിമാനത്തെയും ആത്മവിശ്വാസത്തെയും തകർക്കുന്ന രീതിയിൽ എന്തെങ്കിലുമൊക്കെ അനുഭവങ്ങളിലൂടെ കടന്നുപോകാത്തവരായി ആരും തന്നെ ഉണ്ടാവില്ല. സ്കൂൾ പഠനകാലത്ത് സഹപാഠികളിൽ നിന്നും നേരിടേണ്ടി വന്ന കളിയാക്കലുകളും അവഹേളനങ്ങളും മൂലം അന്തർമുഖത്വം പേറി നടക്കുന്നവർ നിരവധിയാണ്. ശാരീരിക വൈകല്യങ്ങളെ കുറിച്ചോ പഠന വൈകല്യത്തെ  കുറിച്ചോ ഉള്ള പരിഹാസങ്ങളാണ് ചെറുപ്പകാലത്ത്  ഏറ്റവും അധികം തളർത്തുന്നത്. എന്നാൽ ഈ പരിഹാസങ്ങളെ ഒന്നും വകവയ്ക്കാതെ തങ്ങളുടെ കഴിവുകളിൽ വിശ്വസിച്ച് ആത്മവിശ്വാസത്തോടെ മുന്നേറിയവരാണ്  വിജയങ്ങൾ നേടിയെടുത്തിട്ടുള്ളത്. അതിനൊരു ഉത്തമ ഉദാഹരണമാണ് ടോം ക്രൂസ് എന്ന ഹോളിവുഡ് നടൻ . തന്നെ പരിഹസിച്ചവരുടെ മുമ്പിൽ തല ഉയർത്തിപ്പിടിച്ചുകൊണ്ട് ടോം ക്രൂയിസ് പറയുന്നു മറ്റുള്ളവർ നിങ്ങളെക്കുറിച്ച് എന്തു പറയുന്നു എന്നതിനേക്കാൾ  നിങ്ങൾക്ക് നിങ്ങളെ കുറിച്ചുള്ള അഭിപ്രായമാണ് പ്രധാനം. "പ്രശ്നങ്ങളുടെ നടുവിൽ പെടുമ്പോൾ മുങ്ങിത്താഴാതെ നീന്തി രക്ഷപ്പെടാനാണ് ശ്രമിക്കേണ്ടത്"

പഠന വൈകല്യം മൂലം വായിക്കുന്നതൊന്നും ഓർത്തുവയ്ക്കാൻ കഴിയാത്ത ഒരു വിദ്യാർത്ഥിയായിരുന്നു അദ്ദേഹം. നിരയിൽ അല്ലാത്ത മഞ്ഞനിറം ബാധിച്ച വികൃതമായ പല്ലുകളെ സഹപാഠികൾ കളിയാക്കിയിരുന്നു. എന്നാൽ ഇന്ന് ടോം ക്രൂസിന്റെ വിജയരഹസ്യത്തെക്കുറിച്ച് ലോകം പഠിക്കുകയും പുരുഷ സൗന്ദര്യത്തിന്റെ ആൾരൂപമായി അദ്ദേഹത്തെ വാഴ്ത്തി പാടുകയും ചെയ്യുന്നു. ചെറുപ്പത്തിൽ താൻ അപകർഷതാബോധവും അന്തർമുഖത്വവും അനുഭവിച്ചിരുന്നു എന്നു പറയുന്ന ടോം ക്രൂസ് അതിനെയൊക്കെ അതിജീവിച്ചത് നിശ്ചയദാർഢ്യത്താലും പ്രയത്ന ശീലത്താലുമാണ്. കർമ്മോത്സുകരായി മുന്നേറുന്നവരെ വിമർശനങ്ങളും പരിഹാസങ്ങളും ഒരിക്കലും തളർത്താറില്ല

ഇലക്ട്രിക്കൽ എഞ്ചിനീയർ ആയിരുന്ന തോമസ്ക്രൂസിന്റെയും സ്പെഷ്യൽ സ്കൂൾ അധ്യാപികയായിരുന്ന മേരി ലീയുടെയും മകനായി 1963 ജൂലൈ മൂന്നിന് ന്യൂയോർക്കിൽ ജനിച്ച ക്രൂസിന്റെ ബാല്യകാലം ക്ലേശങ്ങൾ നിറഞ്ഞതായിരുന്നു. മുക്കുടിയൻ ആയിരുന്ന പിതാവിൽ നിന്നും  സ്നേഹമോ വാത്സല്യമോ ലഭിക്കാതെയാണ് ക്രൂസ് വളർന്നത്. തൊട്ടതിനും പിടിച്ചതിനുമൊക്കെ അയാൾ ക്രൂസിനെ ക്രൂരമായി മർദ്ദിക്കുമായിരുന്നു. പിതാവിൻറെ തൊഴിൽ സംബന്ധമായി പല സ്ഥലങ്ങളിലായി മാറി മാറി താമസിക്കേണ്ടതായി വന്നു. ടോം ക്രൂസിന് 9 വയസ്സുള്ളപ്പോൾ കാനഡയിലേക്ക് താമസം മാറ്റി. എന്നാൽ തൻറെ പതിനാലാമത്തെ വയസ്സിൽ മാതാപിതാക്കൾ വേർപിരിഞ്ഞതിനെ തുടർന്ന് അമ്മയും മൂന്ന് സഹോദരിമാരും ഒത്ത് തിരിച്ച് അമേരിക്കയിൽ എത്തി. 14 വയസ്സിനുള്ളിൽ 15 സ്കൂളുകളിലാണ് ക്രൂസ് പഠിച്ചത്. Dyslexia എന്ന പഠന വൈകല്യം ഉണ്ടായിരുന്നതിനാൽ പഠിച്ച് ഉന്നത ബിരുദങ്ങൾ നേടി ജീവിതത്തിൽ വിജയിക്കാൻ കഴിയില്ല എന്ന് അയാൾ തിരിച്ചറിഞ്ഞു. സ്കൂൾ വിദ്യാഭ്യാസ കാലത്ത് ഒരു ഗുസ്തിക്കാരൻ ആവാനുള്ള ആഗ്രഹത്താൽ പരിശീലിച്ചെങ്കിലും കാൽമുട്ടിനേറ്റ പരുക്ക് മൂലം അതിൽ നിന്നും പിന്മാറേണ്ടതായി വന്നു. പതിനാലാമത്തെ വയസ്സിൽ ഒരു വൈദികൻ ആവാൻ സെമിനാരിയിൽ ചേർന്നു എങ്കിലും എന്റെകുറച്ചുകാലം കഴിഞ്ഞ് അവിടെ നിന്നും പുറത്താക്കപ്പെട്ടു. പിന്നീടാണ് അഭിനയത്തിൽ ശ്രദ്ധ പതിപ്പിച്ചതും അവസരങ്ങൾക്കായുള്ള ശ്രമം ആരംഭിച്ചതും. അമിതമായ രീതിയിൽ അച്ചടക്കം അടിച്ചേൽപ്പിച്ചിരുന്ന പിതാവ് താങ്ങാനാവാത്ത മാനസിക സമ്മർദ്ദങ്ങൾ ആയിരുന്നു ചെറുപ്രായത്തിൽ മകന് നൽകിയിരുന്നത്. അതുകൊണ്ടുതന്നെ അപകർഷതാബോധവും ആത്മവിശ്വാസക്കുറവും ക്രൂസിന് ഉണ്ടായിരുന്നു. കൂടാതെ തന്റെ പല്ലുകൾക്ക് സൗന്ദര്യം ഇല്ല എന്ന ചിന്തയും ക്രൂസിനെ അലട്ടിയിരുന്നു. രക്ഷകർത്താവിന്റെ സ്നേഹവും കരുതലും ലഭിക്കാതിരുന്നതിനാൽ ഒരു അരക്ഷിതാവസ്ഥ അയാളിൽ ഉണ്ടായിരുന്നു. മാനസിക സമ്മർദ്ദം ഒഴിവാക്കാൻ ഇടയ്ക്കിടെ മദ്യപിക്കുന്ന ശീലവും അയാൾക്ക് ഉണ്ടായിരുന്നു. ഈ ശീലം കാരണമാണ് സെമിനാരിയിൽ നിന്നും സ്കൂൾ ഫുട്ബോൾ ടീമിൽ നിന്നും ക്രൂസിനെ പുറത്താക്കിയത്. പിതാവിനെ കുറിച്ച് ഓർക്കുമ്പോൾ ഒരു ക്രൂരമുഖമാണ് ഇന്നും ക്രൂസിന്റെ മനസ്സിൽ തെളിയുന്നത്

അഭിനയത്തിൽ ശ്രദ്ധ പതിപ്പിച്ചതോടെ അന്തർമുഖനായിരുന്ന ക്രൂസ് പതിയെ പതിയെ മാറി തുടങ്ങി. നല്ല സുഹൃത്തുക്കളെ ലഭിച്ചതോടെ കൂടുതൽ ആത്മവിശ്വാസത്തോടെ ഒരു നടൻ ആവുക എന്ന തൻറെ ലക്ഷ്യത്തിനുവേണ്ടി പ്രയത്നം ആരംഭിച്ചു. ദുശ്ശീലങ്ങളൊക്കെ മാറ്റിവെച്ച് ഒരു സിനിമ നടൻ ആവാനുള്ള ശ്രമങ്ങൾ തുടർന്നു. പതിനെട്ടാമത്തെ വയസ്സിൽ എത്തിയ ക്രൂസ് ടെലിവിഷൻ അവസരങ്ങൾക്കായി അലഞ്ഞു. ഹോട്ടലുകളിൽ വെയ്റ്റർ ജോലി ചെയ്താണ് ഇക്കാലയളവിൽ തൻറെ ചെലവിലുള്ള പണം കണ്ടെത്തിയിരുന്നത്. ചെറിയ ചെറിയ റോളുകൾ ലഭിച്ചെങ്കിലും ആദ്യം ശ്രദ്ധേയമായത് 1981 ൽ പുറത്തിറങ്ങിയ 'എൻഡ്ലസ് ലൗ ' എന്ന ചിത്രമായിരുന്നു. 1983ല്‍ 'റിസ്കി ബിസിനസ് ' എന്ന ചിത്രത്തിലെ ഒരു സുപ്രധാന വേഷം ചെയ്തതോടെ ഒരു പുതിയ താരം പിറക്കുകയായിരുന്നു. 1986 ൽ ടോപ് ഗൺ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിൽ അഭിനയിച്ചതോടെ ടോം ക്രൂസ് ചെറുപ്രായത്തിൽ തന്നെ ഹോളിവുഡ് സൂപ്പർസ്റ്റാറായി. പിന്നീടങ്ങോട്ട് ടോം ക്രൂസ് അദ്ദേഹത്തിൻറെ ജൈത്രയാത്ര ആയിരുന്നു. ഒട്ടേറെ വിജയങ്ങളും കുറച്ചു പരാജയങ്ങളും അടങ്ങുന്ന ഒരു നീണ്ട അഭിനയ യാത്ര . എക്കാലത്തെയും മികച്ച ചില ചിത്രങ്ങളിൽ അഭിനയിച്ചു കൊണ്ടും ചില ചിത്രങ്ങൾ നിർമ്മിച്ചു കൊണ്ടും നിരവധി അവാർഡുകളും ബഹുമതികളും കരസ്ഥമാക്കിക്കൊണ്ടും ടോം ക്രൂസ് ജൈത്രയാത്ര തുടർന്നുകൊണ്ടേയിരുന്നു

ഈഥൻ ഹണ്ട് എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ മിഷൻ ഇമ്പോസിബിൾ പരമ്പര സിനിമകൾ അടക്കം അറുപതോളം ചിത്രങ്ങളിൽ ക്രൂസ് അഭിനയിച്ചിട്ടുണ്ട്. മൂന്ന് ഓസ്കാർ നോമിനേഷനുകളും മൂന്ന് ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങളും ലഭിച്ച അദ്ദേഹത്തിന് പൈലറ്റ് ലൈസൻസും ഉണ്ട് . ഹോളിവുഡിലെ കഠിനാധ്വാനിയായ നടന്മാരിൽ ഒരാൾ എന്നറിയപ്പെടുന്ന ക്രൂസ് സാഹസിക രംഗങ്ങൾ ഡ്യൂപ്പില്ലാതെയാണ് അഭിനയിക്കുന്നത്. സംഘട്ടന രംഗങ്ങൾ മികവുറ്റതാക്കാൻ പുതിയ ആയോധനകലകൾ അഭ്യസിക്കുന്നതും പരിശീലിക്കുന്നതും ക്രൂസിന്റെ ശീലമാണ്. ഡന്റൽ സർജറിയിലൂടെ ദന്ത നിരയുടെ പോരായ്മ പരിഹരിച്ചതോടെ ലോകത്തെ ഏറ്റവും ആകർഷകമായ ചിരിയുടെ ഉടമയായി മാറി ടോം ക്രൂസ് . നാല് ദശകങ്ങളിൽ ഏറെക്കാലം ഹോളിവുഡ് സൂപ്പർ താര പദവിയിൽ തുടരുന്ന വിസ്മയിപ്പിക്കുന്ന വ്യക്തിത്വം തന്നെയാണ് അദ്ദേഹം. ഒന്നാം സ്ഥാനത്ത് എത്തുക എന്നതിനേക്കാൾ ഏറെ ബുദ്ധിമുട്ടാണ് ഒന്നാം സ്ഥാനം വർഷങ്ങളോളം നിലനിർത്തുക എന്നത് 

.. ..

~Moncy Varghese

      9446066314

No comments:

Post a Comment