ഇറ്റലിയിലെ ഫ്ലോറൻസിൽ ഉള്ള ആർട്ട് മ്യൂസിയത്തിൽ ലിയനാർഡോ ഡാവിഞ്ചിയുടെ ചിത്രം ആസ്വദിച്ചുകൊണ്ടിരുന്ന ഇർമെലിന്റെ ഉദരത്തിൽ ഉണ്ടായിരുന്ന കുഞ്ഞ് കാൽ കൊണ്ട് ചവിട്ടുന്നതായി അനുഭവപ്പെട്ടു. അങ്ങനെയാണ് കുഞ്ഞിന് ലിയനാർഡോ എന്ന പേര് നൽകാൻ ഇടയായത്. പിതാവ് ജോർജ് ഡിക്കാപ്രിയോ ഒരു ചിത്രകാരനായിരുന്നു. കോമിക് പുസ്തകങ്ങളുടെ രചനയും പബ്ലിഷിങ്ങും വില്പനയും ആയിരുന്നു അദ്ദേഹത്തിൻറെ തൊഴിൽ . 1974 നവംബർ 11 ന് ലോസ് ആഞ്ചലസിലാണ് ലിയനാർഡോ ഡികാപ്രിയോയുടെ ജനനം. ജനിച്ചതും വളർന്നതും സിനിമ നിർമ്മാണങ്ങളുടെ കേന്ദ്രമായ നഗരത്തിൽ ആയതിനാൽ ചെറുപ്പം മുതൽക്കുതന്നെ സിനിമയുമായി ബന്ധപ്പെടാൻ അയാൾക്ക് അവസരം ലഭിച്ചു. ലിയനാർഡോ കളിക്കുഞ്ഞ് ആയിരുന്ന കാലത്ത് തന്നെ മാതാപിതാക്കൾ നിയമപരമായി വിവാഹബന്ധം വേർപെടുത്തി. അതോടെ വളരെ കഷ്ടപ്പെട്ടാണ് മാതാവ് തൻറെ ഏക മകനെ വളർത്തിയിരുന്നത്. സ്കൂൾ പഠനകാലത്ത് തന്നെ ലിയനാർഡോക്ക് അഭിനയത്തിൽ താൽപര്യം ജനിച്ചു.
ചെറുപ്പത്തിൽ ചില പരസ്യ ചിത്രങ്ങളിൽ അഭിനയിക്കാൻ അവസരം ലഭിച്ച അയാൾ പിന്നീട് കുട്ടികൾക്കായുള്ള ടെലിവിഷൻ സീരിയലുകളിലും പ്രത്യക്ഷപ്പെട്ടു തുടങ്ങി. സ്കൂൾ പഠനം ഇടക്കിവച്ച് അവസാനിപ്പിച്ചു അഭിനയത്തിൽ ശ്രദ്ധ പതിപ്പിച്ചുവെങ്കിലും അവസരങ്ങൾ തീരെ കുറവായിരുന്നു. നിരന്തരം അവസരങ്ങൾക്ക് വേണ്ടി ഹോളിവുഡ് സ്റ്റുഡിയോകൾ കയറിയിറങ്ങി. അവസാനം മടുത്തു നിരാശനായി അഭിനയം മോഹം ഉപേക്ഷിച്ചു എങ്കിലും പിതാവിന്റെ പ്രചോദനവും അഭിനയത്തിലൂടെ കിട്ടുന്ന പണം കൊണ്ട് അമ്മയെ സംരക്ഷിക്കണം എന്ന തോന്നലും കാരണം വീണ്ടും ശ്രമം തുടർന്നു കൊണ്ടേയിരുന്നു. 1990 മുതൽ കൗമാരക്കാരൻ ആയ ലിയനാർഡോയ്ക്ക് ടെലിവിഷൻ സീരിയലുകളിൽ അവസരം ലഭിച്ചു തുടങ്ങി. 1991ൽ പുറത്തിറങ്ങിയ ക്ര.critters 3 ആയിരുന്നു ആദ്യ ചലച്ചിത്രം . ഈ സയൻസ് ഫിക്ഷൻ ഹൊറർ കോമഡി ചിത്രം ഒരു പരാജയമായിരുന്നു. This Boy's Life (1992) എന്ന ചിത്രം ശ്രദ്ധിക്കപ്പെട്ടു. വിഖ്യാത നടൻ റോബർട്ട് ഡി നീറോ ആയിരുന്നു ഇതിലെ നായകൻ. 1993 ൽ പുറത്തിറങ്ങിയ What'seating Gilbert grape എന്ന ചിത്രത്തിലൂടെ ഓസ്ക്കാർ അവാർഡ് നോമിനേഷനും ഗോൾഡൻ ഗ്ലോബ് പുരസ്കാരവും പത്തൊമ്പതാമത്തെ വയസ്സിൽ നേടാൻ അയാൾക്ക് കഴിഞ്ഞു. ജോണി ഡെപ്പിന് ഒപ്പം അഭിനയിച്ച ഈ ചിത്രം സാമ്പത്തിക വിജയം ആയിരുന്നു. 1996 ൽ വില്യം ഷേക്സ്പിയറിന്റെ റോമിയോ ആൻഡ് ജൂലിയറ്റ് എന്ന കഥയെ അടിസ്ഥാനപ്പെടുത്തി എടുത്ത സിനിമയിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെടുകയും സിനിമ ഒരു വൻ വിജയമാവുകയും ചെയ്തു.
പിന്നീടാണ് ജെയിംസ് കാമറൂണിന്റെ എക്കാലത്തെയും മികച്ച ഹോളിവുഡ് ചിത്രങ്ങളിൽ ഒന്നായ ടൈറ്റാനിക്കിൽ (1997) അഭിനയിക്കാൻ അവസരം ലഭിക്കുന്നത്. ടൈറ്റാനിക്കിലെ ജാക്ക് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടെ ലോകമെമ്പാടുമുള്ള കോടാനുകോടി ആരാധകരെയാണ് അയാൾ നേടിയെടുത്തത്. ഒരു നടൻ എന്ന നിലയിൽ ലഭിച്ച ഏറ്റവും വലിയ അംഗീകാരം ആയിരുന്നു അത്. നായകനായും ക്രൂരനായ വില്ലനായും വ്യത്യസ്ത വേഷങ്ങളിൽ പിന്നീട് അയാൾ ഹോളിവുഡിൽ തൻറെ ജൈത്രയാത്ര നടത്തി.
ഏവിയേറ്റർ (2005) ബ്ലഡ് ഡയമണ്ട് (2007) വൂൾഫ് ഓഫ് വാൾസ്ട്രീറ്റ് (2014) റവനന്റ് (2016) വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ് (2020) എന്നീ ചിത്രങ്ങൾക്ക് മികച്ച നടനുള്ള ഓസ്കാർ നോമിനേഷനുകൾ നേടിയെടുക്കാനായി . ഇതിൽ റവനന്റിലെ അഭിനയ മികവിന് ഓസ്കാർ വിജയവും നേടി.
പാരിസ്ഥിതിക സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന പ്രശസ്ത വ്യക്തിത്വമാണ് ഡികാപ്രിയോ . ഓസ്കാർ അവാർഡ് സ്വീകരിച്ചതിന് ശേഷമുള്ള പ്രസംഗത്തിൽ അദ്ദേഹം കാലാവസ്ഥ വ്യതിയാനത്തെ കുറിച്ചും പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രത്യേകം പരാമർശിക്കുകയുണ്ടായി. 1998ൽ പാരിസ്ഥിതിക സംരക്ഷണത്തിനായി അദ്ദേഹം ഒരു സംഘടന രൂപീകരിച്ചു. അന്തരീക്ഷ മലിനീകരണത്തിന് എതിരായി അദ്ദേഹം നടത്തിയ പ്രഭാഷണങ്ങളും ഇടപെടലുകളും ശ്രദ്ധേയമായിരുന്നു. ചാരിറ്റി പ്രവർത്തനങ്ങൾക്കായി ദശലക്ഷക്കണക്കിന് ഡോളറുകൾ സംഭാവന നൽകി. പാരിസ്ഥിതിക ദുർബല പ്രദേശങ്ങളുടെ നവീകരണത്തിനായി ലോകമെമ്പാടും 35 പദ്ധതികളാണ് ഡിക്കാപ്രിയോയുടെ ഫൗണ്ടേഷൻ നടപ്പിലാക്കിയിട്ടുള്ളത്. 2014 ഐക്യരാഷ്ട്ര സംഘടന കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള സന്ദേശം പ്രചരിപ്പിക്കുന്ന അംബാസിഡറായി അദ്ദേഹത്തെ നിയോഗിച്ചു. പാരിസ്ഥിതിക സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ലോകം മുഴുവൻ ചർച്ച ചെയ്യപ്പെടാൻ ഡികാപ്രിയോയുടെ സജീവ ഇടപെടലുകളിലൂടെ സാധിച്ചു.
ചെറു പ്രായത്തിൽ തന്നെ സമ്പത്തിന്റെയും പ്രശസ്തിയുടെയും ഉന്നതിയിൽ എത്തിയതിനു ശേഷം നശിച്ചു പോയ നിരവധി താരങ്ങളുള്ള ഹോളിവുഡിൽ വ്യക്തിജീവിതത്തിലും സാമൂഹിക ജീവിതത്തിലും വ്യതിരിക്ത വ്യക്തിത്വമാണ് ലിയനാർഡോ ഡികാപ്രിയോ . വർഷങ്ങളോളം സൂപ്പർതാര പദവിയിൽ പിടിച്ചു നിൽക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. ഓരോ വിജയങ്ങൾക്ക് ശേഷവും അടുത്ത വിജയം ലക്ഷ്യമിട്ടുള്ള പ്രയത്നങ്ങളാണ് ഒരാളെ എക്കാലത്തെയും വലിയ വിജയങ്ങൾ നേടാൻ പ്രാപ്തനാക്കുന്നത്. എനിക്ക് ഇതൊക്കെ മതി എന്ന് ചിന്തിച്ചു തുടങ്ങിയാൽ പിന്നീട് ഒന്നും നേടാൻ ആവില്ല . പ്രവർത്തന മേഖലയിൽ ഓരോ നിമിഷവും സജീവമായി നിലനിൽക്കുന്നതാണ് ഓരോ പ്രൊഫഷണലിന്റെയും വിജയത്തിൻറെ അടിസ്ഥാനം. നാം അംഗീകരിക്കുന്ന ഏതൊരു വ്യക്തിയെ ശ്രദ്ധിച്ചാലും മനസ്സിലാവും അവരെല്ലാം എപ്പോഴും അവരുടെ തൊഴിലിൽ സജീവമായിരിക്കും. തൊഴിലിനോടുള്ള സ്നേഹവും അർപ്പണ മനോഭാവവും ആണ് ഒരാളെ തൻറെ തൊഴിലിൽ സജീവമാക്കുന്നത്.
~ മോൻസി വർഗ്ഗീസ് കോട്ടയം
(9446066314)
No comments:
Post a Comment