ഒരു നടനായി അറിയപ്പെടുന്നതിനു മുമ്പ് വിൽ സ്മിത്ത് ഒരു ഗായകനായിരുന്നു. സുഹൃത്തും ഡിസ്ക്കോ ജോക്കിയുമായ ജാസിക്കൊപ്പം 5 മ്യൂസിക് വീഡിയോ ആൽബങ്ങളാണ് പുറത്തിറക്കിയിട്ടുള്ളത്. ഒരു റാപ്പ് പെർഫോമർ എന്ന നിലയിൽ 5 ഗ്രാമി അവാർഡുകളും നേടിയിട്ടുണ്ട്. ഹോളിവുഡ് സിനിമകളിലും ഉജ്ജ്വല പ്രകടനങ്ങളുടെ സൂപ്പർതാരമായി മാറിയ വിൽ സ്മിത്ത് ഒരു അറിയപ്പെടുന്ന മോട്ടിവേറ്റർ കൂടിയാണ്.
നിരവധി ഉയർച്ചയും താഴ്ചയും വിജയങ്ങളും പരാജയങ്ങളും പുകഴ്ത്തലുകളും ഇകഴ്ത്തലുകളും സുപ്രസിദ്ധിയും കുപ്രസിദ്ധിയും ഒരേപോലെ ഏറ്റുവാങ്ങിയ ഹോളിവുഡ് സൂപ്പർ താരമാണ് വിൽ സ്മിത്ത് . 2022 മാർച്ച് 27ന് ഓസ്കാർ അവാർഡ് ദാന വേദിയിൽ വിൽ സ്മിത്ത് ലോകത്തെ മുഴുവൻ അമ്പരപ്പിച്ചു കൊണ്ട് ഒരേ പോലെ കുപ്രസിദ്ധനും സുപ്രസിദ്ധനുമായി . കിംഗ് റിച്ചാർഡ് എന്ന സിനിമയിലൂടെ ഏറ്റവും മികച്ച നടനുള്ള ഓസ്കാർ അവാർഡ് നേടിയ അതേ ദിവസം തന്നെയാണ് തൻറെ ഭാര്യയെ അപമാനിച്ചതിന്റെ പേരിൽ അവതാരകനായ ക്രിസ് റോക്കിന്റെ കാരണത്തടിച്ച് പേരുദോഷം ഏറ്റുവാങ്ങിയത്. വിൽ സ്മിത്ത് മാപ്പു പറഞ്ഞെങ്കിലും ആ കളങ്കം അദ്ദേഹത്തെ പിന്തുടരുന്നു. എത്ര ഉന്നത സ്ഥാനത്ത് എത്തിയാലും അമിത വികാരങ്ങളെ അടക്കാൻ കഴിയാത്തവർക്ക് വിപരീത ഫലങ്ങൾ ഉണ്ടാക്കുമെന്ന് സ്മിത്തിന്റെ കരിയർ തെളിയിക്കുന്നു.
2021ൽ വിൽ സ്മിത്തിന്റെ ജീവിതാനുഭവങ്ങളെ അടിസ്ഥാനമാക്കി അദ്ദേഹവും മാർക്ക് മാൻസണും ചേർന്നെഴുതിയ വിൽ (Will) എന്ന ഗ്രന്ഥം ഒരു വമ്പൻ വിജയമായിരുന്നു. ന്യൂയോർക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലർ ബുക്സ് പട്ടികയിൽ ഒന്നാം സ്ഥാനത്തായിരുന്ന ഈ ഗ്രന്ഥത്തിൽ തന്റെ ജീവിതത്തിലെ വിജയങ്ങളെയും പരാജയങ്ങളെയും സന്തോഷങ്ങളെയും ദുഃഖങ്ങളെയും വളർച്ചയെയും തളർച്ചയെയും എല്ലാം സ്മിത്ത് തുറന്നു കാണിക്കുന്നു. താൻ വായിച്ചതിൽ ഏറ്റവും മികച്ച ആത്മകഥാ രചനയാണ് ഇതെന്നാണ് ഓപ്ര വിൻഫ്രി ഈ പുസ്തകത്തെക്കുറിച്ച് അഭിപ്രായപ്പെട്ടത്. ഒരു സൂപ്പർതാരത്തിലേക്കുള്ള വളർച്ചയിൽ അദ്ദേഹം തരണം ചെയ്ത പ്രതിസന്ധികളും വലിയ ലക്ഷ്യത്തിലെത്താൻ വേണ്ടി പ്രായോഗികമാക്കിയ പദ്ധതികളും പ്രചോദനാത്മകമാണ്. ഒരു സൂപ്പർ താരം ആവണം എന്ന ഉന്നതമായ ലക്ഷ്യത്തോടെ തന്നെയാണ് വിൽ സ്മിത്ത് സിനിമാരംഗത്ത് എത്തിയത്.
1968 സെപ്റ്റംബർ 25ന് അമേരിക്കയിലെ ജനിച്ച വില്ലാഡ് കരോൾ സ്മിത്ത് എന്ന വിൽ സ്മിത്തിന് ഒരു മൂത്ത സഹോദരിയും രണ്ട് ഇളയ സഹോദരന്മാരും ഉണ്ട് . അമേരിക്കൻ എയർഫോഴ്സിൽ നിന്നും റിട്ടയർ ചെയ്ത റഫ്രിജറേഷൻ എൻജിനീയർ ആയിരുന്ന പിതാവിൻറെ കടുത്ത ശിക്ഷണങ്ങളിലൂടെയാണ് കുട്ടികൾ വളർന്നത്. ഒരേ സമയം തന്നെ മഹാ ക്രൂരനും എന്നാൽ ചില കാര്യങ്ങളിൽ നല്ലവനും ആയ ഒരു പിതാവായാണ് അദ്ദേഹത്തെ സ്മിത്ത് ഓർമ്മിക്കുന്നത്. മദ്യപിച്ച് മധുന്മഥനായി തന്റെ മാതാവിനെ ക്രൂരമായി മർദ്ദിച്ചിരുന്ന അയാളെ കൊല്ലണമെന്ന് പോലും ചെറുപ്പത്തിൽ താൻ വിചാരിച്ചിരുന്നതായി സ്മിത്ത് പറയുന്നു. അതേസമയം തന്നെ കുട്ടികളിൽ അച്ചടക്കവും ലക്ഷ്യബോധവും വളർത്തിയെടുത്തതും അതേ പിതാവ് തന്നെയായിരുന്നു. ഒരിക്കൽ പിതാവിൻറെ കടയുടെ മുമ്പിലെ മതിൽക്കെട്ട് ഇടിഞ്ഞുവീണപ്പോൾ അത് പുനർ നിർമ്മിക്കാനുള്ള ചുമതല അയാൾ വിൽ സ്മിത്തിനും സഹോദരൻ ഹാരിക്കും നൽകി. 20 അടി നീളവും 12 ഉയരവുമുള്ള മതിൽ നിർമ്മാണം കുട്ടികളെ ഏൽപ്പിച്ചതിന് പിന്നിൽ പിതാവിന് ഒരു ഉദ്ദേശം ഉണ്ടായിരുന്നു. ഒരു വലിയ ലക്ഷ്യം എങ്ങനെ നേടിയെടുക്കണം എന്നത് അനുഭവങ്ങളിലൂടെ പഠിക്കാനുള്ള ഒരു അവസരമാണ് അയാൾ ഒരുക്കിയത്. ഇത്രയും വലിയ മതിൽ തങ്ങൾക്ക് നിർമ്മിക്കാൻ കഴിയില്ലഎന്നെ എപ്പോഴും പിറു പിറത്തു കൊണ്ടിരുന്ന സ്മിത്തിന് പിതാവ് നൽകിയ മറുപടി പിന്നീടുള്ള അദ്ദേഹത്തിൻറെ ജീവിതത്തെ വളരെയധികം സ്വാധീനിച്ചു. " കെട്ടി ഉയർത്താൻ പോകുന്ന വലിയ മതിലിനെ കുറിച്ച് ഓർത്ത് വേവലാതിപ്പെടാതെ അതിനുവേണ്ടി നാം ഇപ്പോൾ ഉപയോഗിക്കുന്ന ഒരു ഇഷ്ടിക എങ്ങനെ നല്ല രീതിയിൽ പാകാം എന്നത് മാത്രം ശ്രദ്ധിക്കുക " . നമ്മുടെ വലിയ ലക്ഷ്യങ്ങൾ നേടണമെങ്കിൽ ചെറിയ ചെറിയ ലക്ഷ്യങ്ങൾ ആക്കി മാറ്റി ക്രമേണ ക്രമേണ വലിയ ലക്ഷ്യങ്ങളിൽ എത്തണമെന്ന വലിയ ഒരു പാഠമായിരുന്നു ആ പിതാവ് മകന് സമ്മാനിച്ചത്. ഓരോ ദിവസവും കുറേശ്ശെ ഇഷ്ടികകൾ മാത്രം പാകി കൊണ്ട് ഒരു വർഷത്തിനുള്ളിൽ ഒരു വലിയ മതിൽക്കെട്ട് ആ സഹോദരങ്ങൾ കെട്ടി ഉയർത്തി. വിൽ സ്മിത്തിന് ബാല്യകാലത്തു തന്നെ ലക്ഷ്യബോധവും അച്ചടക്കവും ആത്മവിശ്വാസവും പ്രയത്നശീലവും നൽകിയ ഒരു സംഭവമായിരുന്നു ഇത്.
സ്കൂൾ പഠനകാലത്ത് കണക്കിൽ ബഹു മിടുക്കാനായിരുന്നു സ്മിത്ത് . ബുദ്ധി ക്ഷമത അളക്കുന്ന ഐക്യൂ ടെസ്റ്റിൽ ഉന്നത സ്കോർ ആണ് അദ്ദേഹത്തിന് ഉള്ളത്. എന്നാൽ കലാരംഗത്ത് ശ്രദ്ധ പതിപ്പിച്ചതിനാൽ സ്കൂൾ പഠനത്തിനുശേഷം തുടർന്ന് പഠിക്കാൻ അയാൾക്ക് കഴിഞ്ഞില്ല. ഒരു യൂണിവേഴ്സിറ്റി ബിരുദം എടുക്കാൻ കഴിയാത്തതിന്റെ വിഷമം പിന്നീട് പലപ്പോഴും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഒരു സംഗീതജ്ഞൻ ആയാണ് കലാജീവിതം ആരംഭിച്ചത്. പന്ത്രണ്ടാമത്തെ വയസ്സിൽ തന്നെ റാപ്പ് സംഗീതത്തിനുള്ള വരികൾ എഴുതുമായിരുന്നു. എഴുതിയ വരികളൊക്കെയും ശാപവചനങ്ങളും നെഗറ്റീവ് ചിന്താഗതികളും നിറഞ്ഞതായിരുന്നു. ഈ വരികളൊക്കെ വായിച്ച മുത്തശ്ശിയാണ് വിൽ സ്മിത്തിനെ പോസിറ്റീവ് ആയി ചിന്തിക്കാനും പോസിറ്റീവായ വരികൾ എഴുതാനും പ്രചോദനമായത്. ചടുലമായ റാപ്പ് സംഗീതത്തിൽ ഊർജ്ജസ്വലമായ ഗംഭീര പ്രകടനങ്ങളാണ് ബാല്യ കൗമാര കാലത്ത് തന്നെ അയാൾ നടത്തിയിരുന്നത്. ബാല്യകാല സുഹൃത്തും റാപ്പ് സംഗീതജ്ഞനുമായ ജാസി ജെഫുമൊത്ത് സ്റ്റേജ് ഷോകളും സംഗീത ആൽബങ്ങളും നിർമ്മിച്ച 20 വയസ്സ് തികയും മുമ്പ് തന്നെ സ്മിത്ത് ദശലക്ഷക്കണക്കിന് ഡോളർ സമ്പാദ്യം ഉണ്ടാക്കി. എന്നാൽ ചെറുപ്രായത്തിൽ തന്നെ അതി സമ്പന്നനായ സ്മിത്തിന്റെ ധൂർത്തും ആർഭാടവും കൊണ്ടെത്തിച്ചത് ജയിലഴികൾക്കുള്ളിൽ ആണ് . കൃത്യമായ വരുമാന നികുതി അടയ്ക്കാത്തതിന്റെ പേരിൽ അയാൾ അറസ്റ്റിലായി. സമ്പാദിച്ചതു മുഴുവനും അതിലേറെയും പിഴയായി കെട്ടിയതിനുശേഷമാണ് ജയിൽ മോചിതൻ ആയത്. സമ്പത്ത് എങ്ങനെ കാര്യക്ഷമമായി ഉപയോഗിക്കണം എന്ന് അയാൾ പഠിച്ചത് ജയിൽവാസകാലത്തെ തകർച്ചയിൽ നിന്നുമാണ്. വരുമാനം അറിഞ്ഞ് ചെലവഴിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് വിൽ സ്മിത്ത് തൻറെ ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നുണ്ട്. എൻ.ബി.സി ടെലിവിഷനു വേണ്ടി ' ഫ്രഷ് പ്രിൻസ് ഓഫ് ബൽ എയർ ' എന്ന സീരിയലിൽ അഭിനയിക്കാനുള്ള കരാറിലൂടെയാണ് അയാൾ കടങ്ങളിൽ നിന്നും മോചിതനായത്. ഈ സീരിയൽ ഒരു വിജയമായതോടെ സിനിമയിൽ ഒരു സൂപ്പർ താരം ആവണം എന്ന ലക്ഷ്യം അയാളുടെ മനസ്സിൽ രൂപകൽപ്പന ചെയ്തു. പിന്നീട് തൻറെ ലക്ഷ്യത്തിലെത്താനുള്ള പടിപടിയായ ശ്രമങ്ങൾ ആയിരുന്നു.
1992 ൽ റിലീസ് ചെയ്ത ആദ്യ സിനിമ (Where the day takes you) ഒരു ബോക്സ് ഓഫീസ് പരാജയം ആയിരുന്നു. പിന്നീട് 1993ല്‍ അഭിനയിച്ച രണ്ട് ചിത്രങ്ങൾ (Made in America, Six degrees of separation) മികച്ച വിജയങ്ങൾ നേടി. ഇതോടെ വിൽ സ്മിത്ത് നടൻ എന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. 1995ൽ ' ബാഡ് ബോയ്സ് ' 1996 ൽ പുറത്തിറങ്ങിയ ' ഇൻഡിപെൻഡൻസ് ഡേ ' എന്നീ ചിത്രങ്ങൾ വിൽ സ്മിത്തിനെ സൂപ്പർതാര പദവിയിലേക്ക് ഉയർത്തി. പിന്നീട് സൂപ്പർതാരം എന്ന നിലയിലുള്ള അയാളുടെ പ്രയാണമായിരുന്നു.
മെൻ ഇൻ ബ്ലാക്ക് (1997) ഒരു വമ്പൻ ബോക്സ് ഓഫീസ് വിജയമായിരുന്നു. 90 ദശലക്ഷം ഡോളർ ബഡ്ജറ്റിൽ നിർമ്മിച്ച ഈ ചിത്രം 590 ദശലക്ഷം ഡോളറാണ് വാരിക്കൂട്ടിയത്. ഈ ചിത്രത്തിൻറെ രണ്ടും മൂന്നും ഭാഗങ്ങളും (2002, 2012) സൂപ്പർഹിറ്റുകൾ ആയിരുന്നു. നിർമ്മാതാക്കൾക്ക് നഷ്ടം വരുത്താത്ത മിനിമം ഗ്യാരണ്ടിയുള്ള നടൻ ആയിട്ടാണ് സ്മിത്ത് അറിയപ്പെടുന്നത്. ദാരിദ്ര്യത്തിൽ നിന്നും അതിസമ്പന്നതയിലേക്ക് വളർന്ന അമേരിക്കൻ ബിസിനസുകാരൻ ക്രിസ് ഗാർഡിനറുടെ ജീവിതകഥ സിനിമയായപ്പോൾ വിൽ സ്മിത്തും മകൻ ജേഡൻ ആണ് പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്. Pursuit of happiness (2006) എന്ന ഈ ചിത്രം ലോകത്തെ എക്കാലത്തെയും മികച്ച പ്രചോദനാത്മക ചിത്രങ്ങളിൽ ഒന്നാണ്. നിരാശയും മാനസിക സമ്മർദ്ദവും ഒക്കെ അനുഭവിക്കുന്നവർ ഈ ചിത്രം കണ്ടാൽ മോട്ടിവേറ്റഡ് ആകും എന്ന കാര്യത്തിൽ ഒരു തർക്കവുമില്ല. അത്ര മികച്ച പ്രകടനമാണ് വിൽ സ്മിത്തും മകനും ഈ ചിത്രത്തിൽ കാഴ്ചവച്ചിട്ടുള്ളത്. മകനുമൊത്ത് പിന്നീട് അഭിനയിച്ച ആഫ്റ്റർ എർത്ത് (2013) എന്ന ചിത്രം ഒരു ദയനീയ പരാജയമായിരുന്നു. തൻറെ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ പരാജയം എന്നാണ് ഈ ചിത്രത്തെ അദ്ദേഹം വിശേഷിപ്പിച്ചത്.
ലോകോത്തര ബോക്സിങ് ഇതിഹാസം മുഹമ്മദ് അലിയുടെ ജീവിതകഥ പറഞ്ഞ അലി (2001) എന്ന ചിത്രത്തിൻറെ നായകനായിരുന്ന വിൽ സ്മിത്തിന് മികച്ച നടനുള്ള ഓസ്കാർ നോമിനേഷൻ ലഭിച്ചു. 2018 മോസ്കോയിൽ നടന്ന ഫിഫ ലോകകപ്പ് ഫുട്ബോൾ മത്സരത്തിന്റെ ഒഫീഷ്യൽ ഗാനമായിരുന്ന 'ലിവ് ഇറ്റ് അപ്പ് ' ഗായകരായ നിക്കി ജാമിനും എറാ ഇസ്രേഫിക്കും ഒപ്പം അവതരിപ്പിച്ചത് വിൽ സ്മിത്ത് ആയിരുന്നു. 2006 ൽ ലോകത്ത് ഏറ്റവും സ്വാധീനമുള്ള 100 പേരുടെ ടൈംസ് മാഗസിൻ പട്ടികയിൽ ഇടം നേടി
വ്യക്തമായ ആസൂത്രണങ്ങളിലൂടെ തൻറെ മക്കളായ വീനസിനെയും സെറീനയേയും ടെന്നീസിലെ ഇതിഹാസതാരങ്ങൾ ആക്കി മാറ്റിയ പിതാവ് റിച്ചാർഡ് വില്യംസിന്റെ കഥ പറഞ്ഞ കിംഗ് റിച്ചാർഡിലെ (2022) അഭിനയത്തിനാണ് വിൽ സ്മിത്ത് ഏറ്റവും മികച്ച നടനുള്ള ഓസ്കാർ പുരസ്കാരം നേടുന്നത്.
മോൻസി വർഗ്ഗീസ് കോട്ടയം
(9446066314)
No comments:
Post a Comment