ഇരുപതാം നൂറ്റാണ്ട് കണ്ട ഏറ്റവും സ്വാധീനമുള്ള നടന്മാരിൽ ഒരാളാണ് അൽ പച്ചിനോ (Al Pacino). വിഖ്യാതമായ എച്ച്. ബി സ്റ്റുഡിയോയിൽ നിന്നും ആക്ടേഴ്സ് സ്റ്റുഡിയോയിൽ നിന്നും അഭിനയത്തിൽ പരിശീലനം നേടിയതിനു ശേഷമാണ് അൽ പച്ചീനോ സിനിമാഭിനയം തുടങ്ങുന്നത്. ഫ്രാൻസിസ് ഫോർഡ് കൊപ്പോളയുടെ പ്രശസ്ത ചലച്ചിത്രം ഗോഡ് ഫാദറിലെ (1972) മൈക്കിൾ കോർലിയോൺ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് അൽ പച്ചിനോ പ്രശസ്തിയിലേക്ക് ഉയരുന്നത്. ഇതേ കഥാപാത്രത്തെ ഗോൾഡ് ഫാദറിന്റെ രണ്ടും മൂന്നും പാർട്ടുകളിലും (1974, 1990) അദ്ദേഹം അവതരിപ്പിച്ചു.
ഇറ്റാലിയൻ അമേരിക്കൻ മാതാപിതാക്കളുടെ മകനായി 1940 ഏപ്രിൽ 25ന് ന്യൂയോർക്കിൽ ജനനം. അദ്ദേഹത്തിന് രണ്ടു വയസ്സുള്ളപ്പോൾ മാതാപിതാക്കൾ വേർപിരിഞ്ഞു. പിന്നീട് അമ്മയുടെ മാതാപിതാക്കളുടെ സംരക്ഷണത്തിലായിരുന്നു. സ്കൂൾ പഠനകാലത്ത് ഒരു ബേസ്ബോൾ കളിക്കാരൻ ആകണം എന്നായിരുന്നു ആഗ്രഹം. പഠനത്തിൽ പിന്നിലായിരുന്ന അൽ പച്ചീനോ ഇംഗ്ലീഷ് ഒഴികെ മറ്റെല്ലാ വിഷയങ്ങൾക്കും പതിവായി തോൽക്കുമായിരുന്നു. എന്നാൽ അഭിനയത്തിൽ മിടുക്കനായിരുന്നു പച്ചീനോയ്ക്ക് ഹൈസ്കൂൾ ഓഫ് പെർഫോമിങ് ആർട്സിൽ പ്രവേശനം ലഭിച്ചു. മകൻ അഭിനയം പഠിക്കാൻ പോകുന്നത് അമ്മയ്ക്ക് ഇഷ്ടമായിരുന്നില്ല. അമ്മയുമായി കലഹിച്ച് വീടുവിട്ടിറങ്ങിയ ചെറുകിട ജോലികൾ ചെയ്തു കൊണ്ട് അഭിനയം പരിഗീലിക്കാനുള്ള പണം കണ്ടെത്തി.
പിതാവിൻറെ സംരക്ഷണം ഇല്ലാതെ, മാതാവിനെ അനുസരിക്കാതെ വളർന്ന പച്ചിനോ ചെറുപ്പം മുതലേ വഴിപിഴച്ച ജീവിതമാണ് നയിച്ചു വന്നത്. കേവലം 9 വയസ്സ് മാത്രം ഉള്ളപ്പോൾ പുകവലിയും മദ്യപാനവും തുടങ്ങി. അതുകൂടാതെ കഞ്ചാവ് വലിക്കുന്ന ശീലവും. സ്കൂളിൽ ഒരു പ്രശ്നക്കാരൻ ആയ വിദ്യാർത്ഥിയായിരുന്നു പച്ചിനോ . തൻറെ ഉറ്റ മിത്രങ്ങൾ മയക്കുമരുന്ന് ദുരുപയോഗത്തെ തുടർന്ന് 19 ആമത്തെയും 31മത്തെയും വയസ്സിൽ മരണപ്പെട്ടത് അയാൾക്ക് ഒരു ആഘാതം ആയിരുന്നു. മയക്കുമരുന്ന് ഉപയോഗത്തിൽ നിന്നും വിട്ടുനിൽക്കാൻ ഇതൊരു പ്രേരണ ആയി . എന്നാൽ 1977 വരെ അയാൾ ഒരു സ്ഥിരം മദ്യപാനി ആയിരുന്നു. മദ്യപാനം മൂലം താൻ അനുഭവിച്ച ഒരു വിഷമഘട്ടം വർഷങ്ങൾക്ക് ശേഷം അദ്ദേഹം വിവരിക്കുകയുണ്ടായി. 1973 ൽ സെർപിക്കോ എന്ന ചിത്രത്തിലെ അഭിനയത്തിന് പച്ചിനോക്ക് മികച്ച നടനുള്ള ഓസ്കാർ നോമിനേഷൻ ലഭിച്ചു. അവാർഡ് ദാന ചടങ്ങിന് എത്തിയ അദ്ദേഹംതനിക്ക് അവാർഡ് ലഭിച്ചാൽ വേദിയിൽ എങ്ങനെ കയറി നിൽക്കും എന്ന ഭയപ്പാടിൽ ആയിരുന്നു. മദ്യപിച്ച് യാതൊരു വെളിവും ബോധവുമില്ലാതെ ആയിരുന്നു ആ ചടങ്ങിൽ എത്തിയിരുന്നത്. എന്നാൽ അന്ന് മികച്ച നടനുള്ള അവാർഡ് ലഭിച്ചത് വിഖ്യാത നടൻ ജാക്ക് ലമോണിന് ആയിരുന്നു. അത്യാഹ്ലാദത്തോടെ ഏറ്റവും വലിയ കരഘോഷം മുഴക്കിയത് താനായിരുന്നു എന്ന് പിന്നീട് പച്ചിനോ പറഞ്ഞു. വലിയ ഒരു ദുരന്ത ഘട്ടം ഒഴിവായതിന്റെ ആഹ്ലാദ പ്രകടനം ആയിരുന്നു അത്. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ദൂഷ്യവശങ്ങൾ തിരിച്ചറിഞ്ഞ അദ്ദേഹം പിന്നീട് അതിൽ നിന്നും പൂർണമായും വിമുക്തനായി.
1962 ൽ തൻറെ 22 മത്തെ വയസ്സിൽ മാതാവും മുത്തച്ഛനും മരിച്ചതോടെ പച്ചിനോ അനാഥത്വത്തിന്റെ ഭാരം താങ്ങിയായിരുന്നു ജീവിച്ചിരുന്നത്. സ്റ്റേജും അഭിനയവും ആയിരുന്നു അയാൾക്ക് ആശ്വാസവും സംതൃപ്തിയും നൽകിയിരുന്നത്. എച്ച് ബി സ്റ്റുഡിയോയിലെ നാലുവർഷത്തെ പഠനത്തിനു ശേഷം ആക്ടേഴ്സ് സ്റ്റുഡിയോയിൽ അംഗത്വം ലഭിച്ചു. പ്രൊഫഷണൽ നടന്മാരുടെയും സംവിധായകരുടെയും നാടക രചയിതാക്കളുടെയും സംഘടനയാണ് ആക്ടേഴ്സ് സ്റ്റുഡിയോ . ആക്ടേഴ്സ് സ്റ്റുഡിയോയിലെ അംഗത്വം കൂടുതൽ അവസരങ്ങൾ ലഭിക്കാൻ ഇടയാക്കി. പ്രശസ്ത അഭിനയപരിശീലകൻ സ്ട്രാസ് ബർഗിന്റെ ശിക്ഷണത്തിൽ മെത്തേഡ് ആക്റ്റിങ്ങിൽ പച്ചിനോ വിദഗ്ധനായി. അദ്ദേഹത്തിൻറെ അഭിനയ ജീവിതത്തിൽ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തിയാണ് സ്ട്രാസ്ബർഗ് .
അഭിനയ കളരികളിലൂടെ നടനത്തിൻറെ മർമ്മമറിഞ്ഞ പച്ചിനോ നാടകങ്ങളിലൂടെ സ്റ്റേജുകളിലെ താരമായി. ചലച്ചിത്ര രംഗത്ത് സൂപ്പർ താരമായി അറിയപ്പെടുമ്പോഴും നാടകങ്ങളിലും ടെലിവിഷൻ സീരിയലുകളിലും അദ്ദേഹം അഭിനയിച്ചു. അഭിനയത്തോടുള്ള ഭ്രമമാണ് പച്ചിനോയെ സൂപ്പർതാരം ആക്കിയത്. ചലച്ചിത്ര അഭിനയരംഗത്തു നിന്നും ഏറ്റവും മികച്ച നടനുള്ള ഓസ്കാർ പുരസ്കാരം നേടിയത് പോലെ നാടക രംഗത്തെ ഓസ്കാർ എന്നറിയപ്പെടുന്ന ടോണി അവാർഡ് രണ്ടു തവണയും ടെലിവിഷൻ രംഗത്തെ പരമോന്നത പുരസ്കാരമായ എമ്മി അവാർഡ് രണ്ടുതവണയും നേടിയെടുത്ത് " ട്രിപ്പിൾ ക്രൗൺ ഓഫ് ആക്ടിംഗ് " കരസ്ഥമാക്കിയ അപൂർവം ചില പ്രതിഭകളിൽ ഒരാളാണ് അദ്ദേഹം. അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് അടക്കം നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. 9 ഓസ്കാർ നോമിനേഷനുകളും 19 ഗോൾഡൻ ഗ്ലോബ് നോമിനേഷനുകളും ലഭിച്ച പച്ചിനോ ഒരു ബാഫ്ത പുരസ്കാരവും രണ്ട് സ്ക്രീൻ ആക്ടേഴ്സ് ഗിൽഡ് പുരസ്കാരങ്ങളും കരസ്ഥമാക്കി. 1967 മുതൽ 1970 വരെ പ്രൊഫഷണൽ നാടകവേദികളിൽ സജീവമായിരുന്ന അദ്ദേഹത്തിന് 1969ലും 1970 ലും തുടർച്ചയായി രണ്ട് ടോണി പുരസ്കാരങ്ങൾ ലഭിച്ചു.
1969ൽ ' മീ നതാലി ' എന്ന ചിത്രത്തിലെ ഒരു ചെറു റോളിലൂടെയാണ് സിനിമാ അഭിനയരംഗത്ത് എത്തുന്നത്. 1971 ൽ ' പാനിക്ക് ഇൻ നീഡിൽ പാർക്ക് ' എന്ന ചിത്രത്തിൽ ഒരു മയക്കുമരുന്ന് അടിമയായ ഒരു ചെറുപ്പക്കാരന്റെ വേഷം തകർത്തഭിനയിച്ച പച്ചിനോയുടെ അഭിനയം വിഖ്യാത സംവിധായകനായ ഫ്രാൻസിസ് ഫോർഡ് കൊപ്പോളയുടെ ശ്രദ്ധയിൽപ്പെട്ടു. എക്കാലത്തെയും വിശ്വവിഖ്യാത ചലച്ചിത്രമായ ഗോഡ് ഫാദറിലേക്ക് വഴിയൊരുങ്ങിയത് അങ്ങനെയാണ്. അതുല്യ നടൻ മർലണ് ബ്രാണ്ടോയ്ക്കൊപ്പം മൈക്കിൾ കൊർലിയൺ എന്ന കഥാപാത്രമായി തകർത്ത് അഭിനയിച്ച പച്ചീനോ ഈ ചിത്രത്തിലൂടെ സൂപ്പർ താരമായി. അക്കാലത്തെ മികച്ച പല നടന്മാരെയും മൈക്കിൾ കൊർലിയൺ എന്ന കഥാപാത്രത്തിന് വേണ്ടി പരിഗണിച്ചിരുന്നു എങ്കിലും സംവിധായകനായ കെപ്പോളക്ക് പച്ചീനോയിൽ ആയിരുന്നു വിശ്വാസം. ഹോളിവുഡ് സിനിമ ചരിത്രത്തിലെ ഏറ്റവും മികച്ച ചില അഭിനയ മുഹൂർത്തങ്ങൾ ആയിരുന്നു പച്ചീനോ ഈ ചിത്രത്തിലൂടെ ചലച്ചിത്ര പ്രേമികൾക്ക് സമ്മാനിച്ചത്. ഗോഡ് ഫാദർ സിനിമയിൽ പച്ചീനോ അവതരിപ്പിച്ച കഥാപാത്രത്തെ അനുകരിച്ചാണ് തങ്ങൾ നടന്മാരായതെന്ന് പിന്നീട് പല ഹോളിവുഡ് താരങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്. ഗോഡ് ഫാദറിലെ അഭിനയത്തിന് ഏറ്റവും മികച്ച സഹനടനുള്ള ഓസ്കാർ നോമിനേഷൻ ലഭിച്ചു എങ്കിലും അദ്ദേഹം പുരസ്കാര ചടങ്ങ് ബഹിഷ്കരിച്ചു. തന്നെ ഏറ്റവും മികച്ച നടനായി പരിഗണിക്കേണ്ടതിനു പകരം സഹനടനായി മാത്രം പരിഗണിച്ചതിലുള്ള പ്രതിഷേധം മൂലമായിരുന്നു ആ ബഹിഷ്കരണം.
1973ല്‍ ജീന്‍ ഹാക്മാന് ഒപ്പം അഭിനയിച്ച ' സ്കെയർ ക്രോ ' കാൻ ചലച്ചിത്രോത്സവത്തിലെ മികച്ച ചിത്രമായി. അതേ വർഷം അഭിനയിച്ച സെർപിക്കോ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ഓസ്കാർ നോമിനേഷൻ ലഭിച്ചു. 9 തവണ ഓസ്കാർ നോമിനേഷനുകൾ ലഭിച്ചുവെങ്കിലും 1992 ൽ പുറത്തിറങ്ങിയ സെൻറ് ഓഫ് എ വുമൺ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അദ്ദേഹത്തിന് ഏക ഓസ്കാർ പുരസ്കാരം ലഭിക്കുന്നത്. അന്ധനായ ഒരു ആർമി ലഫ്റ്റനന്റ് ആയാണ് അദ്ദേഹം ഈ ചിത്രത്തിൽ അഭിനയിച്ചത്. 1969ൽ സിനിമയിൽ അഭിനയിച്ചു തുടങ്ങുന്നത് മുതൽ പലതവണ ഉയർച്ച താഴ്ചകളിലൂടെ ആയിരുന്നു അദ്ദേഹത്തിൻറെ കരിയർ മുമ്പോട്ട് പോയത്.
അഞ്ചു പതിറ്റാണ്ടുകൾ ഏറെയുള്ള അഭിനയ ജീവിതത്തിനിടയിൽ നിരവധി അവിസ്മരണീയ കഥാപാത്രങ്ങളെയാണ് അദ്ദേഹം സൃഷ്ടിച്ചിട്ടുള്ളത്. ഗോഡ് ഫാദറിന്റെ മൂന്നു പാർട്ടുകളിലായി തിളങ്ങിയ മൈക്കിൾ കൊർലിയൻ തന്നെയാണ് അതിൽ പ്രമുഖം. 1974ലെ ഗോഡ് ഫാദറിന്റെ രണ്ടാം പാട്ടിലൂടെ മൂന്നാമത്തെയും 1975 ൽ ഡോഗ് ഡേ ആഫ്റ്റർനൂൺ എന്ന ചിത്രത്തിലൂടെ നാലാമത്തെയും ഓസ്കാർ നോമിനേഷനുകൾ ലഭിച്ചു. ഒരു ബാങ്ക് കൊള്ളക്കാരന്റെ വേഷമായിരുന്നു ഡോഗ് ഡേ ആഫ്റ്റർ നൂൺ എന്ന ചിത്രത്തിൽ അദ്ദേഹം അവതരിപ്പിച്ചത്. ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ളതായിരുന്നു ഈ ചിത്രം . 1979 ൽ ആൻഡ് ജസ്റ്റിസ് ഫോർ ഓൾ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള അടുത്ത ഓസ്കാർ നോമിനേഷൻ അദ്ദേഹത്തെ തേടിയെത്തി. പിന്നീട് 1983ല്‍ പുറത്തിറങ്ങിയ സ്കാർഫേസ് എന്ന സൂപ്പർ ചിത്രം പുറത്തിറങ്ങും വരെ പച്ചിനോ അഭിനയിച്ച ചിത്രങ്ങളൊക്കെയും വൻ പരാജയം ഏറ്റുവാങ്ങി. ടോണി മൊണ്ടാന എന്ന ക്യൂബൻ മയക്കുമരുന്ന് അധോലോക നായകനെ ത്രസിപ്പിക്കുന്ന പ്രകടനങ്ങളിലൂടെ വെള്ളിത്തിരയിൽ അവിസ്മരണം ആക്കിക്കൊണ്ട് സ്കാർഫേസ് കളക്ഷൻ റെക്കോർഡുകൾ സൃഷ്ടിച്ചു. എന്ത് ക്രൂരതയും ചെയ്യാൻ അറപ്പും മടിയുമില്ലാത്ത നായക കഥാപാത്രത്തെ തേടിയെത്തിയത് ഗോൾഡൻ ഗ്ലോബ് പുരസ്കാരം ആയിരുന്നു.
റവല്യൂഷൻ(1985) എന്ന സിനിമ ഒരു വമ്പൻ പരാജയമായതോടെ പിന്നീടുള്ള നാലു വർഷക്കാലം അദ്ദേഹം സിനിമയിൽ നിന്നും വിട്ടു നിന്നു . എന്നാൽ ഈ കാലയളവിൽ അദ്ദേഹം നാടകരംഗത്ത് സജീവമാവുകയും തൻറെ പ്രതിഭ മാറ്റുരച്ചടുക്കുകയും ചെയ്തു. അഭിനയിക്കാൻ സിനിമ തന്നെ വേണം എന്ന് നിർബന്ധമൊന്നും അദ്ദേഹത്തിനില്ലായിരുന്നു. നാലുവർഷത്തെ ഇടവേളയ്ക്കുശേഷം 1989 ൽ ' സീ ഓഫ് ലവ് ' എന്ന വിജയ ചിത്രത്തിലൂടെ അദ്ദേഹം സിനിമയിലേക്ക് മടങ്ങി എത്തി. പിന്നീട് തുടർച്ചയായ വിജയ ചിത്രങ്ങളിലൂടെ അദ്ദേഹം തൻറെ ്് സജീവസാന്നിദ്ധ്യം ഹോളിവുഡിൽ ഉറപ്പിച്ചു. ഡിക്ക് ട്രേസി (1990) ഹീറ്റ് (1995) ഡോണി ബ്രാസ്ക്കോ (1997) ഡെവിൾസ് അഡ്വക്കേറ്റ് (1997) ഇൻസോമിനിയ (2000) ഓഷ്യൻസ് 13 (2007) ജാക്ക് ആൻഡ് ജില്‍ (2011) തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെയുള്ള ഒരു ജൈത്രയാത്രയായിരുന്നു പിന്നീട് .
പച്ചിനോക്ക് ഒപ്പമുള്ള അഭിനയം സഹതാരങ്ങൾക്ക് പോലും ആവേശമാണ്. ജോണി ഡപ്പ് അടക്കം നിരവധി താരങ്ങൾ ആരാധനയോടെ കാണുന്ന അനുകരണീയ നടനാണ് പച്ചിനോ . 1997 ൽ ഡോണി ബ്രാസ്കോ എന്ന ചിത്രത്തിൽ പച്ചിനോ ഒത്തുള്ള അഭിനയ അനുഭവങ്ങൾ ഏറെ ആദരവോടും അഭിമാനത്തോടെയും ആണ് ഡെപ്പ് സ്മരിക്കാറുള്ളത്.
2019 ൽ ബ്രാഡ് പിറ്റിനും ഡികാപ്രിയോക്കും ഒപ്പം വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ് എന്ന ചിത്രത്തിലും അതേ വർഷം റോബർട്ട് ഡിനീറോയ്ക്കും ജോ പെസിക്കുമോപ്പം ഐറിഷ് മാനിലും അഭിനയിച്ചു. ഇവ രണ്ടും മികച്ച പ്രേക്ഷക പ്രശംസ നേടിയ ചിത്രങ്ങൾ ആയിരുന്നു. യു ഡോണ്ട് നോ ജാക്ക് (2010) ഫിൽ സ്പെക്ടർ (2013) പറ്റേർണോ (2018) എന്നീ ടെലിവിഷൻ സിനിമകളിലും അദ്ദേഹം മികച്ച അഭിനയം കാഴ്ചവച്ചു.
അവിവാഹിതനായ പച്ചിനോ തന്റെ സ്വകാര്യ ജീവിതം മാധ്യമങ്ങൾക്കു മുമ്പിൽ വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത വ്യക്തിയാണ്. ആർഭാട ജീവിതത്തിൽ തീരെ താൽപര്യം ഇല്ലാത്ത അദ്ദേഹത്തിൻറെ എക്കാലത്തെയും വലിയ പ്രണയം അഭിനയത്തോട് മാത്രമാണ്.
~ മോൻസി വർഗ്ഗീസ് കോട്ടയം
(9446066314)
No comments:
Post a Comment