ആറു ദശാബ്ദങ്ങളോളം ഹോളിവുഡ് സൂപ്പർതാരമായി പ്രേക്ഷക ഹൃദയം കീഴടക്കിയ അപൂർവ്വം വ്യക്തിത്വങ്ങളിൽ ഒരാളാണ് ഹാരിസൺ ഫോർഡ് . സ്റ്റാർ വാർസ് സിനിമകളിലൂടെ സൂപ്പർതാരമായ ഹാരിസൺ ഇന്ത്യാനാ ജോൺസ് സീരീസ് സിനിമകളിലൂടെ ലോകമെമ്പാടും കോടാനുകോടി ആരാധകരെ സൃഷ്ടിച്ചു. സാമൂഹ്യ വിഷയങ്ങളിൽ സജീവമായി ഇടപെടുന്ന അദ്ദേഹത്തിന് അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ് അടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. പാരിസ്ഥിതിക വിഷയങ്ങളിൽ അദ്ദേഹം നൽകിയ സംഭാവനകളെ മാനിച്ച് രണ്ട് ജീവിവർഗ്ഗത്തിന് അദ്ദേഹത്തിൻറെ പേര് നൽകിയിട്ടുണ്ട്. 1993 കണ്ടെത്തിയ ഒരു ചിലന്തി വർഗ്ഗത്തിന് Calponia harrisonfordi എന്നും 2002 കണ്ടെത്തിയ ഒരു പുതിയ ഉറുമ്പ് വർഗ്ഗത്തിന് Pheidole harrisonfordi എന്നും നാമകരണം ചെയ്തിട്ടുണ്ട്.
1992 മുതൽ പരിസ്ഥിതി സംരക്ഷണത്തിനായി വാദിക്കുന്ന ഹാരിസൺ ഫോർഡ് 28 രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന കൺസർവേഷൻ ഇൻറർനാഷണൽ എന്ന പാരിസ്ഥിതിക സംഘടനയുടെ ഉപാധ്യക്ഷൻ ആണ് . ഈ സംഘടന 77 രാജ്യങ്ങളിലെ ആറ് ദശലക്ഷത്തോളം കിലോമീറ്റർ വരുന്ന കരയിലെയും കടലിലെയും പാരിസ്ഥിതിക സംരക്ഷണ പ്രവർത്തനങ്ങൾക്ക് സഹായം നൽകി വരുന്നു. ആമസോൺ മഴക്കാടുകളുടെ വ്യാപകമായ നശീകരണത്തിനെതിരെ 2019 ൽ ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ സമ്മേളനത്തിൽ ഹാരിസൺ ഫോർഡ് നടത്തിയ പ്രഭാഷണം ലോക ശ്രദ്ധ ആകർഷിച്ചതാണ്. അതിശക്തമായ ഭാഷയിൽ ആയിരുന്നു അദ്ദേഹത്തിൻറെ പ്രതികരണം.
സ്കൂൾ പഠനകാലത്ത് സ്കൗട്ട് പ്രസ്ഥാനത്തിൽ സജീവമായി പ്രവർത്തിച്ചിരുന്ന ഫോർഡ് ഈ സംഘടനയുടെ ഉന്നത പദവികൾ വഹിച്ചിരുന്നു. തന്റെ വ്യക്തിത്വ രൂപീകരണത്തിനും നേതൃത്വശേഷി വികസിപ്പിക്കുന്നതിനും സ്കൗട്ട് പ്രസ്ഥാനത്തിലെ അനുഭവപരിചയം ഏറെ സഹായകമായി എന്ന് അദ്ദേഹം പറയുന്നു. ഇന്ത്യാന ജോൺസ് ആൻഡ് ലാസ്റ്റ് ക്രൂസേഡ് (1989) എന്നാൽ ചിത്രത്തിൽ ഇന്ത്യ ജോൺസിന്റെ ചെറുപ്പകാലം ഒരു സ്കൗട്ട് ലീഡർ ആയാണ് സംവിധായകൻ സ്റ്റീവൻ സ്പിൽബർഗ് അവതരിപ്പിക്കുന്നത്. കോളേജ് പഠനകാലത്ത് നാണവും സഭാകമ്പവും മാറുന്നതിനായാണ് നാടക ക്ലാസുകളിൽ ചേരുന്നത്. പിന്നീട് അദ്ദേഹം അഭിനയം തൻറെ തൊഴിലായി തിരഞ്ഞെടുത്തു.
1964 ൽ ഇരുപത്തിരണ്ടാമത്തെ വയസ്സിൽ ലോസ് ഏഞ്ചൽസിൽ എത്തിയ അദ്ദേഹം റേഡിയോ നിലയങ്ങളിൽ തൊഴിൽ തേടിയെങ്കിലും നിരാശയായിരുന്നു ഫലം. പരിശ്രമങ്ങൾക്കൊടുവിൽ കൊളംബിയ പിച്ചേഴ്സ് 150 ഡോളർ ആഴ്ച വേതനത്തിന് അപ്രധാന റോളുകളിൽ പ്രത്യക്ഷപ്പെടുന്ന എക്സ്ട്രാ നടൻറെ ജോലി നൽകി. വല്ലപ്പോഴും സ്ക്രീനിൽ വന്നു പോകുന്ന അപ്രധാന റോളുകളിൽ ആയിരുന്നു ആദ്യകാലത്തെ അഭിനയം . 1966 ൽ മാത്രമാണ് സംഭാഷണം ഉള്ള ഒരു ചെറിയ റോൾ ലഭിക്കുന്നത്. 1973 വരെയുള്ള അഭിനയ കാലത്ത് ആകെപ്പാടെ ലഭിച്ചത് ആറു സിനിമയിലെ വേഷങ്ങൾ മാത്രം. ഇക്കാലയളവിൽ ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന കുടുംബത്തെ പോറ്റാൻ അദ്ദേഹം നന്നേ ക്ലേശിച്ചു. വരുമാനമാർഗ്ഗത്തിനായി ഫോർഡ് മരപ്പണി പഠിച്ച് കുറേക്കാലം കാർപെന്ററായി ജോലി ചെയ്തു. അതിനിടെ സംവിധായകൻ ജോർജ് ലൂക്കാസിനെ പരിചയപ്പെടാൻ ഇടയായത് കരിയറിൽ ഒരു വഴിത്തിരിവിന് ഇടയായി. ലൂക്കാസിന്റെ അമേരിക്കൻ ഗ്രാഫിറ്റി (1973) എന്ന സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചതോടെ അവർ തമ്മിൽ ആത്മ മിത്രങ്ങളായി. പിന്നീട് 1977 ൽ പുറത്തിറങ്ങിയ സ്റ്റാർ വാർസ് മുതൽ ഇവർ ഒരുമിച്ച ചിത്രങ്ങൾ ഒക്കെയും ലോകോത്തര ഹിറ്റുകളായി മാറി. സ്റ്റാർ വാർസ് എക്കാലത്തെയും മികച്ച കളക്ഷൻ നേടിയ ചിത്രങ്ങളിൽ ഒന്നാണ്.
1981 ൽ ഫിലിപ്പ് കൗമാനും ജോർജ് ലൂക്കാസും ചേർന്ന് കഥ എഴുതി സ്പിൽബർഗ് സംവിധാനം ചെയ്ത റേഡേഴ്സ് ഓഫ് ലോസ്റ്റ് ആർക്ക് എന്ന ആക്ഷൻ അഡ്വഞ്ചർ ചിത്രത്തിലെ ഇന്ത്യാനാ ജോൺസ് എന്ന കഥാപാത്രം സിനിമയുടെ ചരിത്രത്തിൽ തന്നെ ഏറെ ഖ്യാതി നേടിയ ഹീറോയാണ്. നിരവധി നോവലുകളും കോമിക്കുകളും വീഡിയോ ഗെയിമുകളും ഈ കഥാപാത്രത്തെ കേന്ദ്രീകരിച്ച് പിന്നീട് പുറത്തിറങ്ങി. ഹാരിസൺ ഫോർഡ് നായകനായി ഈ ചിത്രത്തിൻറെ തുടർച്ചയായി പുറത്തിറങ്ങിയ എല്ലാ ഭാഗങ്ങളും ലോകമെമ്പാടും വമ്പൻ ജനപ്രീതി നേടി.
Moncy Varghese Kottayam
(9446066314)
No comments:
Post a Comment